Wednesday, October 28, 2009

ഒരു അച്ഛനും മകളും ...!!!

ഒരു അച്ഛനും മകളും ...!!!

അപകടത്തില്‍ പരുക്ക് പറ്റി ഗുരുതാവസ്ഥയില്‍ കഴിയുന്ന ഒരു സുഹൃത്തിനെ കാണാനാണ് ഞങ്ങള്‍ എല്ലാവരും അപ്പോള്‍ ആ ആശുപത്രിയില്‍ പോയത്. അവിടെയെത്തി അവനെ കണ്ടു മടങ്ങാന്‍ നേരത്താണ് മറ്റൊരു അപകടത്തില്‍ പരുക്കുപറ്റിയ നിരവധിപേരെ അങ്ങോട്ട്‌ കൊണ്ട് വന്നത്. അവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കെ, അവര്‍ക്ക് രക്തവും വേണമെന്ന് പറഞ്ഞു. പൊതു ഗ്രൂപ്പില്‍ പെട്ടതായതിനാല്‍ എന്റെ രക്തത്തിന് അങ്ങിനെ അത്യാവശ്യമൊന്നും വരാറില്ല. പക്ഷെ ആ സമയത്ത് ആശുപത്രി അധികൃധര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനും സുഹൃത്തുക്കളും രക്തവും നല്‍കി.

നല്ല ബഹളമായിരുന്നു അവിടെ എല്ലാം കൂടി. നാട്ടുകാരും പോലീസും പത്രക്കാരും. അതിനിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ബന്ധുക്കളുടെ നിലവിളികളാണ് സഹിക്കാന്‍ കഴിയാത്തത്. ഉറ്റവരെ തേടിയുള്ള പരക്കം പാച്ചിലുകള്‍. വേദനയുടെ മുഖം ഇത്ര പരുഷമായി കാണപ്പെടുക ചിലപ്പോള്‍ ഇവിടെയൊക്കെയാകും. ഒരു ചെറിയകാര്യം ചെയ്യുമ്പോഴേക്കും ഉറക്കെ വിളിച്ചു പറയുന്ന ഞാനൊക്കെ , അവിടെ മറ്റുള്ളവര്‍ ചെയ്യുന്ന സഹായം കണ്ടു നാണിച്ചു നിന്നുപോയി. കയ്യും മെയ്യും മറന്നാണ് ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുന്നത്.

എല്ലാം ഒട്ടൊന്നു ശാന്തമായിട്ടാണ് പിന്നെ ഞങ്ങള്‍ അവിടുന്ന് പോരാന്‍ തുടങ്ങിയത്. അതിനിടയില്‍ ഒന്നുകൂടി സുഹൃത്തിനെ പോയികണ്ട്, അവനു വേണ്ടതൊക്കെ ഒന്നുകൂടി അന്വേഷിച്ച് ഞങ്ങള്‍ തിരിച്ചു പോരാന്‍ തീരുമാച്ചു. അവിടുന്ന് ഇറങ്ങി പുറത്തുകൂടി വരവെ, ഒരു വയസ്സായ അപ്പൂപ്പന്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യും പിടിച്ചു തപ്പിത്തടഞ്ഞു നടക്കുന്നത് കണ്ടു. നോക്കിയപ്പോള്‍, പാവം പെണ്‍കുട്ടിക്ക് കണ്ണ്കാണുകയുമില്ല . ചെറിയ കുട്ടി എന്ന് പറഞ്ഞാല്‍ ഒരു എട്ടു വയസ്സ് കാണും അവള്‍ക്കു. കീറിയ പഴയ വസ്ത്രങ്ങളണിഞ്ഞ അവളെ കണ്ടാലെ അറിയാം അവളുടെ ദാരിദ്ര്യം.

പക്ഷെ ആ അപ്പൂപ്പനാകട്ടെ പഴയതെങ്കിലും നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു. മാന്യമായ പെരുമാറ്റം. ഒരു പ്രത്യേക തേജസ്സു അദ്ധേഹത്തിന്റെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നു. വഴിയറിയാതെ ഉഴലുന്ന അദ്ധേഹത്തിന്റെ അടുത്ത് ഞങ്ങള്‍ ചെന്ന് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു, തെരുവില്‍ വളരുന്ന ആ പെണ്‍കുട്ടിക്ക് അദ്ധേഹത്തിന്റെ കണ്ണുകളിലൊന്നു ദാനം ചെയ്യാന്‍ എത്തിയതാണ് അദ്ദേഹം. അതിനായി, അദ്ധേഹത്തിന്റെ പെന്‍ഷനില്‍ നിന്നുള്ള തുകയും കരുതിയിട്ടുണ്ട്. പക്ഷെ അദ്ദേഹതിനറിയില്ല ഏത് സ്ഥലത്താണ് അതിനായി പോകേണ്ടതെന്നും എന്താണ് അതിനായി ചെയ്യേണ്ടതെന്നും. ഒരു നിമിഷം അത്ബുധതോടെ നിന്ന ഞങ്ങള്‍ ഈലോകത്തില്‍, അദ്ധേഹത്തിന്റെ ആ വലിയ മനസ്സിനെ സാഷ്ട്ടാംഗം പ്രണമിച്ചു ...!!!

ഒരു പരീക്ഷ ....!!!

ഒരു പരീക്ഷ ....!!!

വിദ്യാഭ്യാസ യോഗ്യത തികയില്ലെങ്കിലും പ്രവര്‍ത്തി പരിചയം വെച്ചാണ് ഞാന്‍
ആ അവസരത്തിന് അപേക്ഷ അയച്ചത്. നല്ലൊരു സ്വകാര്യ സ്ഥാപനം. നല്ല പൊസിഷന്‍.
നല്ല ശമ്പളം. അഭിമുഖത്തിന് മുന്‍പ് ഒരു എഴുത്ത് പരീക്ഷയുണ്ട്. അതിനു
പോലും എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷെ എനിക്ക്
എഴുതുകിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിച്ചു. അങ്ങിനെ എഴുത്ത് പരീക്ഷ
കഴിഞ്ഞു. ആഗ്രഹമുണ്ടെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നിട്ടും അവരെന്നെ അഭിമുഖത്തിനും ക്ഷണിച്ചു. അവരുടെ വേറെയും അവസരങ്ങല്‍ക്കായുള്ള അഭിമുഖങ്ങള്‍ അപ്പോള്‍ തന്നെയാണ് നടക്കുന്നതെന്നും, അതുകൊണ്ട് ഓഫീസിലെത്തി അന്വേഷിച്ചാല്‍ സ്ഥലം പറഞ്ഞു തരുമെന്നും അവര്‍ എന്നെ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി, നല്ല തയ്യാറെടുപ്പോടെയാണ് ഞാന്‍ അന്ന് പുറപ്പെട്ടത്‌. കുറച്ചധികം ദൂരമുള്ളതിനാല്‍ നേരത്തെ ഇറങ്ങി. കഴിയുന്നതും രണ്ടുമണിക്കൂര്‍ എങ്കിലും മുന്‍പേ എത്തണം എന്നാണു കരുതിയത്‌. മോഹങ്ങളല്ലല്ലോ ജീവിതം. പകുതി വഴിയില്‍ എത്തിയപ്പോള്‍ അപ്രഖ്യാപിത ബസ്‌ സമരം. റോഡ്‌ പോലും ഉപരോധിചിരിക്കുന്നു. മുന്നോട്ടു പോകാന്‍ ഒരു വഴിയുമില്ല. കാത്തു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍, ഇറങ്ങി മുന്നോട്ട് ഓടി. സമരം വ്യാപിക്കും മുന്‍പ് മുന്നിലെ സ്ഥലത്തെത്തിയാല്‍ അവിടുന്ന് വണ്ടി കിട്ടാന്‍ സാധ്യതയുണ്ടല്ലോ.

വിചാരിച്ചപോലെ, കുറച്ചധികം ദൂരം ഓടേണ്ടി വന്നെങ്കിലും ഒരു വണ്ടി കിട്ടി. ഏറെ വൈകി അവിടെ എത്തി. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ മൂന്നു സ്ഥലങ്ങളില്‍ അഭിമുഖങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ രണ്ടിടത്ത് എന്റെ പെരുകാരും ഉണ്ട്. എവിടെയെന്നു നിശ്ചയമില്ലെങ്കിലും ഏകദേശം ഒരു ഊഹത്തില്‍ അവിടെ എത്തി. അന്വേഷിച്ചപ്പോള്‍ എന്റെ പേര്‍ ആദ്യമേ വിളിച്ചു കഴിഞ്ഞിരുന്നു. ഇനി അവസാനം വരെ കാത്തിരിക്കണം. ഓട്ടത്തിന്റെ തീവ്രതയില്‍ കാലത്ത് കഴിച്ചതെല്ലാം ദഹിചിരുന്നു. നല്ല വിശപ്പും ദാഹവും. എന്തെങ്കിലും കഴിക്കാം എന്ന് വെച്ചപ്പോള്‍, തൊട്ടടുത്തുള്ള ഹോട്ടല്‍ അന്ന് അവധിദിനമായതിനാല്‍ മുടക്കമാണ് . മറ്റൊന്ന് കുറച്ചു ദൂരെയും. അങ്ങോട്ട്‌ പോകാനുള്ള സമയമില്ലാത്തതിനാല്‍, ഓഫീസില്‍ നിന്ന് കിട്ടിയ ഒരു ചായയും കുടിച്ച്‌ കാത്തിരുന്നു.

ഒടുവില്‍ എല്ലാവരും പോയി, എന്റെ ഊഴമായി . നന്നായി പ്രാര്‍ത്ഥിച്ച് ആത്മ വിശ്വാസത്തോടെ അകത്തുകയറി. പക്ഷെ അത് മറ്റൊരു വിഭാഗത്തിനുള്ള അഭിമുഖ സ്ഥലമായിരുന്നു. .....!!!

Tuesday, October 27, 2009

കുടുംബ യാത്ര ....!!!

കുടുംബ യാത്ര ....!!!

മൂന്നു ദിവസത്തെ ലീവിനാണ് ഞാന്‍ അപ്രാവശ്യം നാട്ടില്‍ പോയത്. അതുകൊണ്ട് തന്നെ തിരിച്ചുവരുമ്പോഴും ചെയ്യേണ്ട കാര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ബാക്കി കിടപ്പുണ്ടായിരുന്നു. അങ്ങിനെ ഓടിപ്പിടച്ച്‌ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ നന്നേ വൈകിയിരുന്നു. അവിടുത്തെ തിരക്കില്‍ കാര്യങ്ങളൊക്കെ ചെയ്യാന്‍ നന്നേ പണിപ്പെട്ടു. ബാഗ്‌ തൂക്കി നോക്കിയി ട്ടില്ലാതിരുന്നതിനാല്‍ നല്ലൊരു തുക ലഗ്ഗേജ് ചാര്‍ജ്ജും കൊടുക്കേണ്ടി വന്നു. ഭാര്യ വീട്ടില്‍ നിന്നും എന്റെ വീട്ടില്‍ നിന്നും ഭാര്യക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണ സാധനങ്ങള്‍ തന്നെയാണ് എല്ലാം. അതൊക്കെ ഇവിടെ വാങ്ങിയാല്‍ ഇതിന്റെ പകുതി പൈസയെ ആവുകയുള്ളൂ എങ്കിലും വീട്ടുകാരുടെ സ്നേഹം കൂടിയാകുമ്പോള്‍ അതിന്റെ രുചി കൂടുമല്ലോ.

എല്ലാം കഴിഞ്ഞു ഒടുവില്‍ ഒരു ചായകുടിക്കാന്‍ എത്തിയപ്പോഴാണ് വളരെ നാലിന് ശേഷം ഒരു സുഹൃത്തിനെ അവിടെ കണ്ടത്. അവനോടു നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ സംസാരിച്ചു ചായ പിന്നെയും കുടിച്ചു, അവിടുന്ന് മെല്ലെ വാഷ്‌ റൂമില്‍ പോയി തിരിച്ചെത്തി നല്ലൊരു ഒഴിഞ്ഞ സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു. ചെയ്യാന്‍ വിട്ടുപോയ കാര്യങ്ങള്‍ സുഹൃത്തുക്കളെയും വീട്ടുകാരെയും വിളിച്ചു ഓര്‍മ്മിപ്പിക്കാനും തുടങ്ങി.

അപ്പോഴാണ് കുറച്ചുമാറി ഒരാള്‍ക്കൂട്ടം കണ്ടത്. സാധാരണയില്‍ അവിടെയൊന്നും അങ്ങിനെ ഉണ്ടാകാത്തതിനാല്‍ ഞാന്‍ കാര്യമറിയാന്‍ അങ്ങോട്ട്‌ ചെന്നു. അവിടെ രണ്ടു പെണ്‍കുട്ടികള്‍ ഇരുന്നു കരയുന്നു. തൊട്ടടുത്ത കസേരയില്‍ ചാരിക്കിടക്കുന്ന അച്ചനെ കുലുക്കി വിളിച്ചുകൊണ്ടാണ്‌ അവര്‍ കരയുന്നത്. അവര്‍ക്കടുത്, വേദനയോടെ, എന്തുചെയ്യണമെന്നറിയാതെ അവരുടെ അമ്മയും ഇരുന്നു കരയുന്നു. ആളുകള്‍ അടക്കം പറയുകയും, ചിലര്‍ പരിഹസിച്ചു ചിരിക്കുകയും, ചിലര്‍ ആത്മരോഷം കൊള്ളുകയും ഇനി മറ്റു ചിലര്‍ പോലിസിനെ വിളിക്കാന്‍ പറയുകയും ചെയ്യുന്ന തല്ലാതെ ആരും ഒന്നിനും മുതിരുന്നില്ല.

നോക്കിയപ്പോള്‍ അത് എനിക്ക് അറിയാവുന്ന കുടുംബം. ഞാന്‍ മെല്ലെ അവര്‍ക്കടുത്തു ചെന്നു കാര്യം തിരക്കി. കുട്ടികള്‍ എന്നെ കണ്ടതും കരച്ചില്‍ ഉച്ചത്തിലാക്കി. അവരുടെ വേദന, അവരുടെ വിഷമം എനിക്ക് മനസ്സിലാക്കാമായിരുന്നു. ആ കുട്ടികളുടെ അമ്മയുടെ കാര്യമായിരുന്നു എന്നെ വല്ലാതെ നൊമ്പരപ്പെടുതിയത്. വളരെ മാന്ന്യയായ ആ സ്ത്രീ അത്രയും പേരുടെ മുന്നില്‍ വസ്ത്രമുരിയപ്പെട്ടപോലെ. നാട്ടില്‍ അവധിക്കുവന്നു തിരിച്ചു പോവുകയായിരുന്നു അവര്‍. നന്നേ ക്ഷീണിച്ചിരിക്കുന്ന ആ സ്ത്രീയും കുട്ടികളും എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ അവര്‍ പറയാതെ തന്നെ കാര്യങ്ങളുടെ കിടപ്പ് എനിക്കും മനസ്സിലായി. കസേരയില്‍ ചാരിക്കിടക്കുന്ന്ന ആ കുടുംബനാഥന്‍ നന്നായി മദ്യപിച്ചു ബോധം നഷ്ട്ടപ്പെട്ടിരിക്കുന്നതാണ് .....!!!!


ഒരു രാത്രി യാത്ര....!!!

ഒരു രാത്രി യാത്ര....!!!

രാത്രി വല്ലാതെ ഇരുട്ടിയിട്ടും, ഞങ്ങള്‍ക്ക് അന്ന് തന്നെ മടങ്ങേണ്ട അത്യാവശ്യ മുണ്ടായിരുന്നതുകൊണ്ടാണ് ആ പെരും മഴയത്ത് തന്നെ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചത്. മഴ എന്നാല്‍ പെരുമഴ തന്നെയായിരുന്നു അപ്പോള്‍. ഞാനും ഭാര്യയും കുട്ടികളും എന്റെ ഒരു സുഹൃത്തുമാണ് ഉണ്ടായിരുന്നത്. എന്റെ വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ കാണാന്‍ പോയതായിരുന്നു ഞങ്ങള്‍. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് വീട്ടില്‍ മറ്റൊരു ബണ്ട് അപകടത്തില്‍ പെട്ട് എന്ന്. അങ്ങിനെയാണ് അപ്പോള്‍ തന്നെ തിരിച്ചു വരേണ്ടി വന്നത്. അവന്‍ വണ്ടിയോടിക്കാം എന്ന് പറഞ്ഞതാണ് എനിക്കുണ്ടായിരുന്ന ഏക ധൈര്യം. മോശമായതും അറിയാത്തതുമായ വഴിയും, രാത്രിയിലെ യാത്രയും പോരാത്തതിന് പെരുമഴയും.

എങ്കിലും ഞങ്ങള്‍ യാത്രതുടങ്ങി. വളരെ സാവധാനം നല്ല ശ്രദ്ധയോടെ. കുറച്ചുദൂരം ചെന്നതും മഴ വീണ്ടും ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ പിന്നെയും വേഗത കുറച്ചു. വഴി പിന്നെ പിന്നെ ഇല്ലാതാകുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. സുഹൃത്തുക്കളെയും വീട്ടുകാരെയും ഞങ്ങള്‍ വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നതിനാല്‍, ഇടയ്ക്കിടെ അവര്‍ വിളിച്ചു ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു, ശ്രദ്ധിക്കണമെന്ന്.

കുറച്ചു ദൂരം ചെന്നപ്പോള്‍, വഴിയില്‍ കണ്ട നല്ലൊരു തട്ടുകടയില്‍ നിന്ന് എല്ലാവരും വയറു നിറച്ചു ഭക്ഷണം കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു, പിന്നെയും യാത്ര തുടങ്ങിയതും ഭാര്യയും മക്കളും ഉറക്കത്തിലേക്കു നീങ്ങി. കയ്യില്‍ കരുതിയിട്ടുള്ള ഫ്ലാസ്കിലെ ചായയും കുടിച്ചു ഞാനും സുഹൃത്തും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങി. ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നതിനാല്‍, യാത്ര വിരസമായിരുന്നില്ല. കുറച്ചു ദൂരം കഴിഞ്ഞതും വഴി തീര്‍ത്തും വിജനമായി. റോഡില്‍ വണ്ടികള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. വല്ലപ്പോഴും കടന്നു പോകുന്ന ചരക്കു ലോറികള്‍ മാത്രം.

അങ്ങിനെ പോകവേ പെട്ടെന്നാണ്‌ ഞങ്ങളുടെ വണ്ടി നിന്നത്. പിന്നെ എന്ത് ചെയ്തിട്ടും അത് മുന്നോട്ടു പോകുന്നില്ല. തീര്‍ത്തും വിജനമായ ആ സ്ഥലത്ത് ഞങ്ങള്‍ ശരിക്കും പേടിച്ചുപോയി. ഭാര്യയേയും മക്കളെയും അറിയിക്കാതെ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി ആ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്ന് വണ്ടി ശരിയാക്കാന്‍ വിഫല ശ്രമം നടത്തി. എനിക്കോ അവനോ വണ്ടി ഓടിക്കാമെന്നല്ലാതെ അതിന്റെ യാതൊന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ മെല്ലെ അകത്തുകയറി പറ്റാവുന്ന ദൂരത്തിലുള്ള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അവര്‍ക്ക് ഞങ്ങളുടെ അടുത്തെത്താന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണമായിരുന്നിട്ടും, ആ പെരുമാഴ്യത് അതില്‍ രണ്ടുപേര്‍ ഞങ്ങളെ സഹായിക്കാന്‍ വരാന്‍ തുടങ്ങി.

കാത്തിരിക്കെ, പെട്ടെന്നാണ്‌ ഒരു വണ്ടിയുടെ വെളിച്ചം കണ്ടത്. പുറത്തിറങ്ങി കൈ കാണിച്ചെങ്കിലും അവര്‍ നിര്‍ത്താതെ പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും അകത്തു കയറിയിരുന്നു. കുറച്ചുകൂടി ചായ ഗ്ലാസ്സില്‍ ഒഴിക്കവെ പെട്ടെന്നാണ്‌ ഒരു രൂപം കാറിനടുത്തെത്തുന്നതും ഗ്ലാസ്സില്‍ മുട്ടുന്നതും കണ്ടത്. തെല്ലൊരു അതിശയത്തോടെ പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് മാന്യമായി വസ്ത്രം ധരിച്ച ഒരു മദ്ധ്യ വയസ്കനാണ്. നിര്‍ജ്ജീവമായ മുഖമുള്ള അദ്ദേഹം ഒന്നും ചോദിക്കാതെ ഒന്നും പറയാതെ ഞങ്ങളോട് വണ്ടിയുടെ ബോനട്ട് തുറക്കാന്‍ പറഞ്ഞു. എന്നിട്ട് എഞ്ചിനില്‍ എന്തൊക്കെയോ ചെയ്തിട്ട് വണ്ടി സ്ടാര്ട്ട് ചെയ്യാന്‍ പറഞ്ഞതും എന്റെ സുഹൃത്ത്‌ ചാടിക്കയറി വണ്ടി സ്ടാര്റ്റ്‌ ചെയ്തു. അതിശയം. വണ്ടി ശരിയായിരിക്കുന്നു. ഞാനും അവനും നന്ദിയോടെ അയാളെ നോക്കവേ അവിടം ശൂന്ന്യമായിരുന്നു അപ്പോള്‍.....!!!

Monday, October 19, 2009

കരയുന്ന അമ്മ ....!!!

കരയുന്ന അമ്മ ....!!!

ആ കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ്‌ എല്ലാവരെയും പോലെ ഞങ്ങളും അങ്ങോട്ട്‌ നോക്കിയത്. അന്ന് പതിവിനു വിപരീതമായി ആ തീവണ്ടിയില്‍ തീരെ തിരക്കില്ലാതിരുന്നതിനാല്‍ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ അങ്ങോട്ടായി. അവിടെ ഒരു യുവതിയും അവരുടെ ഭര്‍ത്താവും കൂടെ കരയുന്ന ആ കുട്ടിയും മാത്രം. നന്നായി വസ്ത്രം ധരിച്ചു നല്ല നിലയില്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നാവുന്ന ഒരു കൊച്ചു കുടുംബം.

കുട്ടിയുടെ കരച്ചില്‍ കൊണ്ട് മറ്റുള്ളവരെല്ലാം അവിടുന്ന് മാറിയതാണോ എന്ന് സംശയിക്കതിരുന്നവരും ഇല്ലാതില്ല. കുട്ടിക്ക് ഏകദേശം ഒരു വയസ്സ് പ്രായം കാണും. അതിന്റെ അച്ഛന്‍ അതിനെ എടുത്തു നടക്കുകയും പുറത്തു തട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. കുപ്പിയില്‍ കരുതിയിട്ടുള്ള പാല് കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷെ കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല.

ആ സ്ത്രീയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്. അവയുടെ മുഖം കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ എന്ത് ചെയ്യുകയാണ് എന്ന് കാണുന്നില്ല. അത് കൂടി കണ്ടതോടെ എല്ലാവരുടെയും ആശ്ചര്യം അമര്‍ഷമായി മാറാന്‍ തുടങ്ങി. പലരും പിറുപിറുക്കാനും ചിലര്‍ ഉറക്കെ തന്നെ പറയാനും തുടങ്ങി. ഇതെന്തൊരു സ്ത്രീയാണെന്നും ഇവരൊക്കെ എന്തിനാണ് പ്രസവിക്കുന്നതെന്നും പലരും ആത്മരോഷത്തോടെ ചോദിക്കാന്‍ തുടങ്ങി. കുട്ടിയെ അമ്മക്ക് കൊടുക്കാന്‍ ചിലര്‍ ഉറക്കെ ആവശ്യപ്പെടുകയും ചെയ്തു.

ആ അച്ഛനാകട്ടെ ദയനീയമായി എല്ലാവരെയും നോക്കുക മാത്രം ചെയ്ത് പിന്നെയും എങ്ങിനെയെങ്കിലും കുട്ടിയെ ഒന്ന് മയപ്പെടുതാനുള്ള ശ്രമം തുടര്‍ന്നു. ആ സ്ത്രീയാകട്ടെ അങ്ങിനെത്തന്നെ കിടക്കുകയും. അതോടെ എല്ലാവരുടെയും അമര്‍ഷം ദേഷ്യമായി മാറി. അതിലെ ഒരു വയസ്സായ സ്ത്രീ ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലെന്നും ഞാന്‍ ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞു ദേഷ്യത്തോടെ അടുത്ത് ചെന്ന് ആ യുവതിയെ എഴുന്നെല്‍പ്പിചിരുത്തി. എല്ലാവരും ഒരു നിമിഷം നിശ്ചലരായി. വിവശയായിരുന്ന ആ യുവതി കരഞു തളര്‍ന്നു കിടക്കുകയായിരുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബാദിച്ച അവര്‍ക്ക് ആ കുഞ്ഞിനു കൊടുക്കാന്‍ മുല തന്നെ ഉണ്ടായിരുന്നുമില്ല .....!!!!

ഒരു ക്യാമറാ കഥ ....!!!

ഒരു ക്യാമറാ കഥ ....!!!

ആദ്യത്തെ ഷോര്‍ട്ട് ഫിലിം കഴിഞ്ഞ് അതിന്റെ ആലസ്യം മാറാന്‍ കാലം കുറെ കഴിയേണ്ടി വന്നു. അതിന്റെ അനുഭവങ്ങള്‍ അത്രയുണ്ടായിരുന്നു. അങ്ങിനെ രണ്ടാമത്തെ ചിത്രത്തിനായി തയ്യാറെടുപ്പ് തുടങ്ങി. തിരക്കഥയും ലൊക്കെഷനും നടീ നടന്മാരും ഒക്കെ തയ്യാറായി. അച്ഛന്‍ തന്നതും അമ്മയെ ഇസ്ക്കിയതും ഒക്കെയായി അത്യാവശ്യത്തിനുള്ള പണവും ഉണ്ടാക്കി. അത്യാവശ്യം എന്ന് പറഞ്ഞാല്‍ ക്യാമറയുടെ വാടകയും എഡിറ്റിങ്ങിനുള്ള പണവും. അതുമാത്രമാണ് ചെലവ്. ക്യാമറാ മാന്‍ എന്റെ സുഹൃത്താണ്. മറ്റു എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെ. അത് കൊണ്ട് തന്നെ ആര്‍ക്കും പണം കൊടുക്കേണ്ട. ഭക്ഷണം വീട്ടില്‍ നിന്ന്. ലൊക്കെഷനിലെക്കുള്ള യാത്ര അച്ഛന്റെ വണ്ടി എടുത്തിട്ടും.

എല്ലാം കൃത്യ മായി പ്ലാന്‍ ചെയ്തിട്ടാണ് നടത്തുന്നത്. എല്ലാവരും വലിയ ഉത്സാത്തിലും ആവേശത്തിലും. കാര്യങ്ങള്‍ വിചാരിച്ച തിനേക്കാള്‍ ബന്ങിയായി മുന്നോട്ടു പോയി. അതുപക്ഷേ അങ്ങിനെ ആകാന്‍ പാടില്ലല്ലോ. അതല്ലേ രീതി. പറഞ്ഞത് പോലെ മൂന്നാം നാള്‍ ക്യാമറാമാന്‍ പനിയായി കിടപ്പിലായി. പനി എന്ന് പറഞ്ഞാല്‍ പൊള്ളി വിറയ്ക്കുന്ന പനി. എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവനെയും കൊണ്ട് അവന്റെ അമ്മ ആശുപത്രിയില്‍ പോയി. മരുന്നൊക്കെ കഴിച്ചാലും അവന്‍ അന്ന് വരില്ല എന്നുറപ്പ്.

അത് വെച്ച് ഷൂട്ടിംഗ് മുടക്കാന്‍ പറ്റുമോ. ഒടുവില്‍ ക്യാമറയും ഞാന്‍ തന്നെ ഉപയോഗിക്കാം എന്ന് വെച്ചു. തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി. ആര്ടിസ്റ്റുകള്‍ മേക്കപ്പൊക്കെ ഇട്ടു വന്നു. പകല്‍ പുറത്താണ് ഷൂട്ടിംഗ്. അതുകൊണ്ട് ലൈറ്റ് തുടങ്ങിയ കാര്യങ്ങളൊന്നും ഇല്ല. ക്യാമറ അവന്‍ ജോലി ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്ന് കൊണ്ട് വന്നതാണ്. അവന്റെ വീട്ടില്‍ തന്നെയാണ് വെച്ചിരിക്കുന്നതും എന്റെ കയ്യില്‍ തന്നു വിടാന്‍ അവനു മടിയൊന്നും ഉണ്ടായില്ല. ഞാന്‍ വലിയ കാര്യമായി തന്നെ, ഞാന്‍ ആരാ മോന്‍, എന്നെക്കൊണ്ട് പറ്റാത്തതായി എന്താ ഉള്ളത് എന്ന മട്ടില്‍ ക്യാമറയും ആയി ലൊക്കെഷനില്‍ വന്നു. ഫീല്‍ഡ്‌ തയ്യാറാക്കി ക്യാമറ ഉറപ്പിച്ചു. സൂപ്പര്‍ VHS ആണ് ഉപയോഗിക്കുന്നത്. അതിനുള്ള പാകമേ അന്ന് ഞങ്ങള്‍ക്കുള്ളൂ. അത് തന്നെ വലിയ സംഭവമാണ് ഞങ്ങള്‍ക്ക് അപ്പോള്‍.

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അങ്ങിനെ ഒരു ക്യാമറ ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അകന്നു നിന്ന് നോക്കുക എന്നല്ലാതെ അതിന്റെ ഒരു ബട്ടനിലും ഞാന്‍ തൊടാറില്ല. പക്ഷെ അപ്പോള്‍ അത് എന്റെ അഭിമാന പ്രശ്നം കൂടി ആയതിനാല്‍ അറിയില്ല എന്ന് ഒരിക്കലും ഞാന്‍ പുറത്തു കാണിച്ചിരുന്നില്ല. ഒരു റിഹെഴ് സല്‍ ഒക്കെ കഴിഞ്ഞു ഷോട്ടിനു തയ്യാറായി. ക്യാമറ ഓണ്‍ ആക്കി. പക്ഷെ പഠിച്ച പണി പതിനെട്ടും നോക്കി വിയര്‍ത്തുകുളിച്ചു നാറി നാശമായിട്ടും വ്യു ഫൈണ്ടറില്‍ ചിത്രം മാത്രം കാണുന്നില്ല. ....!!!

Sunday, October 18, 2009

തിരക്കഥയുമായി ....!!!

തിരക്കഥയുമായി ....!!!

എഴുതിക്കഴിഞ്ഞ ആ തിരക്കഥ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ കടന്നു വന്നത്. പിന്നെ അവനും അത് വായിക്കണം എന്നായി. എന്റെ നല്ലൊരു സുഹൃത്തും പത്രപ്രവര്‍ത്തകനുമായ അവന്‍ അത് അങ്ങിനെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തതോടെ അവനു പിന്നെ നില്‍പ്പും ഇരിപ്പും ഇല്ലാതായി. അത് എങ്ങിനെയും അവന്റെ ബന്ധുവായ പ്രശസ്ത സംവിധായകനെ കാണിച്ചേ അടങ്ങു എന്നായി അവന്‍. തലസ്ഥാന നഗരിയിലാണ് അദ്ദേഹം ഉള്ളത്. അദ്ധേഹത്തിനു ഇതിഷ്ട്ടമാകുമെന്നും, പുതിയ ചിത്രത്തിന്റെ പണിയിലായ അദ്ദേഹം ഇത് തീര്‍ച്ചയായും സ്വീകരിക്കും എന്നും എന്റെ നല്ലൊരു കൂട്ടുകാരനായ അവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എന്നിലും ആശയുദിച്ചു. മോഹമുദിച്ചു. അങ്ങിനെ അങ്ങോട്ട്‌ പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ അവന്‍ പുറത്തു പോയി അദ്ധേഹത്തെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ വരുന്നു എന്ന്.

അങ്ങിനെ അദ്ധേഹത്തിനു ഒഴിവുള്ള ഒരു ദിവസം നോക്കി ഞങ്ങള്‍ അവിടെയെത്തി. അവന്റെ ബന്ധു ആയതിനാല്‍ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. വീട്ടുകാര്‍ക്കൊക്കെ എന്നെ കാര്യമായി തന്നെ പരിചയപ്പെടുത്തിയ അവന്‍ എന്നെയും കൊണ്ട് അദ്ധേഹത്തിന്റെ സ്വകാര്യ മുറിയിലെത്തി. ഒരു വിസ്മയ ലോകത്തിലായിരുന്നു ഞാന്‍ അപ്പോള്‍. മുന്‍പും പല സംവിധയകരോടോപ്പവും ഇടപഴ്കിയിട്ടുണ്ടെങ്കിലും ഇത്രയും സ്വകാര്യമായി ഒരു വലിയ സംവിധായകന്റെ കൂടെ ഞാന്‍ കഴിയുന്നത്‌ അപ്പോള്‍ ആദ്യമായിട്ടായിരുന്നു. അദ്ദേഹം എല്ലാ ആവേശത്തോടെയും തന്നെ എന്റെ തിരക്കഥ വായിച്ചു കേട്ടു.

കുറച്ചു സമയം മിണ്ടാതിരുന്ന അദ്ധേഹത്തെ നെഞ്ഞിടിപ്പോടെയാണ് ഞാന്‍ നോക്കിയിരുന്നിരുന്നത്. ആകാംക്ഷയുടെ മുള്‍മുനയില്‍ എന്നൊക്കെ പറയുന്നത് അനുഭവത്തില്‍ തന്നെ. എന്ത് പറയും അദ്ദേഹം എന്നതിലായിരുന്നു എന്റെ ഉത്കണ്ട മുഴുവന്‍. നല്ലതാകുമോ, ചീതയകുമോ. അത് അദ്ദേഹം സ്വീകരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എങ്കിലും ഒരു നല്ല അഭിപ്രയാം.. അത് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചിരുന്നു.

ഒടുവില്‍, കുറെ നേരത്തെ മൌനത്തിനു ശേഷം അദ്ദേഹം പറഞ്ഞു, കലാപത്തെ കുറിച്ചുള്ള ഈ കഥ കേരളത്തില്‍ സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ല. അത് കൊണ്ട് തന്നെ നമുക്കിത് മലയാളത്തില്‍ എടുക്കാന്‍ വിഷമമാണ്. വേറെ ഏതെങ്കിലും കഥയുണ്ടെങ്കില്‍ അതുമായി വരൂ. നമുക്ക് ഇരിക്കാം. ഒരു നിമിഷം ഞാന്‍ അങ്ങിനെതന്നെയിരുന്നു. നിരാശയും വിഷമവും ഉണ്ടായി എന്നത് സത്യം. കുറച്ചു വിഷമവും. പിന്നെ അധികം അവിടെ നില്‍ക്കാതെ ഞാന്‍ കൂട്ടുകാരനെയും കൂട്ടി പുറത്തിറങ്ങി. അവനോടു പക്ഷെ ഞാന്‍ പറഞ്ഞത്, അദ്ദേഹം നിര്‍മ്മാതാവുമായി സംസാരിച്ച ശേഷം പിന്നീട് അറിയിക്കാം എന്നാണു പറഞ്ഞത് എന്നാണു. അവനു അതത്ര വിശ്വാസമായില്ലെങ്കിലും ഒന്നും പറയാതെ വീട്ടുകാരോട് യാത്രയും പറഞ്ഞ് എന്നോടൊപ്പം പോന്നു.

പുറത്തിറങ്ങിയ ഞങ്ങള്‍, ബസ്‌ സ്റ്റാന്റ് വരെ നടന്നു പോകാം എന്ന് തീരുമാനിച്ചു. വൈകുന്നേരമായിരുന്നു അപ്പോള്‍. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ അങ്ങോട്ട്‌. ആ നല്ല സന്ധ്യയില്‍ കുറച്ചു ദൂരം വല്ലതുമൊക്കെ പറഞ്ഞുകൊണ്ട് നടക്കാം എന്ന് കരുതിയാണ് ഞങ്ങള്‍ അങ്ങിനെ തീരുമാനിച്ചത്. ഗേറ്റ് കടന്നതും പുറത്തൊക്കെ വലിയ ബഹളവും പോലീസ് വാഹനങ്ങളുടെ ഇരമ്പി പാച്ചിലും. മറ്റു വാഹനങ്ങളോ ആളുകളോ എങ്ങുമില്ല. എന്താണെന്നറിയാന്‍ ചുറ്റും തിരയവേ, എല്ലാവരും വീട്ടില്‍ പൊയ്ക്കോ, എങ്ങും കലാപമാണ്‌ പുറത്തിറങ്ങരുത് ആരും എന്ന് അലറി വിളിച്ചുകൊണ്ട് പരിക്കേറ്റ മുറിവില്‍ നിന്നൊലിക്കുന്ന ചോരയുമായി ഒരാള്‍ ഓടിപോകുന്നു. .......!!!