Sunday, October 11, 2009

ദിവ്യന്‍ ....!!!

ദിവ്യന്‍ ....!!!

സ്നേഹപൂര്‍ണമായ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത് തന്നെ. വിഷമങ്ങളുടെയും വേദനകളുടെയും ഒരു മഹാ പര്‍വ്വം തന്നെ കയറി നില്‍ക്കുന്ന എനിക്ക് ആശ്വാസം കിട്ടുന്നതെന്തും അപ്പോള്‍ ഒരു മഹാ കാര്യവും ആയിരുന്നു.

വൈഷമ്യങ്ങളുടെ മഹാമാരിയില്‍ ഉരുകിയൊലിച്ചു പോകാത്ത ഒരു ആദര്‍ശവും ഇല്ലെന്നു അനുഭവം എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അങ്ങിനെയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത്. ആള്‍ ദൈവങ്ങളോട് പുച്ചമായിരുന്ന ഞാന്‍ അങ്ങിനെ ഒരിടത്ത് പോകുന്നതിലെ ഔജിത്യമില്ലായ്മ അപ്പോള്‍ ഓര്‍ത്ത്തുപോലുമില്ല.

അല്ലെങ്കിലും അങ്ങിനെ ഒരവസ്ഥയിലും ആയിരുന്നില്ല ഞാന്‍. പിന്നെ അവനെപോലെ എന്റെ നന്മയിലും തിന്മയിലും ഒരുപോലെ ഒപ്പം നില്‍ക്കുന്ന ഒരുവന്‍ വിളിച്ചാല്‍ ഏത് നരകത്തിലും ഞാന്‍ പോവുകയും ചെയ്യുമായിരുന്നു. ഒരു മുസ്ലീം ആയ അവന്‍ അത്ര വിശ്വാസത്തോടെ പറയുകയും ചെയ്തപ്പോള്‍ പിന്നെ അടുത്ത ദിവസം തന്നെ അവിടെ പോകാമെന്ന് വെച്ചു.

ഒരല്പം ആശ്വാസം. ദുരിതങ്ങള്‍ക്ക് ഒരു പരിഹാരം. അത്രയും ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു അപ്പോള്‍. അപ്പോഴാണ് അവന്‍ അത് വിശദമായി പറഞ്ഞത്. അദ്ദേഹം വലിയ ദിവ്യന്‍ ആണെന്നും മഹാ ജ്ഞാനി യാണെന്നും പണത്തിനു ഒട്ടും മോഹമില്ലാത്ത ആള്‍ ആണെന്നും എല്ലാം ഒരു ഒളിവും മറവും ഇല്ലാതെയാണ് ചെയ്യുന്നതെന്നും തീര്‍ത്തും പറഞ്ഞു തന്നപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിക്കാനും ഞാന്‍ മിനക്കെട്ടില്ല.

അങ്ങിനെ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒഴിവുള്ള ഒരു ദിവസം കാലത്ത് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അവന്റെ അമ്മാവന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു അത്. ആ സിദ്ധന്‍ അവിടെ വന്നു താമസിക്കുന്നതാണ്. ഏകദേശം പത്തു വര്‍ഷത്തോളമായി അദ്ദേഹം അവിടെയെതിയിട്ട്. ആര്‍ക്കും ഇതുവരെ ഒരു ദോഷവും വരുത്തിയിട്ടില്ല. എല്ലാവരും എന്നപോലെ അവരും അദ്ധേഹത്തെ പുകഴ്ത്തി മാത്രമേ സംസാരിച്ചുള്ളു താനും.

ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. നാനാ ജാതി മതസ്ഥരും ഉണ്ടായിരുന്നു അവിടെ. ഒരു ശാന്തമായ ആശ്രമാന്തരീക്ഷം. ഒരു പ്രത്യേക മതത്തിന്റെയും രീതികളില്ല. പൂജകളും ഏലസ്സുകളും ഇല്ല. മന്ത്രങ്ങളില്ല. ആളുകള്‍ പ്രതീക്ഷയോടെ ശാന്തമായി വരിയില്‍ കാത്തു നില്‍ക്കുന്നു. അദ്ദേഹം മുന്നില്‍ അടച്ചിട്ട ഒരു മുറിയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നുണ്ട്‌. ആളുകള്‍ പ്രശ്നങ്ങള്‍ പറയുന്നു. അദ്ദേഹം അല്പം പ്രാര്‍ത്ഥിക്കുന്നു . അതിനുള്ള പരിഹാരങ്ങള്‍ പറയുന്നു. രണ്ടു സഹായികളുണ്ട് അവിടെ. മറ്റാരും ഇല്ല. എല്ലാം മറ്റാര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത വിധം തന്നെ. ആളുകള്‍ കഴിവിനനുസരിചു ദക്ഷിണ കൊടുക്കുന്നു. കണ്ടിട്ട് എനിക്കും താത്പര്യമായി. ആളെ ഒന്ന് കാണാന്‍ തിരക്കായി.

പ്രതീക്ഷയോടെ കാത്തു കാത്ത് ഞങ്ങള്‍ അദ്ധേഹത്തിന്റെ മുന്നിലെത്തി. തൊട്ടു തൊഴുത്‌ ഞങ്ങള്‍ മുന്നില്‍ ഇരുന്നു. എന്നിട്ട് മാത്രമാണ് ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കിയത്. പെട്ടെന്ന് എന്റെ തല കറങ്ങി. ഭൂമി മറിയുന്നതായി തോന്നി. വീഴാതിരിക്കാന്‍ ഞാന്‍ കൂട്ടുകാരനെ മുറുകെ പിടിച്ചു. പന്ദ്രണ്ട് വര്ഷം മുന്‍പ് ഞാനും എന്റെ സുഹൃത്തുക്കളും കൂടി എന്റെ മറ്റൊരു സുഹൃത്തിന്റെ നാട്ടില്‍ നിന്ന് പോലീസിനു പിടിച്ചു കൊടുത്ത മഹാ വൃത്തികെട്ടവനും, തെമ്മാടിയുമായ ഒരു കള്ളനായിരുന്നു ആ സ്വാമി. ....!!!

Thursday, October 8, 2009

ജീവനും കൊണ്ട് ...!!!

ജീവനും കൊണ്ട് ...!!!

ഇപ്രാവശ്യം പക്ഷെ ഒന്നിലും ഒരു പരിഭ്രമവും ഇല്ലാതെയായിരുന്നു യാത്ര. മൂന്നാമത്തെ വിദേശയാത്രയാണ് . ഇതും എന്റെ തന്നെ സിനിമയുമായും. ഇക്കുറി കൂട്ടിനു പക്ഷെ എന്റെ ഒരുസുഹൃത്തും ഉണ്ടായിരുന്നു. അദ്ദേഹം പ്രമുഖനായ ഒരു പത്രപ്രവര്‍ത്തകനാണ്. അതുകൊണ്ട്തന്നെ എല്ലായിടത്തും പ്രത്യേക പരിഗണയും ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ആഘോഷിക്കാന്‍മറ്റെന്തു വേണം.

അവിടെയെത്തി ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരക്കിലായി. കാഴ്ചകളുടെ വസന്തത്തില്‍ സ്വയംമറന്നു, എല്ലായിടത്തും പാറിപ്പറന്നു, ഞങ്ങള്‍ പരമാവധി സമയം മുതലാക്കി. ഒരുപാട്സ്ഥലങ്ങള്‍ അദ്ധേഹത്തിനു അറിയാമായിരുന്നതിനാല്‍ എനിക്കത് വലിയ ഉപകാരമായി. സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ തിരഞ്ഞുപിടിചായിരുന്നു എന്റെ യാത്ര. അദ്ധേഹവുംമറുത്തൊന്നും പറയാതെ എന്റെ കൂടെ കൂടി.

അങ്ങിനെയാണ്, ഒരു പുരാതന നഗരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ആരും അധികംഅറിഞ്ഞിട്ടില്ലാത്ത ഒരു മനോഹരം പ്രദേശം. എന്റെ സിനിമയുടെ സ്ക്രീനിംഗ് കഴിഞ്ഞതിന്റെപിറ്റേന്ന്, ഞങ്ങള്‍ ചരിത്രം ശരിക്കും ഉറങ്ങുന്ന അവിടേക്ക് പോകാമെന്ന് വെച്ചു. കാലത്തുതന്നെവാഹനമൊക്കെ സങ്കടിപ്പിച്ചു ഞങ്ങള്‍ യാത്രയായി. തീര്‍ത്തും വിജനമായ ഇടങ്ങളായിരുന്നുഅവിടെ മുകാലും. നീണ്ട വയലുകള്‍ക്കും മലമടക്കുകള്‍ക്കും ഇടയില്‍ ഒരു ചിരപുരാതന സ്ഥലം.

നീണ്ട യാത്രയുടെ ഒടുവില്‍ ഞങ്ങള്‍ അവിടെയെത്തി, കാഴ്ച്ചയുടെ ഓരോ അണുവുംഹൃദയത്തിലും ക്യാമറയിലും പകര്‍ത്തി മുന്നേറവേ വളരെ പെട്ടെന്നാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ഞങ്ങളെ വളഞ്ഞത്. ഒരു പ്രത്യേക സംഘടനയില്‍ അംഗങ്ങളായ അവര്‍ ഞങ്ങളെഉപദ്രവിക്കാന്‍ തന്നെയായിരുന്നു വന്നിരുന്നത്. മരണം മുന്നില്‍ കാണുന്ന നിമിഷങ്ങള്‍. ഒടുവില്‍, അറിയാവുന്ന ഭാഷയില്‍ അദ്ധേഹവും ഞാനും കരഞ്ഞു പറഞ്ഞതോടെ അവര്‍ ഒട്ടൊന്നുഅയഞ്ഞു. ഞാനൊരു ഭാരതീയ ഞാനെന്നും കൂടെയുള്ളത് മറ്റൊരു ഏഷ്യാക്കാരന്‍ ആണെന്നുംകേട്ടതോടെ അവര്‍ പിന്നെയും കൃധരായി. പക്ഷെ ഞങ്ങള്‍ വെറും സന്ദര്‍ശകര്‍ മാത്രമാണെന്നുംമറ്റന്നാള്‍ തന്നെ തിരിച്ചുപോകുമെന്നും പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ വിടാമെന്നായി. കയ്യിലെപൈസയും വിലപിടിപ്പുള്ള മറ്റെല്ലാതും അവര്‍ക്ക് കൊടുത്തുകൊണ്ട് . ക്യാമറയില്‍ നിന്ന് കാര്‍ഡ്‌എടുത്ത് അതും അവര്‍ക്ക് കൊടുത്തു. ജീവനേക്കാള്‍ വിലയില്ലല്ലോ അതിനൊന്നിനും. അങ്ങിനെഅവര്‍ ഒരുവിധം അവിടുന്ന് പോയി. കണ്ടത് തന്നെ ധാരാളം, ഇനി കാണാനുള്ളത് അടുത്തജന്മതിലാകാം എന്ന് പറഞ്ഞു ഞങ്ങള്‍ വേഗം വണ്ടിയുടെ അടുത്തെത്തി. പക്ഷെ അവര്‍പോകുമ്പൊള്‍ വണ്ടിയും കൊണ്ടുപോയിരുന്നു. വിജനമായ ആ അപരിചിത സ്ഥലത്ത് ഞങ്ങള്‍തനിച്ചും.....!!!!

Wednesday, October 7, 2009

ഒളിച്ചോട്ടം ...!!!

ഒളിച്ചോട്ടം ...!!!

കൂട്ടുകാര്‍ക്ക് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറായിരുന്ന ആ കാലത്ത്, ഒരു സുഹൃത്തിന്റെ ദീര്‍ഘനാളത്തെ പ്രണയം സഫലമാക്കി കൊടുക്കാന്‍ ഞങ്ങളെല്ലാവരും തീരുമാനിച്ചു. അവള്‍ക്കു അവനെയും അവനു അവളെയും ജീവനായിരുന്നു. ഒരേ ജാതിയും ഒരേ മതവും. അടുത്തടുത്ത വീട്ടുകാരും. പക്ഷെ വീട്ടുകാര്‍ തമ്മിലുള്ള ശത്രുത അവരുടെ പ്രണയത്തെയും ബാതിച്ചു . ഒടുവില്‍ കഥകളിലെ പോലെ അവര്‍ ഒളിചോടുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചു. അവന്‍ നല്ലൊരു പെയിന്റ് പണിക്കാരനാണ്. നല്ല വരുമാനവും. അതുകൊണ്ട് മറ്റൊരു വീടെടുത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ വീട്ടുകാര്‍ അറിയാതെ കല്യാണം കഴിച്ചു കുറച്ചു നാള്‍ താമസിച്ചു തിരിച്ചുവരണം. അതിനുള്ള വഴികളായി പിന്നത്തെ ആലോചന.

ദിവസങ്ങളുടെ ആലോചനക്കു ശേഷം പദ്ധതികളെല്ലാം ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. നാട്ടിലെ ഉത്സവത്തിന്റെ അന്ന് എല്ലാവരും തിരക്കയിരിക്കുന്ന ആ ദിവസം, ഒളിച്ചോടാം. ഒളിച്ചു താമസിക്കാന്‍ ദൂരെയുള്ള എന്റെ ഒരു കൂട്ടുകാരന്റെ വീട് ശരിയാക്കി. അവിടെ അപ്പോള്‍ അവന്‍ മാത്രമേ ഉള്ളു. അവന്റെ അമ്മയും അച്ഛനും അവന്റെ പെങ്ങളുടെ പ്രസവത്തിനു അവളുടെ വീട്ടിലാണ് അപ്പോള്‍. അതുകൊണ്ട് അവിടെ താമസിക്കാം. യാത്രക്ക് കൂട്ടിനായി അവിടെ വരെ ഞാന്‍ അനുഗമിക്കും. അവരെ അവിടെയാക്കി ഒന്നുമറിയാത്ത പോലെ ഞാന്‍ തിരിച്ചു വരും. അവള്‍ക്കു തയ്യലാണ് ജോലി. അവളുടെ കയ്യിലും കുറച്ചൊക്കെ പൈസയുണ്ട്. അവന്റെ കയ്യിലും ആവശ്യത്തിനു പണമുണ്ട്. അതുകൊണ്ട് അതും കുഴപ്പമില്ല. അവിടെയെത്തി കല്ല്യാണം രജിസ്ടര്‍ ചെയ്യാന്‍ എന്റെ കൂട്ടുകാരന്‍ സഹായിക്കും. അങ്ങിനെ ഞങ്ങള്‍ യാത്രക്കുള്ള മുഹൂര്‍ത്തം കാത്തിരുന്നു.

എല്ലാവരും ഉത്സവ ലഹരിയിലായിരിക്കെ ഞങ്ങള്‍ വെവ്വേറെയായി പിരിഞ്ഞുപോയി ദൂരെയുള്ള ഒരു സ്റ്റോപ്പില്‍ നിന്നും ബസ്സുകയറി. യാത്ര തുടങ്ങി. ആരും കാണരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ബസ്സില്‍ ഇരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത്‌ അങ്ങേ അറ്റത്തിരിക്കുന്ന അവള്‍ക്കു പോലും കേള്‍ക്കാമായിരുന്നു. അതുപോലെ അവളുടെയും. ഇടയ്ക്കിടെ അവള്‍ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ പട്ടണത്തിലെത്തി. അവിടുന്ന് വേറെ വണ്ടിയില്‍ കയറി വേണം പോകാന്‍. അവിടെ പട്ടണത്തില്‍ അങ്ങിനെ ഞങ്ങളെ അറിയുന്ന ആരും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഞങ്ങള്‍ കുറച്ചൊക്കെ ആശ്വാസത്തോടെയായിരുന്നു.

വണ്ടി വരാന്‍ ഇനിയും സമയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ അടുത്തുള്ള ഒരു ചായക്കടയില്‍ കയറി ഒരു ചായ കസിക്കാംഎന്നു തീരുമാനിച്ചു. അവിടെകയറി മൂന്നുപേരും ചായ കുടിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ മൂന്നുപേരും വയറു നിറയെ കഴിച്ചു. എന്നിട്ട് പുറത്തിറങ്ങി. ബസ്സ് വരുന്നിടത്ത് കാത്തു നില്‍പ്പായി. അങ്ങിനെ നില്‍ക്കെ പരിചയമില്ലാത്ത ഒരു ജീപ്പ് ഞങ്ങള്‍ക്ക് മുന്‍പില്‍ കുറച്ചു മാറി നിര്‍ത്തിയിട്ട്‌ പുറകിലേക്ക് തിരിച്ചു വന്നു. ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കെ എന്റെ അച്ഛന്‍ അതില്‍ നിന്നും പുറത്തിറങ്ങി, ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. ....!!!


കമ്പ്യൂട്ടര്‍ പ്രണയം ....!!!

കമ്പ്യൂട്ടര്‍ പ്രണയം ....!!!

നാട്ടില്‍ നിന്ന് ഞാന്‍ ഗള്‍ഫില്‍ വരുമ്പോള്‍ കമ്പ്യൂട്ടര്‍ ഒന്നും അത്ര അറിയില്ലായിരുന്നു എനിക്ക്. നാട്ടില്‍ അപ്പോഴൊന്നും കമ്പ്യൂട്ടര്‍ വ്യാപകമായിട്ടുമില്ല. എന്റെ സുഹൃത്തിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍, ചില പ്രാധമിക പ്രയോഗങ്ങളൊക്കെ പഠിച്ചിട്ടുണ്ടെന്നു മാത്രം. പക്ഷെ ഇവിടെയെത്തിയപ്പോള്‍, എല്ലാം കമ്പ്യൂട്ടര്‍ മയം. ലോകത്തിലെ ഏറ്റവും പുതിയ എല്ലാ ടെക്നോളജിയും ആദ്യമെതുന്നതില്‍ ഒരു സ്ഥലം എന്റെ ഓഫീസും ആയിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം വേഗത്തില്‍ പഠിച്ചെടുത്തു. കല്ല്യാണമൊന്നും കഴിക്കാതതിനാല് ധാരാളം ഉണ്ടായിരുന്ന ഒഴിവ് സമയങ്ങളില്‍ ഇ മെയിലും ചാറ്റിങ്ങും എല്ലാം എല്ലാം അനവസരങ്ങളിലും വ്യാപകമായി.

അങ്ങിനെ ഒരു മലയാളം ചാറ്റിംഗ് റൂമിലാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെടുന്നത്‌. പരിചയം പിന്നെ സൌഹൃദമായി. ഒടുവില്‍ അവള്‍ക്കെന്നോട് തീരാത്ത പ്രണയവും. അവള്‍ അങ്ങ് ദൂരെ അമേരിക്കയിലും ഞാന്‍ ഇങ്ങ് ഈ മരുഭൂമിയിലും. ദിവസത്തില്‍ പലപ്രാവശ്യം അവള്‍ എനിക്ക് മെയിലയക്കും. രണ്ടും മൂന്നും പ്രാവശ്യം ചാറ്റ് ചെയ്യും. അങ്ങിനെ ഞങ്ങള്‍ മുന്നോട്ടു പോയി. അവള്‍ അവിടെ പഠിക്കുന്നു. നാട്ടിലെ വീടും വീട്ടുകാരെയും ഒക്കെ അവള്‍ വിശദമായി തന്നെ പറഞ്ഞിരുന്നു. ഞങ്ങള്‍ ഒരേ മതക്കാരും ആയിരുന്നു. അവിടെ അവളുടെ വീട്ടുകാരുടെ ഫോട്ടോയും സുഹൃത്തുക്കളുടെ ഫോട്ടോയും ഒക്കെ അയച്ചു തന്നിരുന്നു. പക്ഷെ അവളുടെ ഫോട്ടോ മാത്രം അവള്‍ എനിക്കയച്ചില്ല. നേരില്‍ കണ്ടാല്‍ മതി എന്നാണവള്‍ പറഞ്ഞത്. അതൊരു ത്രില്‍ ആകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു. ആളെ കണ്ടിട്ടില്ലാത്തതിനാല്‍ എനിക്ക് പക്ഷെ അത്രയങ്ങ് അടുക്കാനും വയ്യ എന്നാലൊട്ടു ഉപേക്ഷിക്കാനും വയ്യ. അങ്ങിനെയുള്ള ഒരവസ്ഥയും.

ഒടുവില്‍ അവള്‍ നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞു. തിരിച്ചു വരും വഴി ദുബായില്‍ ഇറങ്ങാമെന്നും അവിടെവെച്ചു നമുക്ക് കണ്ടുമുട്ടാമെന്നും അവള്‍ പറഞപ്പോള്‍ സന്തോഷമായി. നാട്ടില്‍ പോയതോടെ അവളുടെ മെയിലും ചാറ്റും ഒന്നും ഇല്ലാതെയായി. നാട്ടില്‍ അപ്പോഴും അതൊന്നും അത്ര വ്യാപകവും ആയിട്ടില്ലല്ലോ. അങ്ങിനെ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കെ, പെട്ടെന്ന് എനിക്ക് നാട്ടില്‍ പോകേണ്ടി വന്നു. ഒരു ആഴ്ചത്തേക്ക് എമര്‍ജന്‍സി അവധിയെടുത്ത് ഞാന്‍ നാട്ടിലെത്തി. നാട്ടിലെ അത്യാവശ്യങ്ങള്‍ക്കിടയില്‍ അങ്ങിനെ ഒരിക്കല്‍ എന്റെ ഓഫീസിലെ മെയില്‍ നോക്കാന്‍ വേണ്ടി ഞാന്‍ പട്ടണത്തിലെ ഒരു കമ്പ്യൂട്ടര്‍ കേന്ദ്രത്തിലെത്തി.

അവിടെവെച്ചു യാദ്രിശ്ചിക മായാണ് നാട്ടില്‍ തന്നെ ജോലിയുള്ള എന്റെ ഒരു സുഹൃത്തിനെ കണ്ടത്. അവനെ കണ്ടു വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ അവന്‍ അവന്റെ പ്രണയിനിയെക്കുറിച്ചും പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയുമായി അവന്‍ അടുപ്പതിലാണെന്നും , അവള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും അടുത്ത ആഴ്ച അവളെ കാണാന്‍ പോവുകയാണെന്നും പറഞ്ഞു. കണ്ട് ഇഷ്ട്ടപ്പെട്ടാല്‍ കല്ല്യാണം കഴിക്കണമെന്നും പറഞ്ഞു. അവന്‍ ഒരു ക്രിസ്ത്യന്‍ ആയിരുന്നു. അവളും ക്രിസ്ത്യന്‍ ആണെന്നും, അതുകൊണ്ട് വീട്ടില്‍ പ്രശ്നമുണ്ടാകില്ലെന്നും, അവളെ കെട്ടി അങ്ങ് അമേരിക്കയില്‍ പോകണമെന്നും അവന്‍ ആവേശത്തോടെ പറഞ്ഞു. അവളുടെ മെയിലുകളും അവളയച്ച ഫോട്ടോകളും ഒക്കെ കാണിച്ചു തരാമെന്നു പറഞ്ഞപ്പോള്‍, ഞാനും ആവേശത്തോടെ അവന്റെ കമ്പ്യുട്ടറിനു മുന്നില്‍ പോയിരുന്നു.

അവളയച്ച ഫോട്ടോകള്‍ ഒന്നൊന്നായി അവന്‍ തുറക്കവേ എന്റെ കണ്ണുകള്‍ മഞ്ഞളിച്ചു പോയി. മറ്റൊരു പേരില്‍ അവള്‍ എനിക്കയച്ച അതെ ഫോട്ടോകള്‍. എനിക്കയച്ച അതെ മെയിലുകള്‍. ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം നോക്കിയിരുന്നു .....!!!!


Tuesday, October 6, 2009

ഗസല്‍ രാത്രി ....!!!

ഗസല്‍ രാത്രി ....!!!

ഓരോ മാസവും ഓരോ പരിപാടികള്‍ എന്നാ അജണ്ടയുടെ ഭാഗമായാണ് അപ്രാവശ്യം വ്യത്യസ്തതമായ ഒരു പരിപാടി ആസൂത്രണം ചെയ്തത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഗസല്‍ പരിപാടികള്‍ നടത്തുന്നവരാണ് എന്നെനിക്കറിയാമായിരുന്നു. അവന്‍ വഴി അവരെ എനിക്ക് നേരിട്ടും അറിയാം. അവരും ഇടയ്ക്കിടെ അവര്‍ക്കായി പരിപാടികള്‍ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടാറ്മുണ്ടായിരുന്നു. അങ്ങിനെയാണ് അപ്രാവശ്യം ഗസല്‍ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചത്.

എന്റെ അറിവില്‍ ആ പ്രദേശതൊന്നും അങ്ങിനെ ഒരു പരിപാടി അതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ ആവേശത്തിലും ആയിരുന്നു. പതിവിനു വിപരീതമായി മൈക്ക് കെട്ടി അനൌന്‍സ്‌മെന്റും നോട്ടിസ് വിതരണവും ഒക്കെ നടത്തി. കുറച്ചു പൈസ പിരിഞ്ഞു കിട്ടി. ശേഷം പതിവ് പോലെ പോക്കറ്റില്‍ നിന്നും. അക്കാലത്ത് രണ്ടിടത്ത് എനിക്ക് ജോലിയുണ്ടായിരുന്നു. കൂടാതെ വീട്ടുകാര്യങ്ങളെല്ലാം അച്ഛനായിരുന്നു നോക്കിയിരുന്നത്. അതുകൊണ്ട് കിട്ടുന്ന കാശെല്ലാം കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വാരിക്കോരി ചിലവഴിച്ചു പോന്നു.

പരിപാടിക്കായി പതിവുപോലെ മൈതാനവും സ്റ്റേജും ഒക്കെ ഒരുക്കി. എന്തിനും തയ്യാറായി സംഘാംഗങ്ങളും ഒരുങ്ങി നിന്നു. പരിപാടി തുടങ്ങുന്നത് വൈകീട്ട് എഴുമണിക്കാണ്‌ . പരിപാടി നടത്തേണ്ടവര്‍ എല്ലാം അഞ്ചുമണിക്കുതന്നെ എത്തി ഒരുക്കങ്ങള്‍ തുടങ്ങി. സമയം ആകുമ്പോഴേക്കും മൈതാനവും പതിവുപോലെ നിറഞ്ഞു കവിഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒടുവില്‍ പരിപാടി തുടങ്ങി.

പക്ഷെ, ആദ്യത്തെ പാട്ട് കഴിഞ്ഞപ്പോള്‍ മൈതാനം കാലിയായി. രണ്ടാമത്തെ പാട്ട് കഴിഞ്ഞപ്പോഴെക്കും സംഘാടകരും കാലിയായി. ഒടുവില്‍, മൂന്നാമത്തെ പാട്ടോടെ സ്റ്റേജും കാലിയായി ....!!!

Monday, October 5, 2009

ഫിലിം ഫെസ്റ്റിവല്‍ ....!

ഫിലിം ഫെസ്റ്റിവല്‍ ....!

ജെര്‍മനിയില്‍ പോകാന്‍ കഴിയുന്നത്‌ തന്നെ എന്റെ സ്വപ്നതിലില്ലായിരുന്നു. പിന്നെയാണ് അവിടെ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷെ ദൈവം അങ്ങിനെയൊന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടാണല്ലോ, ആ ഫെസ്റ്റിവല്‍ കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അവര്‍ എന്റെ ഓഫീസില്‍ ജോലിക്കായി വന്നത്. ഞങ്ങളുടെ മീഡിയ ഡിപാര്ട്ടുമെന്റില്‍ അവര്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ ഞാനുമായി നല്ല അടുപ്പത്തിലായി. എന്റെ കുറച്ചു സിനിമകള്‍ അവര്‍ കണ്ടപ്പോള്‍ തന്നെ അതിലൊന്ന് അവര്‍ തിരഞ്ഞെടുത്തു. എല്ലാം അവര്‍തന്നെയാണ് ശരിയാക്കിയത്. അങ്ങിനെ ഇതര ഭാഷാ വിഭാഗത്തില്‍ എന്റെ ഷോര്‍ട്ട് ഫിലിം അവിടെ ആദ്യ പ്രദര്‍ശനത്തിനു തയ്യാറായി.

എങ്കിലും, അവിടേക്ക് ഞാന്‍ പോകുന്ന കാര്യമൊന്നും ആലോചിച്ചിരുന്നില്ല. പക്ഷെ അവരുടെ പ്രത്യേക താത്പര്യ പ്രകാരം എന്നെ അവര്‍ അവരുടെ ആളായി ക്ഷണിക്കുകയും എനിക്കുള്ള യാത്ര രേഖകള്‍ അയച്ചു തരികയും ചെയ്തു. അങ്ങിനെ ഞാന്‍ അങ്ങോട്ട്‌ യാത്രയായി. ഗള്‍ഫിലേക്ക് വന്നതൊഴിച്ചാല്‍ പുറത്തുള്ള ഒരു രാജ്യത്തിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു അത്. അതിന്റെ ആവേശത്തില്‍ എല്ലാം മറന്നായിരുന്നു ഞാനും. എന്റെ പരിചയത്തിലുള്ള എല്ലാവരെയും ആഘോഷപൂര്‍വ്വം തന്നെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചു. പോകുന്നതും വരുന്നതും എല്ലാം എല്ലാം.

അവിടെയെത്തി, എന്റെ സഹപ്രവര്‍ത്തകയുടെ സഹായത്താല്‍ എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. അവരുടെ വക ഹോട്ടലില്‍ താമസം, യാത്ര എല്ലാം എല്ലാം. മൂന്നാമത്തെ ദിവസമായിരുന്നു എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രവേശനം പാസ്സുമൂലം കണിശ്ശമായും നിയന്ത്രിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെ പിന്‍വാതില്‍ പ്രവശേനമൊന്നും ഇല്ല. ആദ്യത്തെ രണ്ടു ദിവസവും പരമാവധി ചിത്രങ്ങള്‍ കാണലും നഗരം ചുറ്റിയടിക്കലും ഒക്കെയായി സമയം മുഴുവനും ശരിയായിത്തന്നെ വിനിയോഗിച്ചു.

അങ്ങിനെ എന്റെ ചിത്രത്തിന്റെ പ്രദര്‍ശനമായി. മത്സര വിഭാഗം അല്ലാത്തതിനാല്‍ അതിന്റെ വിഷമം ഉണ്ടായിരുന്നില്ല. എങ്കിലും എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ച്, നാട്ടിലും, അടുത്ത സുഹൃത്തുക്കളെയും, സഹപ്രവര്‍ത്തകയെയും ഒക്കെ വിളിച്ച്‌, ഒടുവില്‍ ഫെസ്റ്റിവല്‍ നടക്കുന്നിടത്തേക്ക്‌ യാത്രയായി. വല്ലാത്ത നെഞ്ജിടിപ്പായിരുന്നു അപ്പോള്‍. പ്രദര്‍ശനത്തിനു ശേഷം ഓരോരുത്തര്‍ എന്തൊക്കെ പറയുമെന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. പലരെയും നേരത്തെ പരിച്ചയപ്പെട്ടിരുന്നതിനാല്‍ അല്ലാതെയും ശരിയായ അഭിപ്രായം ചോദിക്കാം എന്നും തീരുമാനിച്ചിരുന്നു. അങ്ങിനെ മനോരാജ്യങ്ങളില്‍ മുഴുകി അവിടെയെത്തി. വാതിലില്‍ സെക്യുരിറ്റി എന്‍ട്രി പാസ് ചോദിച്ചപ്പോള്‍ സംശയലെശമെന്യ കീശയില്‍ കയ്യിട്ടു. പക്ഷെ അവിടെ അങ്ങിനെയൊന്നില്ലായിരുന്നു അപ്പോള്‍ ....!!!

Sunday, October 4, 2009

മരണത്തിലേക്ക് ...!!!

മരണത്തിലേക്ക് ...!!!

മാഷെ .. സുരേഷ് മാഷെ ....! വിളിക്ക് തലതിരിക്കവേ, കണ്ടത് ഒരു എല്ലിന്‍ കൂട്. അല്ലെങ്കില്‍ തന്നെ, മരണം മണക്കുന്ന ആ കെട്ടിടത്തില്‍ മറ്റെന്തു കാണാന്‍ ...! എങ്കിലും വല്ലാത്ത ആശ്ചര്യമായിരുന്നു. അതാരായിരിക്കും. അടുത്ത വീട്ടിലെ ചേച്ചിയെ കാണാനാണ് ഞാന്‍ അന്ന് അവിടെയെത്തിയത്. ചികിത്സയില്‍ കഴിയുന്ന ആ ചേച്ചിയുടെ അടുത്ത് ചെന്ന്, അവര്‍ക്ക് വേണ്ട ഒരുമരുന്നു വാങ്ങാന്‍ പുറത്തുപോയി വരികയായിരുന്നു അപ്പോള്‍ ഞാന്‍. റീജ്യണല്‍ കാന്‍സര്‍ സെന്റെര്‍ എന്നെ എപ്പോഴും നോമ്പരപ്പെടുതിയിട്ടെ ഉള്ളു. ആദ്യം എന്റെ അച്ഛന്‍ തന്നെ ... എത്ര നാള്‍ അവിടെ കിടന്നിരിക്കുന്നു അദ്ദേഹം ...!

മെല്ലെ ആ രൂപതിനടുത്തെത്തി യപ്പോള്‍ അത് എഴുന്നേറ്റിരിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി, കഴിയാതെ തളര്ന്നിരിന്നു. മൊട്ടയടിച്ച തലയും, തളര്‍ന്നുണങ്ങിയ ശരീരവുമായ ആ രൂപത്തിന്റെ കണ്ണുകളിലേക്കു നോക്കവേ ഞാന്‍ നടുങ്ങിപോയി. മുന്‍പൊരിക്കല്‍, ഞാന്‍ എന്റെ " ക്ലാസ്സില്‍ ഉറങ്ങുന്ന പെണ്‍കുട്ടി " എന്ന കഥയില്‍ പറഞ്ഞ ആ പെണ്‍കുട്ടിയായിരുന്നു അത്. എങ്ങിനെ അവിടെയെത്തി എന്ന് ചോദിച്ചില്ല. എന്ത് പറ്റിയെന്നും. വെറുതേ ആ കുട്ടിയുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. മുഖം കൈകളില്‍ പിടിച്ചു, മെല്ലെ തഴുകി. പാവം.. അത് വല്ലാതെ കിതക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു. അവളുടെ ഒരു കൈ എന്റെ കയ്യില്ടെത് ഞാന്‍ മെല്ലെ തഴുകി കൊടുത്തു. കുറച്ചു നേരം അങ്ങിനെയിരുന്നു, പിന്നെ എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചു. അവള്‍ക്കു കുറച്ചു മുന്തിരി കിട്ടിയാല്‍ കൊള്ളാം എന്നാണു പറഞ്ഞത്.

അടുത്ത വാര്‍ഡില്‍ തന്നെ കിടക്കുന്ന അടുത്ത വീട്ടിലെ ചേച്ചിക്കുള്ള മരുന്ന് കൊടുത്ത്, അവരോടു ആ പെണ്‍കുട്ടിയെ പറ്റി പറഞ്ഞപ്പോള്‍, അവളെ അവര്‍ക്കും അറിയാം. നോക്കാന്‍ ആരുമില്ലാത്ത അവളെ അവരെല്ലാം കൂടി തന്നെയാണ് സഹായിക്കുന്നത്. ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ആണത്രേ അവള്‍ക്ക്. പലവട്ടം അബോര്‍ഷന്‍ നടത്തിയതിനാലാകാം അതെന്നു എനിക്ക് തോന്നി. രോഗം മൂര്ചിച്ച അവസ്ഥയിലാണ് ഇവിടെ എത്തിയത്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. വേദനയോടെ അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, ആ വേദന എന്നിലും പടര്‍ന്നു കയറി.

ഞാന്‍ വേഗം പോയി കുറച്ചധികം തന്നെ മുന്തിരി വാങ്ങിക്കൊണ്ടുവന്നു. കഴുകി ഓരോന്നായി അവളുടെ വായില്‍ വെച്ചുകൊടുത്തു. അപ്പോഴേക്കും ക്ഷീണിച്ചിരുന്ന അവള്‍ക്കു മയക്കം വരാന്‍ തുടങ്ങി. അവള്‍ പറഞ്ഞു, നന്ദി മാഷെ... ഇനി എനിക്ക് മരിക്കാം.. സ്നേഹത്തിന്റെ ഒരു സ്പര്‍ശം... അത് തന്നെ ധാരാളം മാഷെ.. മാഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ...! മാഷെ, എന്റെ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം ...! കുട്ടികള്‍ ...? ഞാന്‍ നോക്കവേ അവള്‍ പറഞ്ഞു, എന്റെ കൂടപ്പിറപ്പുകള്‍ ...! ശരീരം വിറ്റ പൈസകൊണ്ട് നോക്കിയതിനാലാകണം, അവര്‍ക്കിപ്പോള്‍ ഈ ശരീരം കാണേണ്ടാത്രെ .. ആരും വരാറില്ല... പക്ഷെ മാഷ്‌ പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി ...! ഞാന്‍ മെല്ലെ എഴുന്നേറ്റു ... തിരിഞ്ഞു നോക്കാതെ തന്നെ നടന്നു .. മരണം മാത്രം മണക്കുന്ന, ആ ചുവരുകള്‍ക്കും, മുഷിഞ്ഞു നാറുന്ന വേദനയുടെ ചവിട്ടുപടികള്‍ക്കും മീതെ, കാലന് സ്വാഗതമോതിക്കൊണ്ട് ...!!!