Saturday, October 17, 2009

അമ്മ...!!!

അമ്മ...!!!

ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരാളായിരുന്നു എന്‍റെ ആ സുഹൃത്ത്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതം. സ്നേഹത്തോടെയുള്ള പെരുമാറ്റം. ഏറ്റവും മാന്യമായ പെരുമാറ്റം. ഏതൊരാളെയും എങ്ങിനെയും നേരിടാനുള്ള ചങ്കൂറ്റം. എനിക്ക് മാതൃകയായിരുന്ന ഒരു നല്ല മനുഷ്യന്‍. അവന്‍ അങ്ങിനെയാകുന്നത് അവന്‍റെ അമ്മ കാരണമാണെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയെ കാണണമെന്ന് അതിയായ ആഗ്രഹമായി. അങ്ങിനെ അവന്റെ വീട്ടില്‍ പോയി ഒരിക്കല്‍. അമ്മ ...! അങ്ങിനെയൊരു വാക്ക് തന്നെ ദൈവീകമാണ് . വാക്കില്‍ നോക്കില്‍, ജീവിതത്തില്‍ എല്ലാം ആ ഒരു പ്രതീതി. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും അമ്മ എന്ന് പറയാവുന്ന അപൂര്‍വ്വം ഒരാളായിരുന്നു അവര്‍.

പരിചയപ്പെട്ട ആ നിമിഷം മുതല്‍ തന്നെ എന്‍റെ അമ്മയായി അവരും മനസ്സില്‍ കുടിയേറി. ഒരു ദേവിയുടെ / ദൈവത്തിന്റെ ചാരുതയോടെ, വീട്ടിലെ ഓരോരുത്തരുടെയും കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി അവര്‍ ചെയ്തിരുന്നു. സ്നേഹത്തോടെയും ആദരവോടെയും ആയിരുന്നു അവര്‍ ഓരോരുത്തരോടും പെരുമാറിയിരുന്നത്. മക്കളെ എന്നപോലെ അവര്‍ എന്നോടും പെരുമാറി. സ്നേഹം, ലാളന, എല്ലാം എല്ലാം ആവോളം വാരിക്കോരി. എന്നാല്‍ ഒപ്പം ഉപദേശവും ശാസനയും ഒട്ടും കുറക്കാതെയും.

പിന്നെ ഞാനും അവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായി. ആ അമ്മയുമായുള്ള സഹവാസം എന്‍റെ ജീവിതത്തിലെ പല തെറ്റുകളെയും എനിക്ക് കാണിച്ചു തന്നു. ഞാന്‍ വളരാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ആത്മ ബന്ധം തന്നെ വളരാന്‍ തുടങ്ങി. അവിടെ ആ അമ്മയും അച്ഛനും രണ്ടു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ സുഹൃത്തും അവന്‍റെ പെങ്ങളും. പെങ്ങള്‍ ചെറിയ കുട്ടിയാണ്. അച്ഛന്‍ തളര്‍വാതം പിടിപെട്ടു കിടപ്പിലായിട്ട് വര്‍ഷങ്ങളായി. അവരാണ് ആ അച്ഛനെ നോക്കുന്നത്. ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും പര സഹായം ആവശ്യമായ അദ്ദേഹം പലപ്പോഴും മലമൂത്ര വിസര്‍ജ്ജനങ്ങള്‍ നടത്തുന്നത് പോലും കിടക്കയിലായിരുന്നു. ആ അമ്മ അതെല്ലാം ഒരു വിഷമവും കൂടാതെ വൃത്തിയാക്കുന്നു. ഏറ്റവും നന്നായി ആ അച്ഛനെ നോക്കുന്നു. ഒരിക്കല്‍ പോലും ഞാന്‍ ആ അമ്മയെ സ്നേഹത്തോടെയും സന്തോഷത്തോടെയും അല്ലാതെ കണ്ടിട്ടേ ഇല്ല. അവര്‍ മെല്ലെ മെല്ലെ എന്നില്‍ ഒരു അത്ഭുത മാവുകയായിരുന്നു.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അച്ഛന്‍ തീരെ വയ്യാതായി ആശുപത്രിയിലായപ്പോള്‍ അമ്മ അവിടെ നില്‍ക്കാന്‍ തുടങ്ങി. പക്ഷെ മൂന്നു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അത് നന്നായെന്നായിരുന്നു എനിക്ക് തോന്നിയത്. കാരണം അദ്ദേഹം അത്രയും അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ തീര്‍ത്തും അത്ബുതപ്പെടുതുന്നതായിരുന്നു ആ അമ്മയുടെ പെരുമാറ്റം പിന്നീട്. അവര്‍ ഒരു ബ്രാന്തിയെ പോലെയായി പിന്നെ. ഞാന്‍ പേടിച്ചു നിക്കേയാണ് എന്‍റെ സുഹൃത്ത്‌ എന്നോട് പറയുന്നത്. അവര്‍ അവന്‍റെ അമ്മയല്ലായിരുന്നു. അച്ഛന്റെ പഴയ കാമുകിയായിരുന്നു അവര്‍. അച്ഛന്‍ വീട്ടുകാരുടെ നിര്‍ബന്ധതാല്‍ വേറെ വിവാഹം കഴിച്ചപ്പോള്‍ പിന്നെ ഇവര്‍ വിവാഹം പോലും കഴികാതെ ഇരുന്നു. എന്ത് കൊണ്ടോ അവന്‍റെ അമ്മ ഒരപകടത്തില്‍ മരിച്ചു. ആ അപകടത്തില്‍ തന്നെയാണ് അച്ഛന്‍ ഇങ്ങിനെ ആയതും. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന ഇവര്‍ രണ്ടുപേരെയും നോക്കാന്‍ വന്നതാണ് ഈ അമ്മ. ഇത്രയും കേട്ടതോടെ ഞാന്‍ ആ അമ്മക്ക് മുന്നില്‍ തൊഴുത്‌ നിന്നു ....!!!!


ബിരിയാണി ....!!!

ബിരിയാണി ....!!!

സുഹൃത്തുക്കളുമായി, ബാച്ചലേഴ്സ് റൂമില്‍ താമസിക്കുന്ന സമയം. അവര്‍ക്കെല്ലാവര്‍ക്കും വിഷമിപ്പിക്കുന്ന ഒരു ശല്യമായിരുന്നു എന്റെ സസ്യാഹാര ശീലം. അവിടെ എല്ലാവരും മാംസാഹാരികള്‍ . ഞാനൊരാള്‍ മാത്രം സസ്യാഹാരിയും. എനിക്കാണെങ്കില്‍ ഒന്നും ഉണ്ടാകാനും അറിയില്ല. റൂമില്‍ ഒഴിവുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു പതിവ്. ഒഴിവുള്ളവര്‍ ക്ലീന്‍ ചെയ്യുക. അങ്ങിനെ ഒരാള്‍ക്ക്‌ ഇന്ന ജോലി എന്നില്ലായിരുന്നു. ആദ്യമായി പരിചയ പെട്ടവരായിരുന്നു റൂമിലെ എല്ലാവരും. എന്നിട്ടും ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു അവര്‍ എന്നോട് പെരുമാറിയിരുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക, റൂമിലെ സാധനങ്ങളൊക്കെ ഒതുക്കി വെക്കുക, തുടങ്ങിയവയൊക്കെ ആയിരുന്നു എന്റെ ജോലികള്‍. ഞാന്‍ ജോലിക്ക് പോകുമ്പോഴും ജോലി കഴിഞ്ഞു വന്നാലും, എനിക്കുള്ള ചായ വരെ അവര്‍ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അത്രയും സ്നേഹമായിരുന്നു അവര്‍ക്കെന്നോട്.

അങ്ങിനെ ഞാന്‍ അവിടെ ചെന്ന ശേഷമുള്ള ആദ്യത്തെ പൊതു അവധിക്കു റൂമില്‍ ബിരിയാണി വെക്കാം എന്ന് തീരുമാനിച്ചു. എനിക്ക് അവര്‍ പ്രതെയ്ക ഭക്ഷണവും തയ്യാറാക്കാം എന്ന് പറഞ്ഞു. ഇറച്ചി ഇടും മുന്‍പ് ചോറും മസാലയും എടുത്തു വെച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. അങ്ങിനെ എല്ലാവരും കൂടി ഉഷാറായി പണിയെടുത്തു, വിഭവ സമൃദ്ധ മായ സദ്യതന്നെ തയ്യാറായിതുടങ്ങി. കറികളൊക്കെ ആദ്യം ശരിയാക്കി. എനിക്കുള്ള ഭക്ഷണം ശരിയാക്കി. ഒടുവില്‍ ബിരിയാണിയും തയ്യാറാക്കി. ധം ബിരിയാണിയാണ് ഉണ്ടാക്കുന്നത്‌. അതില്‍ നിപുണനായ ഒരു ഇക്കയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടക്കുന്നു. അങ്ങിനെ ബിരിയാണി തയ്യാറായി ധം ഇട്ടു വെച്ചിരിക്കുന്നു.

അപ്പോഴാണ് പുറത്തു ഒരു ബഹളം കേട്ടത്. അടുത്തുള്ള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കുട്ടി താഴേക്ക് വീണിരിക്കുന്നു. റൂമില്‍ വളരെ ചെറിയ രണ്ടു കുട്ടികളെ മാത്രം അടച്ചിട്ട് അവരുടെ അച്ഛനും അമ്മയും ജോലിക്ക് പോയതാണ്. അതില്‍ ചെറിയ കുട്ടിക്ക് രണ്ടു വയസ്സും, വലിയ കുട്ടിക്ക് നാലുവയസ്സും പ്രായം. നാലുവയസ്സുള്ള കുട്ടി, രണ്ടു വയസ്സുള്ള കുട്ടിയുടെ കളിക്കുന്നതിനിടയില്‍ പുറത്തു പോയ പാവ എടുക്കാനായി തുനിയവെയാണ് താഴെ വീണത്‌. കയ്യില്‍ മുറുകെ പിടിച്ച പാവയുമായി അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തിരുന്നു ആ പാവം.

കണ്ടു നില്‍കാന്‍ വയ്യാതെ ഞാന്‍ റൂമിലേക്കോടി. ഞങ്ങള്‍ എല്ലാവരും ആ വേദനയില്‍ എല്ലാം മറന്നു. കുറച്ചു കഴിഞ്ഞു അടുക്കളയില്‍ നിന്നും കരിഞ്ഞ മണം കേട്ട് ചെല്ലുമ്പോള്‍ ബിരിയാണി കരിഞ്ഞുണങ്ങിയിരുന്നു ....!!!

Thursday, October 15, 2009

ലോട്ടറി ....!!!

ലോട്ടറി ....!!!

പ്രിയപ്പെട്ട കൂട്ടുകാരനെ സഹായിച്ചു കടക്കെണിയില്‍ പെട്ട് നാട്ടിലും വീട്ടിലും നട്ടം തിരിയുന്ന സമയം. പരിഹാസവും പുച്ഛവും ആവോളം കിട്ടുന്നുണ്ടായിരുന്നത് കൊണ്ട് വിശപ്പും ദാഹവും പോലുമില്ലാതെ അലയുകയായിരുന്നു. എങ്ങിനെയും കടങ്ങള്‍ വീട്ടാനുള്ള നെട്ടോട്ടം. ഓടിയോടി തളരുപോള്‍ വീണ്ടും ഓടേണ്ടിവരുന്ന അവസ്ഥ. അങ്ങോട്ട്‌ ലക്ഷങ്ങള്‍ വാങ്ങി കൊല്ലങ്ങള്‍ കഴിഞ്ഞു തിരിച്ചു തന്നിരുന്നവര്‍ പോലും കിട്ടാനുള്ള ആയിരങ്ങല്‍ക്കായി വീട്ടില്‍ പലപ്രാവശ്യം വരുന്നു. വേണ്ടപ്പെട്ടവര്‍ പോലും തിരിഞ്ഞു നോക്കാതിരിക്കുന്നു.. അങ്ങിനെ അങ്ങിനെ ഒരു മഹാ ദുരിത പര്‍വ്വം.

സുഹൃത്തിനെ സഹായിച്ചു കുടിങ്ങിയ കഥ ഇവിടെ വായിക്കാം. "സുഹൃത്ത്‌ ...!!!"

അങ്ങിനെയിരിക്കെ എങ്ങിനെയും കിട്ടാനുള്ളതൊക്കെ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ നാട്ടിലെത്തി. നാട്ടിലെത്തി അവന്റെ വീട്ടില്‍ തന്നെയാണ് ആദ്യം പോയത്. അവിടുത്തെ അവസ്ഥ അതിലും ദയനീയം. പിന്നെയും ഞാന്‍ തന്നെയാണ് കേമന്‍ എന്ന് തോന്നിപോയത് അന്നാദ്യമായാണ് എനിക്ക്. കയ്യിലുണ്ടായിരുന്ന പൈസ മുഴുവന്‍ അവിടെ കൊടുത്ത് പോരേണ്ടി വന്നു അവിടുത്തെ അവസ്ഥ കണ്ടപ്പോള്‍. ഇനി എന്ത് ചെയ്യും എന്ന ഗഹനമായ ആലോചനയില്‍ നടക്കുകയായിരുന്നു പിന്നെ.

അങ്ങിനെ ഒരു ധനകാര്യ സ്ഥാപനം നടത്തിയിരുന്ന എന്റെ ഒരു സുഹൃത്തിനെ കാണാനെത്തി. അവന്‍ വഴി എന്തെങ്കിലും ലോണ്‍ ശരിയാക്കാം എന്നായിരുന്നു ചിന്ത. അങ്ങിനെ അവിടെയെത്തി, അവനുമായി സംസാരിക്കുമ്പോഴാണ് വളരെ വയ്യാത്ത ഒരാള്‍ ലോട്ടറിയുമായി വന്നത്. സാധാരണ ഒരിക്കലും ലോട്ടറി എടുക്കാത്ത ഞാന്‍ അയാളുടെ ദൈന്യത കണ്ട് അയാള്‍ നീട്ടിയ രണ്ടെണ്ണം വാങ്ങി കീശയിലിട്ടു. കൂട്ടുകാരനോട് ലോണിന്റെ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ പോരുകയും ചെയ്തു.

പൈസക്കായുള്ള നെട്ടോട്ടം തുടരുന്നതിനിടയില്‍ ഞാന്‍ എന്നെ തന്നെ പലപ്പോഴും മറന്നുപോകുന്ന അവസ്ഥയായിരുന്നു. അപ്പോഴാണ് അവന്‍ എന്നെ വിളിക്കുന്നത്‌. ഉടനെ അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി ലോണ്‍ ശരിയായിട്ടുണ്ടാകും എന്ന്. അങ്ങിനെ ഞാന്‍ അവിടെ ഓടിയെത്തിയപ്പോള്‍ അന്ന് എനിക്ക് ലോട്ടറി തന്ന ആ വയ്യാത്ത ആളും വേറെ രണ്ടു പേരും എന്നെ കാത്തിരിക്കുന്നു. അന്ന് എനിക്ക് തന്ന ലോട്ടറിക്കാണത്രേ ഒന്നാം സമ്മാനമായ പത്തു ലക്ഷം അടിച്ചിരിക്കുന്നത്‌. ഞാന്‍ ഞെട്ടണോ വീഴാണോ എന്ന് ഒരു നിമിഷം അന്തിച്ചു. കിലുക്കം സിനിമയില്‍ ഇന്നസെന്റിന്റെ അവസ്ഥ.

ലോട്ടറി കയ്യില്‍ ഉണ്ടായിരുന്നില്ലാതതിനാല്‍ അതെടുക്കാന്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും കൂടി എന്റെ വീട്ടിലെത്തി. അത് പക്ഷെ അവിടെ എവിടെയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഞാനോര്‍ക്കുന്നത്, അന്ന് വരുന്നവഴിതന്നെ അത് നഷ്ട്ടപെട്ടിരുന്നു എന്ന്.....!!!

Tuesday, October 13, 2009

ഒരു ഡല്‍ഹി യാത്ര....!!!

ഒരു ഡല്‍ഹി യാത്ര....!!!

ഡല്‍ഹി എപ്പോഴും മോഹിപ്പിക്കുന്ന ഒരു നഗരമായിരുന്നു എനിക്ക്. സിനിമാ നഗരമായ മദിരാശി ( ചെന്നൈ ) യേക്കാള്‍ ഒരിക്കലും ഇല്ലെങ്കിലും പോകാന്‍ ഇഷ്ട്ടമുള്ള നഗരം. മുന്‍പൊരിക്കല്‍ ഒരു വിനോദ യാത്രയായി പോയതോടെയാണ് അവിടം ഇഷ്ട്ടമായത്. പിന്നെയൊരിക്കല്‍, ഒരു ബന്ദുവിനൊപ്പം പോയി പെട്ടെന്ന് തിരിച്ചു വരേണ്ടിയും വന്നു. അതുകൊണ്ടാണ് അപ്രാവശ്യം , എന്റെ സുഹൃത്തിന്റെ കൂടെ പോകേണ്ടി വന്നപ്പോള്‍ ഞാന്‍ എല്ലാ തയ്യാറെടുപ്പോടെയും തന്നെ പോകാമെന്ന് വെച്ചത്. ഒരാഴ്ച അവിടെ നില്‍ക്കാനും സുഹൃത്തുക്കളെയൊക്കെ കാണാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പരിപാടിയിട്ടു.

സുഹൃത്തിന്റെ സിവില്‍ സര്‍വ്വിസ് പരീക്ഷയുടെ കാര്യങ്ങള്‍ക്കായാണ് ഞങ്ങള്‍ ഔദ്യോഗികമായി പോകുന്നതെന്കിലും ഒരുക്കങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ആവശ്യത്തിനു വസ്ത്രങ്ങള്‍, പണം, എല്ലാം കരുതി, സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞു, അവിടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്തുക്കളെയൊക്കെ എഴുത്തെഴുതിയും ഫോണ്‍ ചെയ്തും ഞങ്ങളുടെ വരവറിയിച്ചും നേരത്തെ തന്നെ തീവണ്ടിയില്‍ സീറ്റൊക്കെ ബുക്ക്‌ചെയ്ത് ഞങ്ങള്‍ യാത്രയായി.

കൂട്ടത്തില്‍ അല്പം മൂത്തത് ഞാനായത് കൊണ്ടും മുന്‍പ് പല പ്രാവശ്യം ഞാന്‍ അവിടെ പോയിരുന്നത് കൊണ്ടും എല്ലാം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. അല്ലെങ്കിലും അവന്റെ അമ്മ എപ്പോഴും അവനോടു എന്നെ കണ്ടു പഠിക്കാനാണ് പറയാറുള്ളത്. പക്ഷെ എന്നെ കണ്ടു പഠിച്ചാല്‍ അവന്റെ വഴി പെരുവഴിയാകുമെന്നു അവനും എനിക്കും നന്നായി അറിയാമായിരുന്നത് കൊണ്ട് അവന്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. എങ്കിലും അവനെന്നെ കുറച്ചൊക്കെ ബഹുമാനവും ആയിരുന്നു. അങ്ങിനെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട്‌ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.

അവിടെയെത്തിയാല്‍ പോകേണ്ട സ്ഥലങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തു. എന്തൊക്കെ ചെയ്യണം, ആരെയെല്ലാം എപ്പോഴൊക്കെ കാണണം, തുടങ്ങി എല്ലാം ഞങ്ങള്‍ തീരുമാനിച്ചു. താജിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി ഇരിക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. അവിടുത്തെ രാജവീധികള്‍ ഞങ്ങളെ വേഗം വരൂ വേഗം വരൂ എന്ന് മാടിവിളിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. തീവണ്ടിക്കു വേഗം പോരാതെ വന്നു. ഉറക്കം നിശ്ശേഷം ഒഴിവായി. ഞങ്ങള്‍ ദിവാസ്വപ്നത്തില്‍ മുഴുകി.

ഒരു ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയതിനു ശേഷം തീവണ്ടി അതിന്റെ വേഗത വീണ്ടെടുത്ത്‌ മുന്നോട്ടു പോകാന്‍ തുടങ്ങി. പെട്ടെന്നാണ്‌ ഞങ്ങളുടെ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ഭയങ്കര ബഹളം കേട്ട് ഞങ്ങള്‍ രണ്ടു പേരും ഞെട്ടി ഉണര്‍ന്നത്. മൂന്നു കൊള്ളക്കാര്‍ ആയുധങ്ങളുമായി എല്ലാവരെയും കൊള്ളയടിക്കുന്നു. ആളുകളെ അടിക്കുന്നു, ഭീഷണിപ്പെടുത്തുന്നു എല്ലാം തട്ടിയെടുക്കുന്നു. ഞെട്ടലില്‍ നിന്നുണര്‍ന്ന ഞങ്ങള്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. പ്രത്യാക്രമണത്തിനു ഞങ്ങള്‍ തയ്യാറായതോടെ, അവരുടെ മട്ടുമാറി. പെട്ടെന്ന് ചെയിന്‍ വലിച്ചു അവര്‍ വണ്ടി നിര്‍ത്തി. പുറത്തു പോകാതെ ആയുധ മുനയില്‍ തന്നെ എല്ലാവരെയും നിര്‍ത്തി അവരും അവിടെ തന്നെ നിന്നു. അപ്പോഴേക്കും ഗാര്‍ഡുകളും മറ്റുജീവനക്കാരും ഞങ്ങളുടെ ബോഗ്ഗിയിലേക്ക് ഓടി വന്നു.

പെട്ടെന്നാണ്‌ എല്ലാം തലകീഴായി മറിഞ്ഞത്. എല്ലാവരും ഓടിവന്നത്തോടെ ഈ കൊള്ളക്കാരുടെ നിറം മാറി അവര്‍ ആയുധങ്ങളൊക്കെ എവിടെയാണ് ഒളിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് പോലും മനസ്സിലായില്ല. പെട്ടെന്ന്, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് അലറി വിളിച്ചു, കള്ളന്‍ കള്ളന്‍ എന്ന്. മുന്‍കൂട്ടിയുള്ള നാടകം കണക്കെ ഗാര്‍ഡുകള്‍ ഞങ്ങള്‍ക്ക് നേരെ ഓടിവരുമ്പോള്‍, യഥാര്‍ത്ഥ കള്ളന്മാര്‍ ഇരുട്ടില്‍ എങ്ങോ ഓടിമറഞ്ഞിരുന്നു ....!!!

പ്രണയ ലേഖനം ......!!!

പ്രണയ ലേഖനം ......!!!

പ്രിഡിഗ്രീയുടെ രണ്ടു പേപ്പര്‍ തോറ്റപ്പോള്‍ അത് എഴുതിയെടുക്കാനുള്ള ഓട്ടമായി പിന്നെ. കൂട്ടുകാരെല്ലാം ഡിഗ്രി ക്ക് ചേര്‍ന്നിരുന്നു. ഞാന്‍ മാത്രം പുറത്ത്. എങ്ങിനെയും പഠിച്ചു എഴുതിയെടുക്കാന്‍ തയ്യാറായി സ്വകാര്യ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങി. അങ്ങിനെ ആ ക്ലാസ്സില്‍ പോകവേ, പരിചയപ്പെട്ട ഒരു സുഹൃത്ത്‌ വഴി ഒപ്പം തന്നെ വേറെ രണ്ടു കോഴ്സുകള്‍ക്കും ചേര്‍ന്നു. സിനിമ സംവിധാനവും, ജേര്‍ണലിസവും. രണ്ടും ഡിപ്ലോമ കോഴ്സുകളാണ് . എല്ലാം കൂടി ദിവസം മുഴുവനും പഠനം തന്നെയായി.

സിനിമ കോഴ്സുകള്‍ക്ക് പോകുന്നത് രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ്. എപ്പോഴും അവരുണ്ടാകും കൂടെ. അതിലൊരാള്‍ അഭിനയമാണ് പഠിക്കുന്നത്. മറ്റെയാള്‍ സിനിമാട്ടോഗ്രാഫിയും. അതില്‍ അഭിനയം പഠിക്കുന്ന കൂട്ടുകാരന്റെ ക്ലാസ്സിലാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. അവിടെ പെണ്‍കുട്ടികളും കൂടുതലുണ്ട്. അത് കൊണ്ട് തന്നെ ക്ലാസ്സ് കഴിഞ്ഞാലും ആ ഭാഗത്ത് പലരും ചുറ്റി തിരിയാരുണ്ട്. അതില്‍ ഞാനും എന്റെ കൂട്ടുകാരും ഉണ്ടാകാറുണ്ട്. ഞങ്ങള്‍ അങ്ങിനെ നടക്കുമ്പോള്‍ എപ്പോഴും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പോകാറുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.

അവര്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. രണ്ടു പേരും കാണാന്‍ നല്ല കുട്ടികളാണ്. എങ്കിലും അതില്‍ ഒരു കുട്ടിയെയാണ് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇഷ്ട്ടമായത്. മൂവരും അത് ആദ്യം സ്വകാര്യമാക്കി വെച്ചു താനും. ഇനി അറിയേണ്ടത് അവള്‍ക്കു ഞങ്ങളില്‍ ആരെയാണ് ഇഷ്ട്ടം എന്നാണു. അതിനായി ഓരോരുത്തരും ഓരോ കാരണങ്ങള്‍ പറഞ്ഞു അതിലൂടെ പല സമയത്തും നടക്കാന്‍ തുടങ്ങി. അവളോട്‌ കാണുമ്പോഴെല്ലാം സംസാരിക്കാനും അടുത്തിടപഴകാനും ശ്രമിച്ചിരുന്നു. അവളാകട്ടെ ഞങ്ങളോട് വളരെ താത്പര്യ പൂര്‍വ്വമാണ്‌ ഇടപഴ്കിയിരുന്നത്.

ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ഞങ്ങള്‍ മൂന്നുപേരോടും ഒരു പോലെയാണ് സംസാരിച്ചിരുന്നത്. അതും നല്ല താത്പര്യത്തോടെ. അതില്‍ ഞങ്ങള്‍ നന്നായി തന്നെ വിയര്‍ത്തു പോയി. ഇനി എങ്ങിനെ കണ്ടെത്തും. അങ്ങിനെ ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കൂട്ടമായി ചര്‍ച്ച ചെയ്തു, ആരോടാണോ അവള്‍ക്കു പ്രണയം അയാള്‍ക്ക്‌ മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യണം എന്ന് തീരുമാനത്തിലെത്തി. കാര്യങ്ങള്‍ ഭംഗിയാക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് ഞങ്ങള്‍ മുന്നേറി. അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവളെ കൂട്ട് കൂടിക്കാണും ഞങ്ങള്‍ കിണഞ്ഞു ശ്രമിക്കാനും തുടങ്ങി. എന്നിട്ടും അവള്‍ക്കു ഞങ്ങളോടുള്ള സമീപനം പഴയതുപോലെ തന്നെ ആയിരുന്നു.

ഞങ്ങള്‍ എപ്പോഴും അവളുമൊത്തുള്ള സമയങ്ങള്‍ സ്വപ്നം കണ്ടു നടന്നു. ദിവാ സ്വപ്നങ്ങളില്‍ ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. ഒരിക്കല്‍ എന്റെ ക്ലാസ്‌ ടീച്ചര്‍ ഇത് കണ്ടെത്തി ഞങ്ങളോട് ഒരു ചെറു ചിരിയോടെ ചോദിക്കുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ ഒന്നും തുറന്നു പറഞ്ഞില്ല. അങ്ങിനെ ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ മൂന്നുപേരും നടക്കവേ ഒരു ദിവസം അവള്‍ അവള്‍ക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു അവളുടെ കൂട്ടുകാരിയും കൂടി ഞങ്ങള്‍ക്കടുത്തെത്തി. ഞങ്ങളുടെ ഹൃദയം പട പടാ മിടിക്കുന്നത്‌ അടുതുള്ളവര്‍ക്കും ശരിക്കും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ശരിക്കും അമ്പരന്നു നില്‍ക്കെ അവള്‍ വളരെ സാവധാനത്തോടെ പറയാന്‍ തുടങ്ങി. അവള്‍ക്കു ഒരാളെ ഇഷ്ട്ടമാനെന്നും, അതിനു ഞങ്ങളുടെ സഹായം വേണമെന്നും. അതാകട്ടെ ഞങ്ങള്‍ ആരുമല്ല, എന്റെ ക്ലാസ്സ്‌ ടീച്ചറായിരുന്നു .....!!!

Monday, October 12, 2009

രാജ കൊട്ടാരത്തില്‍ ഒരു വിരുന്ന് ...!!!

രാജ കൊട്ടാരത്തില്‍ ഒരു വിരുന്ന് ...!!!

തീര്‍ത്തും അവിചാരിതമായാണ് ഞാന്‍ ആ രാജകുമാരിയെ പരിചയപ്പെടുന്നത്‌. നമ്മുടെ നാടിനെയും നാട്ടുകാരെയും ഒരുപാട് സ്നേഹിക്കുന്ന ഇവിടുത്തെ എല്ലാവരെയും പോലെ അവരും നമ്മളെ ഇഷ്ട്ട പെട്ടിരുന്നു ഒരുപാട്. ഇടക്കൊക്കെ വിളിക്കുകയും വല്ലപ്പോഴും കാണുകയും ചെയ്യാറുണ്ടായിരുന്ന ഞങ്ങള്‍ വളരെ പെട്ടെന്ന് കുടുംബ സുഹൃത്തുക്കളായി. എന്റെ ഭാര്യക്കും കുട്ടികള്‍ക്കും അവരോടു വളരെ അടുപ്പമായി. അങ്ങിനെയാണ് അവര്‍ ഞങ്ങളെ വളരെ സ്വകാര്യമായ അവരുടെ ഒരു സല്‍ക്കാരത്തിന് ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ചു ഞങ്ങള്‍ പോകാമെന്ന് വെച്ച്.

ഈ അറേബ്യയുടെ രാജമന്ദിരങ്ങളില്‍ എന്റെ പല നാട്ടുകാരും കൂട്ടുകാരും പണിയെടുക്കുന്നുണ്ട്. തൊടി മുതല്‍ അകത്തളങ്ങള്‍ വരെ. വളരെ സ്വാധീനം ചെലുതാവുന്നവര്‍ മുതല്‍ അറിയാത്തവര്‍ വരെ. അവര്‍ക്കൊപ്പം എന്നപോലെ, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആവശ്യാര്‍ത്ഥവും പലപ്പോഴും പലയിടത്തും ഞാനും പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു പ്രത്യേക ക്ഷണിതാവായി അവിടെ കയറിചെല്ലുന്നത്‌ ആദ്യമായിരുന്നു. അതിന്റെ ഒരു പരിഭ്രമം ഞങ്ങളില്‍ നന്നായി ഉണ്ടായിരുന്നെങ്കിലും, സ്വകാര്യമായ ഒരു അഹങ്കാരവും അതോടൊപ്പം ഉണ്ടായിരുന്നു.

നന്നായി വസ്ത്രം ധരിച്ച്, പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ അവിടെയെത്തി. ഞങ്ങളെ സ്വീകരിക്കാന്‍ ആ കുട്ടിയും, അവളുടെ അച്ഛനും അമ്മയും സഹോദരനും നേരിട്ടെത്തി. ഞങ്ങള്‍ വിശാലമായ ആ രാജകീയ പ്രൌടിയില്‍ മനം മയങ്ങി മുന്നോട്ടു നീങ്ങി. അവിടെ പണിയെടുക്കുന്ന ഓരോരുത്തരും ഞങ്ങളെ ഒട്ടൊരു അത്ബുതത്തോടെയാണ് നോക്കിയിരുന്നത്. ഒരു മായിക ലോകത്തില്‍ എന്നപോലെ ഞങ്ങള്‍ മുന്നോട്ടു പോയി. ഇന്ഗ്ലീഷും കുറച്ചൊക്കെ ഹിന്ദിയും രണ്ടുമൂന്നു മലയാള പദങ്ങളും കൈകാര്യം ചെയ്തിരുന്ന അവര്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം ആദരിച്ചു.

അകത്തു പ്രത്യേകം തയ്യാറാക്കിയ സ്വീകരണ മുറിയില്‍ ഞങ്ങള്‍ ഇരുന്ന് കുശലാന്വെഷണങ്ങള്‍ക്കൊടുവില്‍ , ഞങ്ങള്‍ ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു. അവര്‍ തന്നെ ഞങ്ങളെ തീന്മുറിയിലേക്ക് കൊണ്ടുപോയി. എന്റെ സുഹൃത്തുക്കള്‍ വഴി പലപ്പോഴും പല രാജകീയ വിഭവങ്ങളും ഞങ്ങള്‍ കഴിചിട്ടുന്ടെങ്കിലും അക്കുറി അവിടെ ഒരുക്കിയതൊക്കെയും പ്രത്യേകതയുള്ളതായിരുന്നു. ഞങ്ങള്‍ ഒരിക്കലും കാണുക പോലും ചെയ്യാത്ത പലതും. കുട്ടികളെ ആദ്യം അവരവരുടെ സൌകര്യമനുസരിച്ചു തന്നെ അവിടുത്തെ ആളുകള്‍ ഇരുത്തി, അവര്‍ക്കുള്ള ഭക്ഷണം കൊടുത്തു തുടങ്ങി. പിന്നെ ഞങ്ങളും അടുത്തായി ഇരുന്നു.

ഇവിടുത്തെ ആചാരമനുസരിച്ച് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ഇവിടുത്തുകാര്‍ ഭക്ഷണം കൈകൊണ്ടാണ് വിളമ്പി തരുക. അങ്ങിനെ ആ കുട്ടിയുടെ അച്ഛന്‍ തന്നെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തുടങ്ങി. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോയിരുന്നു. അവര്‍ക്കൊപ്പം എന്റെ ഭാര്യയും കുട്ടികളും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അങ്ങിനെ ഞാനും കഴിക്കാനായി പാത്രത്തില്‍ കൈ വെച്ചു. അപ്പോള്‍ മാത്രമാണ് ഞാന്‍ അതോര്‍ക്കുന്നത് ഇതെല്ലാം മാംസാഹാരം ആണെന്ന്. ഞാന്‍ ഒരു തികഞ്ഞ സസ്യാഹാരിയും. ....!!!


Sunday, October 11, 2009

ഇ വെയ്സ്റ്റ്‌ ....!!!

ഇ വെയ്സ്റ്റ്‌ ....!!!

അവന്‍ തനിച്ചാണെന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അങ്ങോട്ട്‌ പോയത് തന്നെ. പക്ഷെ ഞാനവിടെ ചെല്ലുമ്പോഴേക്കും അവന്റെ മറ്റൊരു സുഹൃത്തുകൂടി അവിടെ എത്തിയിരുന്നു. പരിച്ചയപ്പെട്ടപ്പോഴാണ് അറിയുന്നത് അദ്ദേഹം ബ്ലോഗ്ഗിലെ ഒരു പുലിയാണെന്ന്. പുലി എന്ന് പറഞ്ഞാലും പോര, പുപ്പുലി തന്നെ.

ഇരുന്ന്, സംസാരം കുശലന്വേഷണവും കുടുംബ കാര്യങ്ങളും നാടുകാര്യങ്ങളും കടന്നു ഒടുവില്‍ ഞാന്‍ പേടിച്ച പോലെ ബ്ലോഗ്ഗിലും ബ്ലോഗ്ഗ് രചനകളിലും തന്നെ ചെന്നെത്തി. ഭാഗ്യത്തിന് ഞാനോ അവനോ എന്റെ ബ്ലോഗ്ഗിനെ കുറിച്ചോ എന്റെ എഴുത്തിനെ കുറിച്ചോ പറഞ്ഞിരുന്നില്ല. അവന്‍ അതെപറ്റി സൂചിപ്പിക്കാന്‍ തുടങ്ങിയപ്പോഴൊക്കെ ഞാന്‍ അവനെ കണ്ണ് കാണിച്ചു പേടിപ്പിചിരുത്തി.

അതിനിടയില്‍ ഞങ്ങള്‍ പോയി ചായ ഉണ്ടാക്കി കൊണ്ടുവന്നു. അവന്റെ കുടുംബം നാട്ടില്‍ പോയതിനാല്‍ വേറെ വഴിയും ഉണ്ടായിരുന്നില്ല. ചായയും പിന്നെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന കുറച്ചു പ്രത്യേക പലഹാരങ്ങളും കഴിക്കുന്നതിനിടയിലും ഇദ്ധേഹം ബ്ലോഗ്ഗില്‍ നിന്ന് പിടി വിട്ടിരുന്നില്ല. ബ്ലോഗ്ഗിന്റെ സാധ്യതകളും, അതിലെ തമ്മില്‍ തല്ലുകളും, തന്‍ പ്രമാനിതങ്ങളും, ഓരോരുത്തര്‍ അവരാണ് ബ്ലോഗ്ഗ് കണ്ടുപിടിച്ചത് എന്നമട്ടില്‍ പെരുമാറുന്നതും ഗൂഗിള്‍ ചിലരുടെ സ്വകാര്യ സ്വതാനെന്ന മട്ടില്‍ അഹങ്കരിക്കുന്നതും അവരാണ് ലോക വിജ്ഞാന കോശം എന്നമട്ടില്‍ ചിലര്‍ നെകളിക്കുന്നതും കള്ളപേരുകളില്‍ തെമ്മാടിതങ്ങള്‍ കാണിക്കുന്നതും മറ്റുള്ളവരെയെല്ലാം തെറി വിളിക്കുന്നതും എന്ന് വേണ്ട ആവേശ പൂര്‍വ്വം ഇനി പറയാന്‍ ഒന്നുമില്ല.

എരിവും പുളിയും കൂട്ടി എന്റെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ബ്ലോഗ്ഗില്‍ നിന്ന് ഞങ്ങള്‍ക്കുണ്ടായിട്ടുള്ള കയ്പ്പേറിയ അനുഭവങ്ങള്‍ അങ്ങിനെയെങ്കിലും പറഞ്ഞു തീര്‍ക്കാനുള്ള അവസരമായി അവനും അതിനെ എടുത്തു എന്ന് തോന്നുന്നു. അവന്‍ അറിയപ്പെടുന്ന ഒരു കവിയും ബ്ലോഗ്ഗറും ഒക്കെ ആയതിനാല്‍ അരങ്ങു കൊഴുത്തു. എല്ലാം കേട്ട് മിണ്ടാതെ ഞാനും.

അതിനിടയില്‍ അവന്റെ കമ്പ്യൂട്ടര്‍ തുറന്നു ബ്ലോഗ്ഗിലെ ഉദാഹരണങള്‍ വരെ അവര്‍ കണ്ടെത്താനും ചര്‍ച്ച ചെയ്യാനും തുടങ്ങി. അതോടെ എന്റെ നെജിടിപ്പും കൂടാന്‍ തുടങ്ങി. അങ്ങിനെ സംസാരം അനാവശ്യവും നിലവാര മില്ലാതതുമായ രചനകളെ കുറിച്ചായി. അത് എന്നെ ശരിക്കും കുഴപ്പിച്ചു. ഓരോരോ ആളുകള്‍ വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ഓരോന്ന് എഴുതി വിടും, മറ്റുള്ളവരുടെ സമയവും സ്വസ്ഥതയും നശിപ്പിക്കാന്‍ എന്നായി അദ്ദേഹം. ഇത്തരം ആളുകളെ ബ്ലോഗ്ഗില്‍ നിന്ന് എന്നതെക്കുമായി നീക്കം ചെയ്യുക മാത്രമല്ല മാതൃകാ പരമായി ശിക്ഷിക്കുക തന്നെ വേണം എന്നും അദ്ദേഹം കൂട്ടിചെര്തപ്പോള്‍ ഞാന്‍ ഒന്ന് വിയര്‍ത്തു.

ഇങ്ങനെ ഉദാഹരണങ്ങള്‍ കാണിക്കുന്ന കൂട്ടത്തില്‍, തടയപെടെണ്ട ഒരു ചവറു ബ്ലോഗ്ഗ് ഞാന്‍ കാണിച്ചു തരാം എന്നും, ഇവനൊന്നും ഒരു പണിയും ഇല്ലേ, മിനിട്ടിനു ഒന്നെന്ന മട്ടിലാണ് ഇവനൊക്കെ ചവറുകള്‍ പടച്ചുണ്ടാക്കുന്നത് എന്നും പറഞ്ഞു ഒരു ബ്ലോഗ്ഗ് തുറന്നു കാണിച്ചു. സുഹൃത്ത്‌ വിളറി വെളുക്കുന്നത്‌ കണ്ടുകൊണ്ടാണ് ഞാന്‍ പേടിയോടെ കംപ്യുട്ടറിലേക്ക് നോക്കിയത്. അദ്ദേഹം തുറന്നു കാണിക്കുന്നത് എന്റെ ബ്ലോഗ്ഗായിരുന്നു .....!!!