Saturday, October 17, 2009

അമ്മ...!!!

അമ്മ...!!!

ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരാളായിരുന്നു എന്‍റെ ആ സുഹൃത്ത്. അടുക്കും ചിട്ടയോടും കൂടിയുള്ള ജീവിതം. സ്നേഹത്തോടെയുള്ള പെരുമാറ്റം. ഏറ്റവും മാന്യമായ പെരുമാറ്റം. ഏതൊരാളെയും എങ്ങിനെയും നേരിടാനുള്ള ചങ്കൂറ്റം. എനിക്ക് മാതൃകയായിരുന്ന ഒരു നല്ല മനുഷ്യന്‍. അവന്‍ അങ്ങിനെയാകുന്നത് അവന്‍റെ അമ്മ കാരണമാണെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയെ കാണണമെന്ന് അതിയായ ആഗ്രഹമായി. അങ്ങിനെ അവന്റെ വീട്ടില്‍ പോയി ഒരിക്കല്‍. അമ്മ ...! അങ്ങിനെയൊരു വാക്ക് തന്നെ ദൈവീകമാണ് . വാക്കില്‍ നോക്കില്‍, ജീവിതത്തില്‍ എല്ലാം ആ ഒരു പ്രതീതി. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും അമ്മ എന്ന് പറയാവുന്ന അപൂര്‍വ്വം ഒരാളായിരുന്നു അവര്‍.

പരിചയപ്പെട്ട ആ നിമിഷം മുതല്‍ തന്നെ എന്‍റെ അമ്മയായി അവരും മനസ്സില്‍ കുടിയേറി. ഒരു ദേവിയുടെ / ദൈവത്തിന്റെ ചാരുതയോടെ, വീട്ടിലെ ഓരോരുത്തരുടെയും കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി അവര്‍ ചെയ്തിരുന്നു. സ്നേഹത്തോടെയും ആദരവോടെയും ആയിരുന്നു അവര്‍ ഓരോരുത്തരോടും പെരുമാറിയിരുന്നത്. മക്കളെ എന്നപോലെ അവര്‍ എന്നോടും പെരുമാറി. സ്നേഹം, ലാളന, എല്ലാം എല്ലാം ആവോളം വാരിക്കോരി. എന്നാല്‍ ഒപ്പം ഉപദേശവും ശാസനയും ഒട്ടും കുറക്കാതെയും.

പിന്നെ ഞാനും അവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായി. ആ അമ്മയുമായുള്ള സഹവാസം എന്‍റെ ജീവിതത്തിലെ പല തെറ്റുകളെയും എനിക്ക് കാണിച്ചു തന്നു. ഞാന്‍ വളരാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ആത്മ ബന്ധം തന്നെ വളരാന്‍ തുടങ്ങി. അവിടെ ആ അമ്മയും അച്ഛനും രണ്ടു മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ സുഹൃത്തും അവന്‍റെ പെങ്ങളും. പെങ്ങള്‍ ചെറിയ കുട്ടിയാണ്. അച്ഛന്‍ തളര്‍വാതം പിടിപെട്ടു കിടപ്പിലായിട്ട് വര്‍ഷങ്ങളായി. അവരാണ് ആ അച്ഛനെ നോക്കുന്നത്. ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും പര സഹായം ആവശ്യമായ അദ്ദേഹം പലപ്പോഴും മലമൂത്ര വിസര്‍ജ്ജനങ്ങള്‍ നടത്തുന്നത് പോലും കിടക്കയിലായിരുന്നു. ആ അമ്മ അതെല്ലാം ഒരു വിഷമവും കൂടാതെ വൃത്തിയാക്കുന്നു. ഏറ്റവും നന്നായി ആ അച്ഛനെ നോക്കുന്നു. ഒരിക്കല്‍ പോലും ഞാന്‍ ആ അമ്മയെ സ്നേഹത്തോടെയും സന്തോഷത്തോടെയും അല്ലാതെ കണ്ടിട്ടേ ഇല്ല. അവര്‍ മെല്ലെ മെല്ലെ എന്നില്‍ ഒരു അത്ഭുത മാവുകയായിരുന്നു.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അച്ഛന്‍ തീരെ വയ്യാതായി ആശുപത്രിയിലായപ്പോള്‍ അമ്മ അവിടെ നില്‍ക്കാന്‍ തുടങ്ങി. പക്ഷെ മൂന്നു ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അത് നന്നായെന്നായിരുന്നു എനിക്ക് തോന്നിയത്. കാരണം അദ്ദേഹം അത്രയും അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ തീര്‍ത്തും അത്ബുതപ്പെടുതുന്നതായിരുന്നു ആ അമ്മയുടെ പെരുമാറ്റം പിന്നീട്. അവര്‍ ഒരു ബ്രാന്തിയെ പോലെയായി പിന്നെ. ഞാന്‍ പേടിച്ചു നിക്കേയാണ് എന്‍റെ സുഹൃത്ത്‌ എന്നോട് പറയുന്നത്. അവര്‍ അവന്‍റെ അമ്മയല്ലായിരുന്നു. അച്ഛന്റെ പഴയ കാമുകിയായിരുന്നു അവര്‍. അച്ഛന്‍ വീട്ടുകാരുടെ നിര്‍ബന്ധതാല്‍ വേറെ വിവാഹം കഴിച്ചപ്പോള്‍ പിന്നെ ഇവര്‍ വിവാഹം പോലും കഴികാതെ ഇരുന്നു. എന്ത് കൊണ്ടോ അവന്‍റെ അമ്മ ഒരപകടത്തില്‍ മരിച്ചു. ആ അപകടത്തില്‍ തന്നെയാണ് അച്ഛന്‍ ഇങ്ങിനെ ആയതും. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന ഇവര്‍ രണ്ടുപേരെയും നോക്കാന്‍ വന്നതാണ് ഈ അമ്മ. ഇത്രയും കേട്ടതോടെ ഞാന്‍ ആ അമ്മക്ക് മുന്നില്‍ തൊഴുത്‌ നിന്നു ....!!!!


4 comments: