Tuesday, September 14, 2010

ശരീരമുള്ള തല ....!!!

ശരീരമുള്ള തല ....!!!

തിരക്കില്‍ അലിയാതെ സ്വകാര്യതയില്‍ മുഴുകി മെല്ലെ ഒരു യാത്ര. നീണ്ടതെങ്കിലും, ട്രെയിന്‍ കിട്ടാതിരുന്നത് ഒരുകണക്കിന് നന്നായി എന്ന് തോന്നി. അരുകിലെ സീറ്റാണ് ഇഷ്ട്ടമെങ്കിലും അപ്പോള്‍ അത് കിട്ടാത്തതില്‍ നിരാശയും തോന്നിയില്ല. കയ്യില്‍ പുസ്തകം ഉണ്ടായിരുന്നെങ്കിലും വായിക്കാന്‍ എടുത്തില്ല. പാട്ട് കേള്‍ക്കാനും തോന്നിയില്ല. ഒരു വിധം എല്ലാ സീറ്റുകളും ഫുള്ളായിരുന്ന ആ സര്‍ക്കാര്‍ ബസ്സില്‍ പക്ഷെ അതിന്റെ ഒരുതിരക്കും അനുഭവപ്പെട്ടിരുന്നില്ല. മൂന്നുപേര്‍ക്കിരിക്കാവുന്ന എന്റെ സീറ്റില്‍ തന്നെ രണ്ടുപേരെ ഉണ്ടായിരുന്നുമുള്ളൂ. അങ്ങിനെ എന്റെ യാത്രയും തുടര്‍ന്നു.

തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. ചെറുപ്പക്കാരന്‍ എന്നാല്‍ ഒരു ഇരുപത് ഇരുപത്തിയഞ്ച് വയസ്സുള്ള ഒരാള്‍ . അയാളിലെ പ്രത്യേകത തന്നെയാണ് എന്നെ അയാളിലേക്ക് ആകര്‍ഷിച്ചതും. സീറ്റില്‍ ഉറച്ചിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, തിരിഞ്ഞും മറിഞ്ഞും ഇരുന്നും, കാല് നീട്ടില്‍ മുന്നിലെ സീറ്റില്‍ എടുതുവെച്ചും തലയും കയ്യും പുറത്തേക്കിട്ട് ചുറ്റുപാടുകള്‍ നോക്കിയും, ഞങ്ങളുടെ സീറ്റിന്റെ മുക്കാലും അയാള്‍ തന്നെ കയ്യടക്കിയിരുന്നു.

പെട്ടെന്നാണ് ഞങ്ങളുടെ യാത്രയില്‍ ചെറിയ കല്ലുകടികള്‍ ഉണ്ടായത്. ദേശീയ പാതയില്‍ ഒരു വലിയ അപകടം നടന്നിരിക്കുന്നതിനാല്‍ വലിയ വാഹങ്ങലെല്ലാം ചില ചെറിയ വഴികളിലൂടെ തിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ ഒന്നും സ്ഥിരമായി പോകാത്ത ആ വഴി ഞങ്ങളുടെ ഡ്രൈവര്‍ക്കും അപരിചിതമായിരുന്നു. അതുകൊണ്ട് തന്നെ കുഴികളില്‍ ചാടിയും, അപ്രതീക്ഷിതമായി ബ്രെയ്ക്ക് ചവിട്ടിയും യാത്രയുടെ രസവും നഷ്ട്ടപ്പെട്ടു. ചിലയിടങ്ങളില്‍ റോഡിനു തീരെ വീതിയും ഉണ്ടായിരുന്നില്ല. അരികുകളിലെല്ലാം മരങ്ങളും ഇലക്ട്രിക്‌ പോസ്റ്റുകളും കൊണ്ട് റോഡു അപകടം പിടിച്ചതുമായി.

എന്റെ അടുത്തിരുന്ന കക്ഷിക്ക് ഇതുപക്ഷേ കൂടുതല്‍ രസകരമായി, പുതിയ വഴികള്‍ അയാളെ ആവേശം കൊള്ളിച്ചു. ബസ്സ് ഞെങ്ങി ഞെരുങ്ങി പോകുമ്പോള്‍ അയാള്‍ ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുതും മറ്റു വാഹനങ്ങള്‍ക്ക് വഴി പറഞ്ഞു കൊടുത്തും ഒക്കെ സജീവമായി. ഇങ്ങനെ യാത്ര തുടര്‍ന്നത് എന്നെ വല്ലാതെ ബോറടിപ്പിച്ചു. ഞാന്‍ മെല്ലെ ഒരു മയക്കതിലെക്കും വഴുതി.

മുഖത്തേക്ക് എന്തോ വെള്ളം ചീറ്റി തെറിച്ചു വീണപ്പോഴാണ് പിന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ഒപ്പം കനമുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് തെറിച്ചു വീഴുകയും അത് കിടന്ന് പിടക്കുകയും ചെയ്യാന്‍ തുടങ്ങി. ഒന്നും മനസ്സിലാകാതെ ഞാന്‍ ഞെട്ടി എഴുന്നേറ്റതും ചുറ്റുനിന്നും കൂട്ടക്കരച്ചിലും ഉയര്‍ന്നു. നോക്കുമ്പോള്‍ , വഴിയരുകിലെ പോസ്റ്റില്‍ തട്ടി തലയറ്റു പോയി, അടുത്തിരുന്ന ആ യുവാവിന്റെ ശരീരം എന്റെ മടിയില്‍ കിടന്ന് പിടക്കുകയാണ് ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .
sureshpunjhayil@gmail.com

2 comments: