അമ്മ ...!
മഴ തകര്‍ത്തു പെയ്യുകയായിരുന്നു. തുള്ളിക്കൊരു കുടം എന്നൊക്കെ പോലെ. ആരോടോ ഉള്ള ഒരുതരം വാശിയായിരുന്നു ആ മഴയ്ക്ക് എന്നാണു എനിക്കപ്പോള്‍ തോന്നിയത്. അല്ലെങ്കില്‍ ഒരുതരം അഹങ്കാരം തന്നെ. എന്നിട്ടും മുന്‍ നിശ്ചയപ്രകാരം ഞങ്ങള്‍ അമ്പലത്തില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. അച്ഛന്റെ കുടയുമെടുത്ത് ഞാനും അവളും കൂടി പുറത്തിറങ്ങിയപ്പോഴും മഴ ഞങ്ങള്‍ക്ക് മുകളില്‍ നൃത്തം ചെയ്യുകയായിരുന്നു.
മഴയായതു കൊണ്ടുതന്നെയാകണം ക്ഷേത്രത്തില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ചുരുക്കം ചില ക്ഷേത്ര ജീവനക്കാര്‍ ഒഴികെ ഒന്നോ രണ്ടോ പേര്‍മാത്രം. ചില വിശേഷാല്‍ പൂജകളുടെ തിരക്കിലായിരുന്ന പൂജാരി ഞങ്ങള്‍ക്ക് വളരെ പരിചയം ഉള്ളയാളുമാണ് . അദ്ധേഹത്തെ കാത്തു നിന്ന് ഞങ്ങള്‍ക്കുള്ള പൂജകള്‍ ഏല്‍പ്പിച്ച് ഞങ്ങള്‍ പിന്നെയും പ്രദക്ഷിണം വെക്കാന്‍ തുടങ്ങി.
ഒരു പ്രദക്ഷിണം വെച്ച് നടയ്ക്കലെത്തി , പൂജാരിയെ കാത്തുനില്‍ക്കെ, ഞങ്ങള്‍ക്കരികില്‍ കുളിച്ച് ഈറനുടുത്ത് ഒരു അമ്മ വന്നു നിന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കുലീനയായ ആ മദ്ധ്യവയസ്കയെ ഞങ്ങള്‍ക്ക് നല്ല പരിചയം ഉണ്ടായിരുന്നിട്ടും പ്രാര്‍ഥിക്കുന്നതിനിടയില്‍ ശല്ല്യ പ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള്‍ മിണ്ടാതിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്ന അവര്‍ക്ക് നാലുമക്കള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ച അവരുടെ മൂത്തമകന്‍ എന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. ഞങ്ങളുടെ വിവാഹവും ഏകദേശം അടുത്തടുത്ത് തന്നെയായിരുന്നു. അവനായിരുന്നു അവരുടെ കുടുംബം ഏറ്റവും നന്നായി തന്നെ നോക്കിയിരുന്നത്.
ആ അമ്മയാകട്ടെ ആരെയും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്ത് മാത്രമായിരുന്നു. കണ്ണടച്ച് ആത്മാര്‍ഥമായി പ്രാര്‍ത്ഥനയില്‍ മുഴുകിയായിരുന്നു അവര്‍ . അവരുടെ പ്രാര്‍ത്ഥന കുറേശ്ശേയായി ഞങ്ങള്‍ക്കും പിന്നെ കുറച്ചു മാറി നിന്നിരുന്ന വരസ്സ്യാര്‍ അടക്കമുള്ള ക്ഷേത്രം ജീവനക്കാര്‍ക്കും കേള്‍ക്കുമാറായി തുടങ്ങി. അത്രയും ആത്മാര്‍ഥമായി കരഞ്ഞുകൊണ്ട് നെഞ്ചത്ത് കൈവെച്ചു അവര്‍ പ്രാര്‍ഥിക്കുന്നത് മുഴുവന്‍ അവരുടെ മൂത്ത മകനെ കുറിച്ചായിരുന്നു. അവരെ പൊന്നുപോലെ നോക്കുന്ന അവരുടെ മൂത്ത മകനും മരുമകളും ഒരിക്കലും നേരെയാകരുതേ എന്നും അവരുടെ മറ്റു മൂന്നുമക്കളും നേരെയകണേ എന്നും....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍ .
Tuesday, September 7, 2010
Subscribe to:
Post Comments (Atom)
ഇവിടെ വരിക എഴുതുക തീര്‍ച്ചയായും വരുമെന്ന പ്രതീക്ഷയോടെ http://www.koottam.com/profile/MS558
ReplyDelete