വേണ്ട കൃഷി ...!!!
വീടിനടുത്തുള്ള എന്റെ ഒരു നല്ല സുഹൃത്ത് വെറുതേ കിടക്കുന്ന എന്റെ നിലം കൃഷി ചെയ്യാന്‍ ചോദിച്ചപ്പോള്‍ എനിക്ക് സന്തോഷമായി,. ഞാനോ അതില്‍ ഒന്നും ചെയ്യുന്നില്ല എന്നാല്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് അത്രയും നല്ലതല്ലേ. ഒരു വ്യവസ്ഥയുമില്ലാതെ തന്നെ അങ്ങിനെ അവനതില്‍ കൃഷി തുടങ്ങി. ഭാഗ്യമെന്നു മാത്രം പറയാന്‍ കഴിയില്ല, അവന്റെ അത്യധ്വാനവും കൂടിയായപ്പോള്‍ നല്ല വിളവും നല്ല പണവും കിട്ടി അവനു. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്ക് നന്നായി ചെലവ് ചെയ്യാമെന്നും പറഞ്ഞിരുന്നു.
അടുത്ത കൃഷി തുടങ്ങും മുന്‍പ് അവന്‍ പറഞ്ഞു ആ കൃഷി സ്ഥലത്തിന് ഒരു കരാര്‍ ഉണ്ടാക്കാനായാല്‍ അത് അവനു വലിയ ഉപകാരമായിരിക്കും എന്ന്. അങ്ങിനെ എങ്കില്‍ അവനു സര്‍കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും സഹായവും ഗ്രാന്റും ഒക്കെ കിട്ടും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അവനു അങ്ങിനെയെങ്കിലും ഒരു സഹായം ആകുമെങ്കില്‍ എനിക്കെന്തു നഷ്ട്ടം. അങ്ങിനെ അവന്‍ പറഞ്ഞ പ്രകാരം ഞങ്ങള്‍ ഒരു പാട്ടക്കരാരും ഉണ്ടാക്കി. അതും അവന്‍ പറഞ്ഞ പ്രകാരം വെണ്ടകൃഷി ചെയ്യാനാണ് കരാര്‍ ഉണ്ടാക്കിയത്. ഒരു വര്‍ഷത്തെ കാലയളവിലേക്ക്.
കരാര്‍ പ്രകാരം അവന്‍ അവിടെ തുടര്‍ച്ചയായി കൃഷി തുടങ്ങി. നല്ല വരുമാനവും ആയി. അതിനു ശേഷം അവന്‍ സ്വന്തമായി കൃഷി സ്ഥലം വാങ്ങി, കൃഷി പിന്നെ അവിടെയായി. എങ്കിലും ഞാനുമായി നല്ല ബന്ദത്തില്‍ തന്നെ ആയിരുന്നു. അങ്ങിനെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നാട്ടിലെത്തിയ ഒരു പ്രാവശ്യം, എന്റെ കൃഷി സ്ഥലം മറ്റൊരാള്‍ നല്ല വിലക്ക് ചോദിച്ചപ്പോള്‍ അത് വില്‍ക്കാം എന്ന് വെച്ചു. അങ്ങിനെ അതിന്റെ ആധാരവും മറ്റും തയ്യാറാക്കാന്‍ വേണ്ടി നടക്കുമ്പോഴാണ് ഞാന്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം അറിയുന്നത്. എന്റെ സുഹൃത്ത് എന്റെ കൃഷി സ്ഥലം 75 വര്‍ഷത്തേക്കാണ് പാട്ടതിനെടുതിരിക്കുന്നത്. പക്ഷെ എനിക്ക് തന്ന കരാര്‍ കൊപിയില്‍ പാട്ടം ഒരു വര്‍ഷത്തിനായിരുന്നു എങ്കിലും രെജിസ്ടര്‍ ഓഫീസില്‍ ഉള്ളതു പ്രകാരം ഞാന്‍ അവനു പാട്ടത്തിനു കൊടുത്തിരിക്കുന്നത് വേണ്ട കൃഷികള്‍ ചെയ്യാനാണ്. അതുപ്രകാരം അവന്‍ അവിടെ എന്ത്കൃഷിയും ചെയ്യാം. അങ്ങിനെ അവന്‍ കൃഷി ചെയ്യുന്നു എന്ന് പറഞ്ഞത് തേക്ക് ആണ്. തേക്ക് പാകമാകാന്‍ 75 വര്‍ഷമെങ്കിലും വേണമല്ലോ. അതുകൊണ്ട് തന്നെ എനിക്ക് എന്റെ കൃഷി സ്ഥലം മടക്കി കിട്ടാന്‍ ഞാന്‍ ഇനി 70 കൊല്ലംകൂടി കാത്തിരിക്കണം. വെണ്ടകൃഷി എന്നത് വേണ്ട കൃഷി എന്നായപ്പോഴതെ ഒരു കാര്യം ....!!!!