Thursday, November 26, 2009

തിരിച്ചുപോക്ക് ...!!!

നിറഞ്ഞു കത്തുന്ന അഗ്നിയുടെ ആളുന്ന നാളത്തിന്റെ അകക്കാംപിനുള്ളിലെ കോച്ചുന്ന തണുപ്പ് കയ്യിലെ ലോഹവളയത്തിലൂടെ അരിച്ചരിച്ചു ഹൃദയത്തിലേക്കും അവിടുന്ന് പിന്നെ മനസ്സിലൂടെ അത്മാവിലെക്കും വ്യാപിക്കുമ്പോള്‍, മരണം പോലും നിസ്സാരമാകുന്ന നിമിഷം. നിര്‍ജ്ജീവമാകുന്ന വേദന തലക്കുള്ളില്‍. ദേഹം പൊതു ജന മധ്യത്തില്‍ നഗ്നമാക്കപ്പെടുന്നു.

ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ അയാള്‍ തലകുനിച്ചു ഇരിക്കുകയായിരുന്നു. ഞങ്ങള്‍ അത്രയും സമയം ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴും ഒരിക്കല്‍ പോലും അയാള്‍ തലയുയര്‍ത്തി ഞങ്ങളെ പോലും നോക്കിയില്ല. കരയുകയായിരുന്നു അയാള്‍ എന്നാണു എനിക്ക് തോന്നിയത്. പക്ഷെ അയാളുടെ കണ്ണുകള്‍ നിര്ജ്ജലമായിരുന്നു. മുഖം ഒരിക്കല്‍ പോലും വ്യത്യസ്തമാവുകയെ ചെയ്തില്ല. ഇടക്കെപ്പോഴോ, പോലീസുകാര്‍ അയാളോട് ഒപ്പിടാന്‍പറഞ്ഞപ്പോള്‍ അയാള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അതുമാത്രം ചെയ്തു തിരിച്ചു അയാളുടെഇരിപ്പിടത്തില്‍ പോയി ഇരുന്നു. .

ഒടുവില്‍ എല്ലാ കടലാസ് ജോലികളും തീര്‍ത്തു അവര്‍ അയാളോട് പോയ്ക്കൊള്ളന്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് കേള്‍ക്കാതെ ഒരു നിമിഷം അവിടെത്തന്നെ ഇരുന്നു. പിന്നെ ഞാന്‍ ചെന്ന് വിളിച്ചപ്പോള്‍ ഒരു പാവയെ പോലെ പിന്നാലെ വന്നു. കൂടെ വന്നു വണ്ടിയില്‍ കയറുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ അയാളോട് എന്തെങ്കിലും കുടിക്കാന്‍ വേണമോ എന്ന് ചോദിച്ചതിനും അയാള്‍ കേട്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞങ്ങള്‍ അയാളോട് പിന്നെയൊന്നും പറഞ്ഞുമില്ല.

നേരെ ഒട്ടും കളയാതെ ഞങ്ങള്‍ അയാളെ വിമാന താവളത്തിലേക്ക് തന്നെയാണ് നേരെ കൊണ്ട് പോയത്. അവിടെയെതുംപോഴും അയാള്‍ അതെ നിര്‍വ്വികാരതയോടെ തന്നെയായിരുന്നു. അല്ലെങ്കില്‍ത്തന്നെ, അമ്മയും അച്ഛനും ഒരു അപകടത്തില്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് കുടുംബ സമേതം പോവുകയായിരുന്ന അയാളെ മാത്രം വിസയുടെ പ്രശ്നത്തില്‍ വിമാനത്താവള പോലീസ് പിടിച്ചുവെച്ച ശേഷമുള്ള അയാളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്ആര്‍ക്കും പറയാതെ തന്നെ ഊഹിക്കാമല്ലോ. അവിടെ അയാളെ ഇറക്കി, എന്റെ അവിടെയുള്ള ഒരു സുഹൃത്തിനെ വിളിച്ചു അയാളെ ഏല്‍പ്പിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോകുന്നേരം ഒന്നുകൂടെ നോകവേ അയാള്‍ തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കുകയായിരുന്നു. മനസ്സുമുഴുവന്‍ കണ്ണുകളില്‍ നിറച്ചുവെച്ച്......!!!

1 comment: