Sunday, November 1, 2009

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ....!!!

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ....!!!

കുട്ടികള്‍ വഴക്കിടുന്നത് കേട്ടാണ്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നത്. ചെറുതെങ്കിലും ഞങ്ങളുടെ മോള്‍ക്കാണ് വാശി കൂടുതല്‍. മോന്‍ എടുക്കുന്നത് തന്നെ അവള്‍ക്കും വേണം. ചിലപ്പോഴൊക്കെ അവന്‍ കൊടുക്കുമെങ്കിലും, അവള്‍ക്കു വേണ്ടാതതെന്നു അവനു തോന്നിയാല്‍ പിന്നെ കൊടുക്കില്ല. അങ്ങിനെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതിയാണ് ഞാന്‍ ചെന്നത്. പക്ഷെ പതിവിനു വിപരീതമായി, അത് അവരായിരുന്നില്ല. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളായിരുന്നു വഴക്കിട്ടിരുന്നതു. അത് നോക്കി അല്‍പ്പം അഭിമാനത്തോടെ എന്റെ രണ്ടുപേരും. ഞങ്ങളെ നോക്കച്ചാ, എന്ത് നല്ല കുട്ടികളാ എന്ന മട്ടില്‍.

അത് രണ്ട് ഇരട്ട കുട്ടികളായിരുന്നു. ഒരു നാലോ അഞ്ചോ വയസ്സ് വരും. രണ്ടുപേരും നല്ല വാശിക്കാര്‍ തന്നെ. പരസ്പരം അടിക്കുകയും പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട് ഇരുവരും. അടുത്തുതന്നെ അവരുടെ അച്ഛന്‍ നില്‍ക്കുന്നുണ്ട്‌. ഒരല്‍പം പ്രായത്തില്‍ കുറഞ്ഞ വളര്‍ച്ചയുള്ളതുപോലെ തോന്നിച്ചിരുന്നു ആ രണ്ട് കുട്ടികള്‍ക്കും. ചിലപ്പോള്‍ ഇരട്ടക്കുട്ടികള്‍ ആയതു കൊണ്ട് കുറച്ചു നേരത്തെ ജനിചിട്ടുണ്ടാകാം എന്നാണു എനിക്ക് തോന്നിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ആ പാവം അച്ഛന്‍ തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ട് . പക്ഷെ ആ കുട്ടികള്‍ ഒട്ടും കൂട്ടാക്കുന്നില്ല. നല്ല വാശിയില്‍, പരസ്പരം തല്ലുകൂടുക തന്നെയാണ് അവര്‍.

രണ്ട് നല്ല അടിയങ്ങ് വെച്ചുകൊടുക്കാനാണ് എനിക്ക് തോന്നിയത് . എന്റെ രണ്ട് വയസ്സുള്ള മോള്‍ക്ക്‌ വരെ ഞങ്ങളുടെ അടുത്തുനിന്നു നല്ല അടികിട്ടാറുണ്ട് പലപ്പോഴും. ചുറ്റുപാടും ആളുകളൊക്കെ നോക്കി നില്‍ക്കുന്നത് ആ അച്ഛനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. കടന്നുപോകുന്ന എല്ലാവരും പരിഹാസത്തോടെയും പുച്ചതോടെയുമാണ് അവരെ നോക്കുന്നത്. അദ്ദേഹമാകട്ടെ അനങ്ങാതെ അവിടെതന്നെ നിന്ന് വെറുതേ വായ കൊണ്ട് മാത്രം കുട്ടികളെ വഴക്ക് പറഞ്ഞു മാറ്റാന്‍ നോക്കുകയും. അവരുടെ അമ്മ കുറച്ചു മാറി സാധങ്ങള്‍ എടുക്കുകയാണെന്ന് തോന്നുന്നു. നല്ല തിരക്കായതിനാല്‍, കുട്ടികളെയും ഭര്‍ത്താവിനെയും അവിടെ നിര്‍ത്തിയതാകാം. എന്തായാലും മറ്റുള്ളവരുടെ പരിഹാസതോടെയുള്ള നോട്ടവും ആ അച്ഛന്റെ നിസ്സഹായതയും എന്നെ അങ്ങോട്ട്‌ നയിച്ചു.

അവിടെ ചെന്ന് ഞാന്‍ അവരെ സഹായിക്കാന്‍ തുടങ്ങുമ്പോഴേക്കും ഓടിക്കിതച്ചു അവരുടെ അമ്മയും അടുത്തെത്തി. അപ്പോഴേക്കും കുട്ടികള്‍ തമ്മില്‍ പിടിവലിയായിരുന്നു. അതില്‍ നിന്ന് ആ അമ്മ ഒരു കുട്ടിയെ പിടിച്ചു മാറ്റി അമ്മയോടൊപ്പം കൊണ്ട് പോകവേ ആ അച്ഛന്‍ തട്ടിത്തടഞ്ഞ് താഴെ വീണു. അടുത്തുതന്നെ ഉണ്ടായിരുന്ന ഞാന്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ നോക്കവെയാണ് കാണുന്നത്, അദ്ധേഹത്തിന്റെ കാലുകള്‍ തളര്‍ന്നതായിരുന്നു. നിന്നിടതുനിന്നു നീങ്ങാന്‍ അദ്ദേഹത്തിന് പരസഹായം വേണം ....!!!

2 comments:

  1. അപ്പോള്‍ തല്ല് ആര്‍ക്കാണ് കൊടുക്കേണ്ടത്?

    ReplyDelete
  2. പാവം, നിസ്സഹായനായിരുന്നു, നിര്‍വികാരനല്ല... നല്ല നിരീക്ഷണം.

    ReplyDelete