Sunday, January 9, 2011

നിങ്ങളുടെ നിള .....!!!

നിങ്ങളുടെ നിള .....!!!

എനിക്കൊരല്‍പ്പം ജീവനുണ്ടായിരുന്നെന്നും , ഞാന്‍ നിങ്ങളിലൂടെയാണ് നടന്നു നീങ്ങിയിരുന്നതെന്നും എന്റെ ജനനേന്ദ്രിയങ്ങളിലൂടെ ഒഴുകിയിറങ്ങിയ ജീവനുകളിലൂടെ നിങ്ങളോരോരുത്തരും ജനിച്ചു മരിച്ചിരുന്നെന്നും ഒരിക്കലെങ്കിലും ഓര്‍മ്മിക്കാന്‍ എനിക്ക് തന്നെ ഇപ്പോള്‍ ഭയമാകുന്നു. അതെ, ഭയം എന്റെ രോമകൂപങ്ങളില്‍ പോലും ഉറച്ച് കട്ടിയായി നിറഞ്ഞു നില്‍ക്കുന്നു. അല്ലെങ്കില്‍ അതിനു മറ്റൊരുപേര് പറയുന്നത് ഉചിതവുമാകില്ല....!

എന്നിട്ടും, ഞാന്‍ പകര്‍ന്നാടിയ വേഷങ്ങളില്‍ നിങ്ങള്‍ കോര്‍ത്ത ജീവിതാക്ഷരങ്ങള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുമ്പോഴും എന്റെ ജീവനെ ചൊല്ലി മാത്രം ആരും വേദനിച്ചില്ല. എന്റെ ജീവിതത്തെക്കുറിച്ചോര്‍ത്തു ആരും വെവലാതിപൂണ്ടില്ല. എന്റെ ഹൃദയത്തിലേക്ക് ഒഴുകി ഇറങ്ങിയിരുന്ന ഓരോ സിരകളും നിങ്ങള്‍ അടച്ചുകെട്ടിയപ്പോഴും എന്റെ ശരീരം നിങ്ങള്‍ കീറിമുറിച്ച് പങ്കിട്ടെടുതപ്പോഴും ഞാന്‍ വാവിട്ടു നിലവിളിച്ചത് നിങ്ങള്‍ കാതുകള്‍ കൊട്ടിയടച്ച് കേട്ടില്ലെന്നു നടിച്ചു.....!

എന്നിലേക്ക്‌ നിങ്ങളൊഴുക്കിയ വിഷംപോലും ഞാന്‍ അമൃത് പോലെ രണ്ടുകയ്യുംനീട്ടി കുടിച്ചുവറ്റിച്ചപ്പോഴും , എന്റെ ശരീരത്തിലെ ഓരോ അണുവും പരസ്പരം മത്സരിച്ച് കടിച്ചുകീറി തിന്നുകൊണ്ട്‌ നിങ്ങളത് ആഘോഷമാക്കി. തലയില്‍ മുണ്ടിട്ടും, എല്ലാവരോടും അഹങ്കാരത്തോടെ പോര്‍ വിളിച്ചും നിങ്ങള്‍ ആവേശത്തോടെ എന്നെ വിറ്റുതുലച്ചപ്പോഴും ഞാന്‍ കരഞ്ഞു പറഞ്ഞിരുന്നു, ഞാന്‍ എന്നാല്‍ നിങ്ങള്‍ തന്നെയാണെന്ന്. ഞാന്‍ ഇല്ലാതാകുന്നത് , നിങ്ങള്‍ നിങ്ങളെ ഇല്ലാതാക്കുന്നത് പോലെ തന്നെയെന്ന് ....!

എന്നിട്ടും നിങ്ങള്‍ നിങ്ങളെകുറിച്ചുപോലും ഓര്‍ത്തില്ല അപ്പോഴൊന്നും. കാണുന്ന കാഴ്ചകളില്‍ , കേള്‍ക്കുന്ന കേള്‍വികളില്‍ നിങ്ങള്‍ മതിഭ്രമം ബാദിച്ചവരെപോലെ അര്‍മാദിച്ചു. പിന്നെ സ്വയം പരിഹസിച്ചു, ഒരു പുഴയില്ലെങ്കില്‍ മറ്റൊന്ന്. അല്ലെങ്കില്‍ വേരെയൊരുമാര്‍ഘം . തന്റെ ബുദ്ധിമാത്രം മതിയല്ലോ ജീവിതം മുഴുവനും. ആഗ്രഹങ്ങള്‍ മാത്രം ജീവിതത്തെ നയിക്കുമ്പോള്‍ മൂല്യങ്ങള്‍ക്ക് പ്രസക്തിയെന്ത് ...!

ഇനി അവശേഷിക്കാന്‍ മാത്രം ബാക്കിയൊന്നുമില്ലാതെ ഒരു നിഴല്‍ മാത്രമായി ഞാന്‍ അവശേഷിക്കെ, എന്തിനീ വിലാപം....! എന്തിനീ അഭിനയങ്ങള്‍ ...! അതുമാത്രം അരുതേ.... ! ആരും എനിക്ക് വേണ്ടി കരയരുത്. എനിക്കുവേണ്ടി കൊടിപിടിക്കരുത് ...! എനിക്കുവേണ്ടി പ്രസംഗിക്കരുത് ...! നിങ്ങളുടെ മനസ്സില്‍ പോലും നന്മയില്ലെങ്കില്‍ ജീവിതമെങ്ങിനെ മനോഹരമാകും....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com