Monday, November 30, 2009

വേണ്ട കൃഷി ...!!!

വേണ്ട കൃഷി ...!!!

വീടിനടുത്തുള്ള എന്റെ ഒരു നല്ല സുഹൃത്ത്‌ വെറുതേ കിടക്കുന്ന എന്റെ നിലം കൃഷി ചെയ്യാന്‍ ചോദിച്ചപ്പോള്‍ എനിക്ക് സന്തോഷമായി,. ഞാനോ അതില്‍ ഒന്നും ചെയ്യുന്നില്ല എന്നാല്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് അത്രയും നല്ലതല്ലേ. ഒരു വ്യവസ്ഥയുമില്ലാതെ തന്നെ അങ്ങിനെ അവനതില്‍ കൃഷി തുടങ്ങി. ഭാഗ്യമെന്നു മാത്രം പറയാന്‍ കഴിയില്ല, അവന്റെ അത്യധ്വാനവും കൂടിയായപ്പോള്‍ നല്ല വിളവും നല്ല പണവും കിട്ടി അവനു. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്ക് നന്നായി ചെലവ് ചെയ്യാമെന്നും പറഞ്ഞിരുന്നു.

അടുത്ത കൃഷി തുടങ്ങും മുന്‍പ് അവന്‍ പറഞ്ഞു ആ കൃഷി സ്ഥലത്തിന് ഒരു കരാര്‍ ഉണ്ടാക്കാനായാല്‍ അത് അവനു വലിയ ഉപകാരമായിരിക്കും എന്ന്. അങ്ങിനെ എങ്കില്‍ അവനു സര്‍കാരില്‍ നിന്നും ബാങ്കുകളില്‍ നിന്നും സഹായവും ഗ്രാന്റും ഒക്കെ കിട്ടും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അവനു അങ്ങിനെയെങ്കിലും ഒരു സഹായം ആകുമെങ്കില്‍ എനിക്കെന്തു നഷ്ട്ടം. അങ്ങിനെ അവന്‍ പറഞ്ഞ പ്രകാരം ഞങ്ങള്‍ ഒരു പാട്ടക്കരാരും ഉണ്ടാക്കി. അതും അവന്‍ പറഞ്ഞ പ്രകാരം വെണ്ടകൃഷി ചെയ്യാനാണ് കരാര്‍ ഉണ്ടാക്കിയത്. ഒരു വര്‍ഷത്തെ കാലയളവിലേക്ക്.

കരാര്‍ പ്രകാരം അവന്‍ അവിടെ തുടര്‍ച്ചയായി കൃഷി തുടങ്ങി. നല്ല വരുമാനവും ആയി. അതിനു ശേഷം അവന്‍ സ്വന്തമായി കൃഷി സ്ഥലം വാങ്ങി, കൃഷി പിന്നെ അവിടെയായി. എങ്കിലും ഞാനുമായി നല്ല ബന്ദത്തില്‍ തന്നെ ആയിരുന്നു. അങ്ങിനെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നാട്ടിലെത്തിയ ഒരു പ്രാവശ്യം, എന്റെ കൃഷി സ്ഥലം മറ്റൊരാള്‍ നല്ല വിലക്ക് ചോദിച്ചപ്പോള്‍ അത് വില്‍ക്കാം എന്ന് വെച്ചു. അങ്ങിനെ അതിന്റെ ആധാരവും മറ്റും തയ്യാറാക്കാന്‍ വേണ്ടി നടക്കുമ്പോഴാണ് ഞാന്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം അറിയുന്നത്. എന്റെ സുഹൃത്ത്‌ എന്റെ കൃഷി സ്ഥലം 75 വര്‍ഷത്തേക്കാണ് പാട്ടതിനെടുതിരിക്കുന്നത്. പക്ഷെ എനിക്ക് തന്ന കരാര്‍ കൊപിയില്‍ പാട്ടം ഒരു വര്‍ഷത്തിനായിരുന്നു എങ്കിലും രെജിസ്ടര്‍ ഓഫീസില്‍ ഉള്ളതു പ്രകാരം ഞാന്‍ അവനു പാട്ടത്തിനു കൊടുത്തിരിക്കുന്നത്‌ വേണ്ട കൃഷികള്‍ ചെയ്യാനാണ്. അതുപ്രകാരം അവന്‍ അവിടെ എന്ത്കൃഷിയും ചെയ്യാം. അങ്ങിനെ അവന്‍ കൃഷി ചെയ്യുന്നു എന്ന് പറഞ്ഞത് തേക്ക് ആണ്. തേക്ക് പാകമാകാന്‍ 75 വര്‍ഷമെങ്കിലും വേണമല്ലോ. അതുകൊണ്ട് തന്നെ എനിക്ക് എന്റെ കൃഷി സ്ഥലം മടക്കി കിട്ടാന്‍ ഞാന്‍ ഇനി 70 കൊല്ലംകൂടി കാത്തിരിക്കണം. വെണ്ടകൃഷി എന്നത് വേണ്ട കൃഷി എന്നായപ്പോഴതെ ഒരു കാര്യം ....!!!!

Saturday, November 28, 2009

ജീവിത യാത്ര ...!!!

ജീവിത യാത്ര ...!!!

യാത്ര തിരക്കുള്ളതാകുമ്പോള്‍ അത് ബിസിനസ്‌ ക്ലാസ്സില്‍ ആകും. അവിടെ ജീവിതങ്ങള്‍ അടുത്ത് കാണല്‍ വിരളമാണെങ്കിലും യാത്ര മറ്റു വിധങ്ങളില്‍ ഉപകാര പ്രദമാക്കാം. ഇഷ്ട്ടമുള്ള സിനിമ കാണാം, അല്ലെങ്കില്‍ ഇഷ്ട്ടമുള്ള പുസ്തകം വായിക്കാം. അന്ന് പക്ഷെ രണ്ടിനും കഴിയാതെ വെറുതേ ഇരിക്കവെയാണ് മുന്‍ സീറ്റിലെ സുന്ദരിയായ ഒരു പെണ്‍കുട്ടി കണ്ണില്‍ ഉടക്കിയത്. ഇരുപതു ഇരുപത്തിയഞ്ചു വയ്യസ്സുള്ള സുമുഖയായ അവള്‍ വളരെ വിഷാദത്തിലായിരുന്നു. ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടി.

വിഹാഹിതയാണെന്ന് നെറ്റിയിലെ സിന്ദൂരം പറഞ്ഞു തന്നപ്പോള്‍ പിന്നെ വലിയ ആകാക്ഷയായി. എന്തായിരിക്കാം അവളുടെ സങ്കടം. ചിലപ്പോള്‍ ഭര്‍ത്താവിനെ പിരിഞ്ഞു തിരിച്ചു പോവുകയാകാം. അതുമല്ലെങ്കില്‍ ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു പോകുന്നതാകാം. ഇനി അതുമല്ലെങ്കില്‍ വീട്ടിലെ അടുത്ത ആര്‍ക്കെങ്കിലും എന്തെങ്കിലും അരുതായ്ക സംഭവിച്ച് അങ്ങോട്ട്‌ പോകുന്നതാകാം. എന്തായാലും ദുഃഖം അത്ര കഠിനം തന്നെ ആ പെണ്‍കുട്ടിക്ക്. അത് അവളുടെ മുഖത്തും ശരീരത്തിലുംപ്രകടവുമായിരുന്നു.

വിമാന ജീവനക്കാര്‍ ഭക്ഷണവും മറ്റുമായി അടുത്ത് വരുമ്പോഴും ഒന്നും വേണ്ടെന്നു പറഞ്ഞ്ഞ്ഞു അവരെയെല്ലാം അവള്‍ തിരിച്ചയക്കുകയായിരുന്നു. അവരിലും അവള്‍ ഒരു വലിയ ചോദ്യ ചിഹ്ന്നമായി നിന്നു. അവര്‍ പരസ്പരം അവളെ ചൂണ്ടി സംസാരിക്കുമ്പോഴും അവളാകട്ടെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നെ പിന്നെ അടുത്ത സീറ്റുകളിലെ മറ്റുള്ളവരും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെങ്കിലും അവള്‍ തന്റെ മാത്രം ലോകത്തിലായിരുന്നു. കണ്ണുകള്‍ കൈലേസ്കൊണ്ട് തുടക്കുമ്പോഴും അവളുടെ ചുണ്ടുകള്‍പ്രാര്‍ത്ഥനാ നിരതമായിരുന്നു.

എല്ലാവരുടെയും ശ്രദ്ധ അവളിലാകവേ വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. ആ പെണ്‍കുട്ടി ബോധ രഹിതയായി നിലത്തേക്ക് കുഴഞ്ഞു വീണു. വീഴുന്നത് കണ്ടതും തൊട്ടടുത്തുണ്ടായിരുന്ന വിമാന ജീവനക്കാര്‍ അവളെ താങ്ങി സീറ്റില്‍ കിടത്തി അടിയന്തിര സഹായത്തിനു അഭ്യര്‍ഥിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കി അവളെ ഉണര്തിയതും അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഡോക്ടര്‍ ഒരു സ്ത്രീയായിരുന്നതിനാല്‍ അവര്‍ അവളെ അടുത്തിരുന്നു ആശ്വസിപ്പിക്കവേ അവള്‍ മെല്ലെ പറയാന്‍ തുടങ്ങി. ഏതു നിമിഷവും മരിക്കാവുന്ന രക്താര്ബുധ രോഗിയായ അവള്‍ മരണത്തെ മുന്നില്‍ കാണ്ടാണ് വീട്ടിലേക്കു പോകുന്നത്. വിദേശത്ത് ജോലിചെയ്യുന്ന അവളെ കാത്തു അവളുടെ ഭര്‍ത്താവും കുഞ്ഞും കാത്തിരിക്കുന്നുണ്ട്. അവര്‍ക്കറിയില്ല അവള്‍ കടന്നു ചെല്ലുന്നത് മരണത്തിലേക്ക് ആണെന്ന് ......!!!

Thursday, November 26, 2009

തിരിച്ചുപോക്ക് ...!!!

നിറഞ്ഞു കത്തുന്ന അഗ്നിയുടെ ആളുന്ന നാളത്തിന്റെ അകക്കാംപിനുള്ളിലെ കോച്ചുന്ന തണുപ്പ് കയ്യിലെ ലോഹവളയത്തിലൂടെ അരിച്ചരിച്ചു ഹൃദയത്തിലേക്കും അവിടുന്ന് പിന്നെ മനസ്സിലൂടെ അത്മാവിലെക്കും വ്യാപിക്കുമ്പോള്‍, മരണം പോലും നിസ്സാരമാകുന്ന നിമിഷം. നിര്‍ജ്ജീവമാകുന്ന വേദന തലക്കുള്ളില്‍. ദേഹം പൊതു ജന മധ്യത്തില്‍ നഗ്നമാക്കപ്പെടുന്നു.

ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ അയാള്‍ തലകുനിച്ചു ഇരിക്കുകയായിരുന്നു. ഞങ്ങള്‍ അത്രയും സമയം ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴും ഒരിക്കല്‍ പോലും അയാള്‍ തലയുയര്‍ത്തി ഞങ്ങളെ പോലും നോക്കിയില്ല. കരയുകയായിരുന്നു അയാള്‍ എന്നാണു എനിക്ക് തോന്നിയത്. പക്ഷെ അയാളുടെ കണ്ണുകള്‍ നിര്ജ്ജലമായിരുന്നു. മുഖം ഒരിക്കല്‍ പോലും വ്യത്യസ്തമാവുകയെ ചെയ്തില്ല. ഇടക്കെപ്പോഴോ, പോലീസുകാര്‍ അയാളോട് ഒപ്പിടാന്‍പറഞ്ഞപ്പോള്‍ അയാള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അതുമാത്രം ചെയ്തു തിരിച്ചു അയാളുടെഇരിപ്പിടത്തില്‍ പോയി ഇരുന്നു. .

ഒടുവില്‍ എല്ലാ കടലാസ് ജോലികളും തീര്‍ത്തു അവര്‍ അയാളോട് പോയ്ക്കൊള്ളന്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് കേള്‍ക്കാതെ ഒരു നിമിഷം അവിടെത്തന്നെ ഇരുന്നു. പിന്നെ ഞാന്‍ ചെന്ന് വിളിച്ചപ്പോള്‍ ഒരു പാവയെ പോലെ പിന്നാലെ വന്നു. കൂടെ വന്നു വണ്ടിയില്‍ കയറുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ അയാളോട് എന്തെങ്കിലും കുടിക്കാന്‍ വേണമോ എന്ന് ചോദിച്ചതിനും അയാള്‍ കേട്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞങ്ങള്‍ അയാളോട് പിന്നെയൊന്നും പറഞ്ഞുമില്ല.

നേരെ ഒട്ടും കളയാതെ ഞങ്ങള്‍ അയാളെ വിമാന താവളത്തിലേക്ക് തന്നെയാണ് നേരെ കൊണ്ട് പോയത്. അവിടെയെതുംപോഴും അയാള്‍ അതെ നിര്‍വ്വികാരതയോടെ തന്നെയായിരുന്നു. അല്ലെങ്കില്‍ത്തന്നെ, അമ്മയും അച്ഛനും ഒരു അപകടത്തില്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് കുടുംബ സമേതം പോവുകയായിരുന്ന അയാളെ മാത്രം വിസയുടെ പ്രശ്നത്തില്‍ വിമാനത്താവള പോലീസ് പിടിച്ചുവെച്ച ശേഷമുള്ള അയാളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്ആര്‍ക്കും പറയാതെ തന്നെ ഊഹിക്കാമല്ലോ. അവിടെ അയാളെ ഇറക്കി, എന്റെ അവിടെയുള്ള ഒരു സുഹൃത്തിനെ വിളിച്ചു അയാളെ ഏല്‍പ്പിച്ച ശേഷം ഞങ്ങള്‍ തിരിച്ചുപോകുന്നേരം ഒന്നുകൂടെ നോകവേ അയാള്‍ തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കുകയായിരുന്നു. മനസ്സുമുഴുവന്‍ കണ്ണുകളില്‍ നിറച്ചുവെച്ച്......!!!

Wednesday, November 25, 2009

അമ്മയും മകനും ...!!!

അമ്മയും മകനും ...!!!

കുട്ടികള്‍ വല്ലാതെ വാശി പിടിച്ചപ്പോള്‍ ഞാന്‍ മെല്ലെ അവരെയും കൊണ്ട് പുറത്തിറങ്ങി. പൊതുവേ കുട്ടികളെ അനാവശ്യമായി കടയിലെക്കൊന്നും കൊണ്ടുപോകാറില്ല. കുറച്ചു നാളായി അവര്‍ പുറത്തൊന്നും പോയിട്ടും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഞാന്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍ കുട്ടികള് പറഞ്ഞപ്പോള്‍ എന്തായാലും കൊണ്ട് പോകാം എന്ന് കരുതിയത്‌.

കടയിലെതിയാല്‍ അവരുടെ ആവശ്യങ്ങള്‍ ഏറെയാണ്‌. ഇതാണ് എടുക്കേണ്ടത് എന്ന് അവര്‍ക്കൊരു രൂപവും ഇല്ല. ഒരാള്‍ ഒന്നെടുതാല്‍ മറ്റെയാള്‍ക്ക് വേറെ വേണം. അപ്പൊ അതുതന്നെ വേണം രണ്ടാമനും. അങ്ങിനെ കശ പിശ കൂടുന്നതും നോക്കി അവിടെയുള്ള ചിലര്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കുട്ടികളെ ചീത്ത പറഞ്ഞു. ഏതെങ്കിലും ആവശ്യമുള്ളത് എടുക്കാന്‍ പറഞ്ഞു. ബുദ്ധിമുട്ടുകള്‍ അറിയാത്ത എന്റെ കുട്ടികള്‍ക്ക് സാധനങ്ങളുടെ വിലയൊന്നും അറിയില്ലല്ലോ. അതിന്റെ വിവരമില്ലായ്മ എന്നെ മറ്റുള്ളവരുടെ മുന്നില്‍അസ്വസ്തനാക്കുകയും ചെയ്തു.

കടയില്‍ കുറച്ചൊക്കെ തിരക്കുണ്ടായിരുന്നു അപ്പോള്‍. അതിനിടയില്‍ കുറച്ചുമാറി ഒരൊഴിഞ്ഞ കോണില്‍ ഒരു അമ്മയും കുഞ്ഞും നില്‍ക്കുന്നുണ്ടായിരുന്നു. മടിയില്‍ തിരുകിയ ചില്ലറകള്‍ പെറുക്കി, എണ്ണി നോക്കുകയാണ് ആ അമ്മ. കുട്ടിയകട്ടെ അമ്മയെ അക്ഷമയോടെ നോക്കി നില്‍ക്കുകയാണ്. അതൊരു നാല് വയസ്സുള്ള ആണ്‍ കുട്ടിയായിരുന്നു. അവന്‍ ആശയോടെ കാത്തിരിക്കുന്ന എന്തോ വാങ്ങിക്കൊടുക്കാനാണ് ആ അമ്മ അവിടെ വന്നിരിക്കുന്നത്. അതിനിടയില്‍ എന്റെ കുട്ടികളുടെ അത്യാര്‍ത്തി കണ്ടു ആ കുട്ടി അക്ഷമാനാകാനുംതുടങ്ങി.

എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞതും ആ അമ്മയുടെ മുഖം വല്ലാതെ വിവര്‍ണ്ണമായി . അവര്‍ അസ്വസ്തയാകാനും തുടങ്ങി. എങ്ങിനെ ആ കൊച്ചു കുട്ടിയെ ആശ്വസിപ്പിക്കണം എന്ന് അവര്‍ക്കറിയില്ലായിരുന്നു. തീരെ ദരിദ്രയെങ്കിലും അവര്‍ കുലീനയായിരുന്നു. കുട്ടി അപ്പോഴേക്കും അവന്‍ ആഗ്രഹിച്ച സാധനം കൈക്കലാക്കി അമ്മയെ പ്രതീക്ഷിച്ചു നില്‍പ്പായിരുന്നു. പൈസ കൊടുക്കാന്‍. എന്നാല്‍ പൈസയില്ലാതെ വേദനയോടെ ആ അമ്മയും ......!!!

Tuesday, November 24, 2009

ജന്മങ്ങള്‍ ….!!!

ജന്മങ്ങള്‍ ….!!!

ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് ഒരു ചെറിയ നടത്തം പതിവുള്ളതാണ് . സമയത്താണ് പതിവായി വീട്ടിലെ ചപ്പു ചവറുകളെല്ലാം പുറത്തുള്ള മുനിസിപ്പാലിറ്റി ചവറ്റുകുട്ടയില്‍കൊണ്ടുപോയി ഇടാറുള്ളത് . അന്ന് പക്ഷെ വീട്ടില്‍ കുറച്ചു വിരുന്നുകാര്‍ ഉണ്ടായിരുന്നതിനാല്‍പതിവുള്ള നടത്തത്തിനു സാധ്യതയില്ലായിരുന്നു .

അതുകൊണ്ട് തന്നെ ഞാന്‍ വേഗം പോയി ചപ്പുചവറുകള്‍ കളഞ്ഞിട്ടു വരാം എന്ന് വെച്ച് പുറത്തിറങ്ങിവീട്ടില്‍ മറ്റു കുട്ടികളും ഉണ്ടായിരുന്നതിനാല്‍ എന്റെ മക്കളാരും അന്ന് കൂടെ വന്നില്ല . അല്ലെങ്കില്‍അവരും ഉണ്ടാകും എന്നും കൂടെ .

പുറത്തിറങ്ങിയതും , അടുത്ത വീട്ടില്‍ പതിവില്ലാത്ത ബഹളം . സാധാരണയായി അത് ഞങ്ങള്‍കേള്‍കേണ്ടതായിരുന്നു . അന്ന് പക്ഷെ എന്റെ വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാല്‍ അവിടെ തന്നെകുട്ടികളുടെയും വലിയവരുടെയും ഒക്കെ നല്ല ബഹളമായതിനാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല . കാര്യമറിയാന്‍ ഒന്ന് കയറി നോക്കിയപ്പോള്‍ , അത് അവരുടെ വീട്ടുകാര്യം . അതിലെന്തായാലുംആവശ്യമില്ലാതെ ഇടപെടേണ്ട ആവശ്യം മറ്റാര്‍ക്കും ഇല്ലല്ലോ .

വേഗം തന്നെ തിരിച്ചു പോരാന്‍ തിടുക്കമുള്ളതിനാല്‍ ഞാന്‍ വേഗം നടക്കാന്‍ തുടങ്ങി . എന്റെ വീട്ടില്‍നിന്നും ഒരു ഇരുന്നൂറു മീറ്റര്‍ ദൂരമുണ്ട് ചപ്പുചവറുകള്‍ ഇടുന്ന സ്ഥലത്തേക്ക് . അവിടെ നാല് വലിയബോക്സുകളാണ് ഉള്ളത് . എന്നും രണ്ടു പ്രാവശ്യം മുനിസിപ്പാലിറ്റിക്കാര്‍ വന്നു അത്എടുത്തുകൊണ്ടു പോകും . വളരെ വലിയ പാത്രങ്ങള്‍ക്ക് ഒരാള്‍ ഉയരമുണ്ട് . നോക്കിയാലൊന്നുംകാണുകയുമില്ല .

പതിവുപോലെ ഞാന്‍ കവറുകള്‍ കെട്ടി റെടിയാക്കി അതിലേക്കു വലിചെറിഞ്ഞതും ഒരു കൊച്ചുകുഞ്ഞിന്റെ പിടഞ്ഞുള്ള കരച്ചില്‍ . വേറെയും രണ്ടുപേര്‍ അവിടെ വന്നിരുന്നതിനാല്‍ , ഞങ്ങള്‍പരസ്പരം നോക്കി . കരച്ചില്‍ ശക്തിയോടെ തുടരവേ , ഞങ്ങളില്‍ വേവലാതിയായി . കരച്ചില്‍കേള്‍ക്കുന്നത് ഞാന്‍ കവറുകള്‍ ഇട്ട പാത്രതിനകത്തു നിന്നാണെന്നു മനസ്സിലായതും ഞാനും മറ്റുരണ്ടുപേരും കൂടി ഒരു വിധം ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ , പ്രസവിച്ചു മണിക്കൂറുകള്‍ മാത്രംപ്രായമായ ഒരു ചോരക്കുഞ്ഞ്‌ പിടഞ്ഞു കരയുന്നു ….!!!
.

Thursday, November 12, 2009

മഴക്കിളി .....!!!

മഴക്കിളി .....!!!

മധുരം കിനിയുന്ന ആ മഴക്കാല രാവില്‍ തണുത്തു വിറങ്ങലിചായിരുന്നു അവള് അവിടെ ചുരുണ്ടു കൂടി ഇരുന്നിരുന്നത്. അവള്‍ എന്ന് പറയാന്‍ കഴിയില്ല. അവര്‍. മധ്യ വയസ്സ് കഴിഞ്ഞ അവര്‍ തീര്‍ത്തും വിവശയായിരുന്നു. പ്രായത്തിന്റെ പ്രകടമായ ഭാവങ്ങള്‍ അത്രയും കാഴ്ച്ചയില്‍ ഇല്ലാത്ത ആ സ്ത്രീ സുന്ദരിയുമായിരുന്നു. അതുകൊണ്ട് തന്നെ അവരെ കടന്നു പോകുന്ന ഏവരും മിഴി മുനകളാല് അവരെ എയ്തു വീഴ്തിക്കൊണ്ടുമിരുന്നു. അത് തന്നെയാകണം അവരെ കൂടുതല്‍ വിഷമിപ്പിച്ചതും.

എന്നിട്ടും പരമാവധി ഒതുങ്ങി അവര്‍ അവിടെ ചുരുണ്ടു കൂടിയിരുന്നു. കാല്കളില്‍ മിഴി പൂഴ്ത്തി , മനസ്സ് ശരീരത്തിന് പുറത്തുവെച്ച് അവര്‍ ആരെയും പ്രതീക്ഷിക്കാതെ ആരെയും കാക്കാതെ അങ്ങിനെ നിശ്ചലമായി . കുറച്ചു സമയം കാത്തിരുന്നിട്ടും മറ്റൊരു മാറ്റവും കാണാതെ ഞാന്‍ മെല്ലെ അവര്‍ക്കടുതെക്ക് നീങ്ങിയിരുന്നു. ഏതെങ്കിലും ഒരു ഒഴിവില്‍ അവരോടു എന്തെങ്കിലും ചോദിക്കാന്‍ ഒരു ത്വര. എങ്കിലും ആ തിരക്കില്‍ എന്തോ ഒരു വല്ലായ്മയും . അപ്പോള്‍ ആ തീവണ്ടിയാപ്പീസില്‍ പതിവിനു വിപരീതമായി നല്ല തിരക്കായിരുന്നു . മുഴുവനും യാത്രികരുടെയും പിന്നെ കുറച്ചു കാത്തിരിപ്പ്‌ കാരുടെയും . പെരുമഴയുടെ ദ്രുദ താളം തിമിര്‍ക്കുന്ന പുറം മോടിയില്‍ കനുകനുത്ത ഇരുട്ടും .

മഴയുടെ താളത്തില്‍ അവര്‍ മെല്ലെ പാട്ട് പാടുന്നുണ്ടോ എന്ന് എനിക്കൊരു തോന്നല്‍ പക്ഷെ പിന്നെ നോക്കിയപ്പോള്‍ അങ്ങിനെ കണ്ടുമില്ല . എന്നിട്ടും പക്ഷെ എനിക്കൊരു മൂളിപ്പാട്ടുപാടാന്‍ തോന്നിയുമില്ല . പിന്നെയും ആ സ്ത്രീ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു കൊണ്ടേയിരുന്നു . വേദനയാണോ അതോ .. എന്തെന്ന് ഒരെത്തും പിടിയുമില്ലെങ്കിലും . കാത്തിരിക്കെ , നേരം തെറ്റി വന്ന രണ്ടു തീവണ്ടികള്‍ ആ സ്റ്റേഷന്‍ മുഴുവനായും ഒഴിപ്പിചെടുതപ്പോള്‍ എനിക്ക് മുന്നില്‍ അവര്‍ മാത്രമായി .

ഞാന്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു . പക്ഷെ കാലുകള്‍ നീങ്ങാത്ത അവസ്ഥ . എന്തിനാണ് എനിക്ക് അങ്ങിനെ ഒരു ഉത്ക്കണ്ട എന്ന് മനസ്സിലായാതെ ഇല്ല. എങ്കിലും ഞാനെന്റെ കാലുകളെ വലിച്ചു വെക്കുകതന്നെ ചെയ്തു. മെല്ലെ അവര്‍ക്കടുത്തെത്തി നിലത്തു മുട്ടിലിരുന്നു അവരെ തൊട്ടു വിളിക്കവേ , അപ്പോഴും ഈ ലോകത്തെ നോക്കി പരിഹസിക്കും പോലെ ഒരു പുഞ്ചിരി ചുണ്ടുകളില്‍ ഒളിപ്പിച്ച് അവര്‍ എന്നിലേക്ക്‌ നിര്‍ജ്ജീവമായി ചാഞ്ഞു വീണു .....!!!!

Wednesday, November 4, 2009

സ്നേഹിതന്‍ ....!!!

സ്നേഹിതന്‍ ....!!!

ഒരിക്കല്‍ എനിക്ക് വളരെ അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നു. പെട്ടെന്നായത് കൊണ്ട് കാര്യങ്ങളൊക്കെ ഒരു വിധത്തിലാണ് ഒപ്പിച്ച് വെച്ചത്. അക്കൂട്ടത്തില്‍ പിന്നത്തെ രണ്ടാം തിയ്യതി വരുന്ന ഒരു ചെക്കിനുള്ള പൈസ ഇടണമായിരുന്നു , മറ്റൊരു ബാങ്കില്‍ . കയ്യില്‍ അപ്പോള്‍ പൈസയില്ലാതതിനാല്‍ , എന്റെ സ്നേഹിതന്റെ കയ്യില്‍ ATM കാര്‍ഡ്‌ കൊടുത്തിട്ട് ശമ്പളം വന്നാല്‍ പൈസയെടുത്തു മറ്റേ ബാങ്കില്‍ ഇടാന്‍ പറഞ്ഞു . ബാക്കി പൈസ എനിക്കയച്ചു തരാനും പറഞ്ഞേല്‍പ്പിച്ചു ATM കാര്‍ഡ്‌ അവന്റെ കയ്യില്‍ കൊടുത്തു . അവന്‍ മറ്റൊന്നും ചെയ്യേണ്ട കാര്യവുമില്ലാതതിനാല്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുത്തു .

ഞാന്‍ സമാധാനമായി നാട്ടില്‍ പോയി. കാര്യങ്ങളൊക്കെ ഭംഗിയായി നടത്തി. സ്നേഹിതന്‍ എനിക്ക് പറഞ്ഞത് പോലെ പൈസയും അയച്ചു തന്നു. എന്റെ ATM കാര്‍ഡ്‌ ബാങ്കില്‍ പെട്ടുപോയി എന്നുമാത്രം പറഞ്ഞു. അത് ഞാന്‍ തിരിച്ചു വന്നു വാങ്ങിക്കോളാം എന്ന് സമാധാനിപ്പിക്കുകയും ചെയ്തു. കാര്യങ്ങളൊക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ സ്നേഹിതനെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ വിഷമിപ്പിക്കുന്ന വിവരങ്ങളാണ് അറിയുന്നത്. അവന്റെ ജോലി പോയി, കുറച്ചു നാള്‍ ജോലിയില്ലാതെ ഇരുന്നു, പിന്നെ വേറെ ഒരിടത്താണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതും കൂടാതെ അവന്റെ വണ്ടി അപകടത്തില്‍ പെട്ട് കുറച്ചു കാലം അതിന്റെ പുറകിലുമായിരുന്നു.

ഒടുവില്‍ അവന്റെ പുതിയ സ്ഥലം തപ്പിപ്പിടിച്ചു അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ തിരക്കിലായിരുന്നു. അവന്റെ തിരക്ക് കഴിഞ്ഞ് അവനെയും കൊണ്ട് ഞാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ മെല്ലെ മെല്ലെ അവന്‍ എല്ലാം പറഞ്ഞു.

എന്റെ ATM കാര്‍ഡുമായി ബാങ്കില്‍ പോയ അവന്‍ അക്കങ്ങള്‍ തെറ്റി അടിച്ചതിനാല്‍ കാര്‍ഡ്‌ മെഷീന്റെ അകത്തു പോയി. അതോടെ പൈസ എടുക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല . ഞാന്‍ നാട്ടിലാണല്ലോ . എന്നെ അറിയിക്കേണ്ട എന്ന് കരുതി അവന്‍ സ്വന്തമായി പൈസ ഒപ്പിക്കാന്‍ ഓട്ടമായി . സമയത്ത് മറ്റേ ബാങ്കില്‍ പൈസ ഇട്ടില്ലെങ്കില്‍ എന്റെ ചെക്ക് മടങ്ങുമല്ലോ . അതിനായി അവന്റെ ഒരു സുഹൃത്തിന്റെ അടുത്ത് പോയ അവന്റെ വണ്ടി അപകടത്തില്‍ പെട്ടു. അങ്ങിനെ സമയത്ത് ജോലിക്കെതാന്‍ കഴിയാതെ അവന്റെ ജോലി പോയി. എന്നിട്ടും ഒന്നും എന്നെ അറിയിക്കാതെ എന്റെ കാര്യങ്ങള്‍ അവന്‍ ഭംഗിയാക്കി ചെയ്തു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. മനസ്സില്‍ നിറഞ്ഞ നന്മ സൂക്ഷിക്കുന്ന ആ ആത്മാര്‍ത്ഥ സ്നേഹിതനെ ഞാന്‍ എപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു ....!!!

Monday, November 2, 2009

കൊട്ടേഷന്‍ ...!!!

കൊട്ടേഷന്‍ ...!!!

അതിര്‍ത്തി പ്രശ്നം വഴക്കിലും തമ്മില്‍ തല്ലിലും എത്തിനില്‍ക്കുന്ന എന്റെ ഒരു സുഹൃത്തിനെ സഹായിക്കാന്‍ എനിക്ക് അവന്റെയൊപ്പം അവിടെ പോകേണ്ടി വന്നു‍. അവിടെയെത്തി, പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ഇത് വളരെ എളുപ്പം തീര്‍ക്കാവുന്ന ഒരു പ്രശ്നമായാണ് എനിക്ക് തോന്നിയത്. വളരെ നിസ്സാരമായ ഒരു പ്രശ്നത്തെ രണ്ടു കൂട്ടരും അവരവരുടെ ഈഗോ കാരണം വളര്‍ത്തി വലുതാക്കി ഇപ്പൊ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായിരിക്കുന്നിടത് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. പക്ഷെ കാര്യങ്ങള്‍ എനിക്ക് നിസ്സാരമാണെങ്കിലും അവര്‍ക്കും കൂടി അങ്ങിനെ തോന്നണമല്ലോ. സംസാരിച്ചിട്ടും സംസാരിച്ചിട്ടും രണ്ടു കൂട്ടരും അമ്പിനും വില്ലിനും അടുക്കില്ല. താന്‍ പിടിച്ച മുയലിനു ചെവി നാലെന്നാണ് ഇരുവരും.

ഒടുവില്‍ എനിക്കല്‍പ്പം കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അതോടെ മറ്റെയാള്‍ എന്‍റെ നേര്‍ക്കായി പിന്നെ. ഞാന്‍ ആരാ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ എന്നായി അയാള്‍. അത് അവര്‍ തമ്മിലുള്ള പ്രശ്നമാണെന്നും , അത് അവര്‍ തന്നെ തീര്‍ത്തോളാം എന്നുമായപ്പോള്‍, ഞാന്‍ മെല്ലെ പിന്‍വലിഞ്ഞു. അല്ലെങ്കില്‍ തന്നെ എനിക്കെന്തു കാര്യം. ഞാന്‍ നേരെ എന്റെ വീട്ടിലേക്കും പോന്നു.

പക്ഷെ പ്രശ്നം തീര്‍ന്നില്ല എന്ന് മാത്രമല്ല, മറ്റെയാള്‍ എന്റെ സുഹൃത്തിനെ തല്ലാന്‍ ഗുണ്ടകളെ വരെ ഏര്‍പ്പാടാക്കുകയും ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി എന്റെ സുഹൃത്ത്‌ വീണ്ടും എന്റെയടുത്തു ഓടിയെത്തി. ഇടപെടാന്‍ എനിക്ക് താത്പര്യമില്ലായിരുന്നെന്കിലും എനിക്ക് അവനൊപ്പം പോകേണ്ടി വന്നു. മറ്റെയാള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടയെ എനിക്കറിയാമെന്നും, അയാളെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് പോകേണ്ടി വന്നു. കൂടാതെ അവന്റെ അമ്മയും അച്ഛനും ഒക്കെയും എന്നോട് എങ്ങിനെയെങ്കിലും പ്രശ്നം തീര്‍ത്തുതരണമെന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് വേറെ വഴിയില്ലാതെയുമായി.

ആദ്യം തന്നെ ഗുണ്ടയെക്കണ്ട് തല്ല് ഒഴിവാകാനായിരുന്നു അവന്റെ താത്പര്യം. അന്വേഷിച്ചപ്പോള്‍ ഗുണ്ട എനിക്കറിയാവുന്ന ആള്‍ തന്നെ. എന്നെ ബഹുമാനിക്കുന്ന അയാളുടെ അടുത്ത് ചെന്നതും അയ്യാള്‍ മര്യാദയോടെ സ്വീകരിച്ചിരുത്തി. എന്റെ സുഹൃത്തിനു അത് കണ്ടതും പകുതി ആശ്വാസമായി. അവിടെ ചെന്ന് കാര്യം പറഞ്ഞപ്പോള്‍, അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്റെ സുഹൃത്തിനെ തല്ലാനല്ല ഈ പ്രശ്നത്തില്‍ ഇടപെട്ട് അയാളുടെ വിജയ സാധ്യത കുറയ്ക്കുന്ന എന്നെ തല്ലാനാണത്രെ മറ്റെയാള്‍ കൊട്ടേഷന്‍ കൊടുത്തിരിക്കുന്നത്‌ .....!!!!!

Sunday, November 1, 2009

പ്രണയ സന്ദേശം ....!!!

പ്രണയ സന്ദേശം ....!!!

ഒരു സുഹൃത്താണ് എനിക്ക് ആ ലിങ്ക് അയച്ചു തന്നത്. ആരുടെയോ പ്രണയ സന്ദേശമാണ് അതെന്നാണ്‌ അവന്‍ പറഞ്ഞത്. അപ്പൊ പിന്നെ അത് തുറന്നു കേള്‍ക്കുന്നത് ഒഴിവുള്ള ഒരു സമയതെക്കാക്കി. പ്രണയമാകുമ്പോള്‍ അത് ഒഴിവുപൊലെ നന്നായി ആസ്വദിക്കണമല്ലോ . അത് മാറ്റിവെച്ചപ്പോഴാണ് എനിക്ക് ഞങ്ങളുടെ പ്രണയ സന്ദേശങ്ങളെ ക്കുറിച്ച് ഓര്‍മ്മവന്നത്‌. വിവാഹ ശേഷമുള്ള പ്രണയമായിരുന്നു ഞങ്ങളുടെ.

വിവാഹ ശേഷം ഞാന്‍ തിരിച്ചു മണല്‍ നഗരത്തിലെതിയിട്ടും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അവള്‍ എന്റെ അടുത്ത് വന്നത്. പാസ്പോര്‍ട്ട്‌ കിട്ടാന്‍ വൈകിയതുകൊണ്ട് കുറച്ചു കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്ക് . ആ ദിവസങ്ങളില്‍ ദിവസവും രണ്ടും മൂന്നും പ്രാവശ്യം വിളിക്കുമെങ്കിലും പ്രണയം പൂത്തു നിന്നത് എഴുതുകളിലായിരുന്നു.

എല്ലാ ദിവസവും ഓരോ എഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും. അതും കൂടാതെ കൂട്ടുകാര്‍ പോകുമ്പോഴൊക്കെ ഓരോ കാസ്സെറ്റില്‍ പ്രണയപൂര്‍വ്വം സംസാരിച്ചും കൊടുത്തയക്കും. പാകിസ്താനികളാണ് അങ്ങിനെയൊക്കെ ചെയ്യുക എന്ന് പറഞ്ഞ് എന്റെ എല്ലാ സുഹൃത്തുക്കളും ഞങ്ങളെ കളിയാക്കുമെങ്കിലും ഞങ്ങള്‍ അതൊന്നും കാര്യമാക്കാറില്ല. അല്ലെങ്കില്‍ തന്നെ പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ആ ദിനങ്ങളില്‍ ആര്‍ക്കാണ് കണ്ണും കാതും ഒക്കെ.,

തിരക്കൊക്കെ കഴിഞ്ഞു ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് സുഹൃത്ത്‌ അയച്ചു തന്ന പ്രണയത്തിന്റെ ആ ലിങ്ക് ഓപ്പണ്‍ ചെയ്തത്. ഹെഡ്‌ ഫോണ്‍ ഒക്കെ വെച്ച് സുഖമുള്ള പഴയ ഓര്‍മ്മകളിലേക്ക് മെല്ലെ മടങ്ങാന്‍ തയ്യാറെടുത്തു കൊണ്ട്. ലിങ്ക് മെല്ലെ ഓപ്പണ്‍ ആയി, ശബ്ദം കാതുകളിലേക്ക് ഒഴുകിയെതാന്‍ തുടങ്ങിയതും, എന്നില്‍ ഒരു വിറയല്‍ ബാദിച്ചു. അത് പണ്ട് ഞാന്‍ എന്റെ ഭാര്യക്ക് ഒരു സുഹൃത്ത്‌ വശം കൊടുത്തയച്ച കാസ്സെറ്റിലെ പ്രണയ സന്ദേശമായിരുന്നു ....!!!


ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ....!!!

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ....!!!

കുട്ടികള്‍ വഴക്കിടുന്നത് കേട്ടാണ്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നത്. ചെറുതെങ്കിലും ഞങ്ങളുടെ മോള്‍ക്കാണ് വാശി കൂടുതല്‍. മോന്‍ എടുക്കുന്നത് തന്നെ അവള്‍ക്കും വേണം. ചിലപ്പോഴൊക്കെ അവന്‍ കൊടുക്കുമെങ്കിലും, അവള്‍ക്കു വേണ്ടാതതെന്നു അവനു തോന്നിയാല്‍ പിന്നെ കൊടുക്കില്ല. അങ്ങിനെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതിയാണ് ഞാന്‍ ചെന്നത്. പക്ഷെ പതിവിനു വിപരീതമായി, അത് അവരായിരുന്നില്ല. തൊട്ടടുത്ത്‌ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളായിരുന്നു വഴക്കിട്ടിരുന്നതു. അത് നോക്കി അല്‍പ്പം അഭിമാനത്തോടെ എന്റെ രണ്ടുപേരും. ഞങ്ങളെ നോക്കച്ചാ, എന്ത് നല്ല കുട്ടികളാ എന്ന മട്ടില്‍.

അത് രണ്ട് ഇരട്ട കുട്ടികളായിരുന്നു. ഒരു നാലോ അഞ്ചോ വയസ്സ് വരും. രണ്ടുപേരും നല്ല വാശിക്കാര്‍ തന്നെ. പരസ്പരം അടിക്കുകയും പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട് ഇരുവരും. അടുത്തുതന്നെ അവരുടെ അച്ഛന്‍ നില്‍ക്കുന്നുണ്ട്‌. ഒരല്‍പം പ്രായത്തില്‍ കുറഞ്ഞ വളര്‍ച്ചയുള്ളതുപോലെ തോന്നിച്ചിരുന്നു ആ രണ്ട് കുട്ടികള്‍ക്കും. ചിലപ്പോള്‍ ഇരട്ടക്കുട്ടികള്‍ ആയതു കൊണ്ട് കുറച്ചു നേരത്തെ ജനിചിട്ടുണ്ടാകാം എന്നാണു എനിക്ക് തോന്നിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ആ പാവം അച്ഛന്‍ തന്നാലാകുന്നതെല്ലാം ചെയ്യുന്നുണ്ട് . പക്ഷെ ആ കുട്ടികള്‍ ഒട്ടും കൂട്ടാക്കുന്നില്ല. നല്ല വാശിയില്‍, പരസ്പരം തല്ലുകൂടുക തന്നെയാണ് അവര്‍.

രണ്ട് നല്ല അടിയങ്ങ് വെച്ചുകൊടുക്കാനാണ് എനിക്ക് തോന്നിയത് . എന്റെ രണ്ട് വയസ്സുള്ള മോള്‍ക്ക്‌ വരെ ഞങ്ങളുടെ അടുത്തുനിന്നു നല്ല അടികിട്ടാറുണ്ട് പലപ്പോഴും. ചുറ്റുപാടും ആളുകളൊക്കെ നോക്കി നില്‍ക്കുന്നത് ആ അച്ഛനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. കടന്നുപോകുന്ന എല്ലാവരും പരിഹാസത്തോടെയും പുച്ചതോടെയുമാണ് അവരെ നോക്കുന്നത്. അദ്ദേഹമാകട്ടെ അനങ്ങാതെ അവിടെതന്നെ നിന്ന് വെറുതേ വായ കൊണ്ട് മാത്രം കുട്ടികളെ വഴക്ക് പറഞ്ഞു മാറ്റാന്‍ നോക്കുകയും. അവരുടെ അമ്മ കുറച്ചു മാറി സാധങ്ങള്‍ എടുക്കുകയാണെന്ന് തോന്നുന്നു. നല്ല തിരക്കായതിനാല്‍, കുട്ടികളെയും ഭര്‍ത്താവിനെയും അവിടെ നിര്‍ത്തിയതാകാം. എന്തായാലും മറ്റുള്ളവരുടെ പരിഹാസതോടെയുള്ള നോട്ടവും ആ അച്ഛന്റെ നിസ്സഹായതയും എന്നെ അങ്ങോട്ട്‌ നയിച്ചു.

അവിടെ ചെന്ന് ഞാന്‍ അവരെ സഹായിക്കാന്‍ തുടങ്ങുമ്പോഴേക്കും ഓടിക്കിതച്ചു അവരുടെ അമ്മയും അടുത്തെത്തി. അപ്പോഴേക്കും കുട്ടികള്‍ തമ്മില്‍ പിടിവലിയായിരുന്നു. അതില്‍ നിന്ന് ആ അമ്മ ഒരു കുട്ടിയെ പിടിച്ചു മാറ്റി അമ്മയോടൊപ്പം കൊണ്ട് പോകവേ ആ അച്ഛന്‍ തട്ടിത്തടഞ്ഞ് താഴെ വീണു. അടുത്തുതന്നെ ഉണ്ടായിരുന്ന ഞാന്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ നോക്കവെയാണ് കാണുന്നത്, അദ്ധേഹത്തിന്റെ കാലുകള്‍ തളര്‍ന്നതായിരുന്നു. നിന്നിടതുനിന്നു നീങ്ങാന്‍ അദ്ദേഹത്തിന് പരസഹായം വേണം ....!!!