Thursday, September 23, 2010

കുഞ്ഞ് .....!!!

കുഞ്ഞ് .....!!!

ഞങ്ങള്‍ എപ്പോള്‍ ചെല്ലുമ്പോഴും ഏറെ ആഹ്ലാദത്തോടെയായിരുന്നു അവന്‍ ഞങ്ങളെ സ്വീകരിക്കാറൂണ്ടായിരുന്നത് . ഞങ്ങള്‍ ചെല്ലുന്നതില്‍ അവനായിരുന്നു ശരിക്കും അവിടെ ഏറ്റവും സന്തോഷം. എന്റെ സുഹൃത്തായിരുന്നു അവന്റെ അച്ഛന്‍. അങ്ങിനെ എന്റെ ഭാര്യ അവന്റെ അമ്മയുടെയും സുഹൃത്തായി. അവര്‍ തമ്മിലുള്ള സൗഹൃദം ശരിക്കും അങ്ങ് പുഷ്ട്ടിപ്പെടുകയും ചെയ്തിരുന്നു. ദിവസവും മണിക്കൂറുകളോളം അവര്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു . എന്നിട്ടും തീരാതെയാണ് ഒന്നുകില്‍ ഞങ്ങള്‍ അങ്ങോട്ടോ അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ടോ വരാറുണ്ടായിരുന്നത്.

എനിക്ക് രണ്ടു കുട്ടികള്‍ ആയിട്ടും അവര്‍ക്ക് ഒരു കുട്ടിയെ വേണ്ടു എന്ന തീരുമാനത്തിലായിരുന്നു അവര്‍ . അവരുടെ കുട്ടിക്ക് മൂന്നു വയസ്സേ ആയിരുന്നുള്ളൂ. എങ്കിലും അവന്‍ നല്ല മിടുക്കനായിരുന്നു. നല്ല പെരുമാറ്റം, ഓമനത്തമുള്ള മുഖം , എല്ലാവരോടും നല്ല സ്നേഹം. ഞങ്ങള്‍ക്ക് നല്ല ഇഷ്ട്ടമായിരുന്നു അവനെ. രണ്ടു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ അവനെ പ്ലേ സ്കൂളില്‍ അയക്കാന്‍ തുടങ്ങിയിരുന്നു. അതില്‍ എനിക്കുള്ള വിയോജിപ്പ് ഞാന്‍ പറഞ്ഞെങ്കിലും അവരുടെ വാദം മറിച്ചായിരുന്നു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം വളരെ പ്രധാനമാണെന്നും അതില്‍ വളരെയധികം ശ്രദ്ധ ചെലുതണമെന്നും. എങ്കിലും ഇത്ര ചെറിയ കുട്ടിയെക്കൊണ്ട് വലിയ വലിയ കാര്യങ്ങള്‍ ചെയ്യിക്കുന്നതിലെ ഔചിത്യമില്ലായ്മ ഞാന്‍ തുറന്നു പറയാറുമുണ്ടായിരുന്നു .

അങ്ങിനെയൊക്കെ ആണെങ്കിലും അവരുടെ സ്നേഹവും ആത്മാര്‍ഥതയും ഒക്കെ ഞങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും വലിയ കാര്യമായിരുന്നു. ഈ കാലത്ത് ആരിലും കാണാത്ത പല നല്ല ഗുണങ്ങളും ഞാന്‍ അവരില്‍ കണ്ടിരുന്നു. എന്റെ ഭാര്യ പോലും പലപ്പോഴും അവരെ കണ്ടു പഠിക്കാന്‍ എന്നെ ഉപദേശിച്ചിരുന്നു. എനിക്കും അങ്ങിനെ തോന്നിയിട്ടുമുണ്ട് പലപ്പോഴും. അവരുടെ കുട്ടിയാകട്ടെ ക്ലാസ്സില്‍ ഒന്നാമനും പല പരീക്ഷകളിലും ഉന്നത വിജയം വരിക്കുകയും ചെയ്തിരുന്നു.

കുറച്ചു സമയത്തിനു ശേഷം അവര്‍ക്ക് ജോലി വിഷയമായി സ്ഥലം മാറ്റമായി. അങ്ങിനെ ഞങ്ങളുടെ അടുത്ത് നിന്നും വളരെ ദൂരേക്ക്‌ അവര്‍ മാറിപ്പോയി. പിന്നീട് ഇടക്കിടെയുള്ള ഫോണ്‍ വിളികള്‍ മാത്രമായി. മെയിലും ചാറ്റും ഒക്കെ ഇടയ്ക്കും. എന്നാലും ഹൃദയം തുറക്കുന്നത് തീരെ ഇല്ലാതായി എന്ന് തന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളില്‍ എന്നും നിറഞ്ഞു നിന്ന്. എന്തൊരു പ്രത്യേക കാര്യമുണ്ടായാലും ഞങ്ങളവരെ ഓര്‍ക്കാറുണ്ടായിരുന്നു. അവരെക്കുറിച്ച് സംസാരിക്കാറു ണ്ടായിരുന്നു. ഞങ്ങളുടെ പല പൊതു സുഹൃത്തുക്കളും അവരെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു.

അങ്ങിനെ നാല് വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും കാണാന്‍ തീരുമാനിച്ചു. അവസരമുണ്ടാക്കി ഞങ്ങള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ താത്പര്യമില്ലായ്മ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇവര്‍ക്കിതെന്ത് പറ്റിയെന്നു ഞങ്ങള്‍ വല്ലാതെ ആശ്ചര്യപ്പെട്ടു. എങ്കിലും ഒരു വിധത്തില്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചു തന്നെ അവരുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തി. ഒന്നിച്ചു നാട്ടിലെ ഒരു റിസോര്‍ട്ടില്‍ ഒരാഴ്ച താമസവും ചെറിയ ചില യാത്രകളും ഉള്‍പ്പെടുത്തി ഞങ്ങള്‍ ആഘോഷം ശരിക്കും പ്ലാന്‍ ചെയ്ത് അവരുടെ വരവിനായി കാത്തിരുന്നു. ഞങ്ങളുടെ കുട്ടികള്‍ക്ക് അവരെ കാണാനുള്ള വ്യഗ്രതയായിരുന്നു കൂടുതല്‍. കുറെ കാലത്തിനു ശേഷം അവരെ കാണാനും ഒപ്പം കളിക്കനുമുള്ള ആവേശം അവരില്‍ നിറഞ്ഞു നിന്നിരുന്നു.

അവര്‍ക്ക് മുന്‍പേ ഞങ്ങള്‍ നാട്ടിലെതിയിരുന്നതിനാല്‍ അവര്‍ വന്നതിനു ശേഷം ഞങ്ങള്‍ അവരെ കൂട്ടി യാത്രപോവാനുള്ള തയ്യാറെടുപ്പുകളോടെ അവരുടെ വീട്ടിലെത്തി. എന്നും സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞു നിന്നിരുന്ന അവരുടെ വീട് അപ്പോള്‍ പക്ഷെ അപ്പോള്‍ ഇരുണ്ടിരുന്നു. അവരോടൊപ്പം അകത്തു കടന്നപ്പോള്‍ മോനെ കണ്ടില്ല അവിടെയൊന്നും. തിരക്കിയപ്പോള്‍ മൌനത്തിന്റെ ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി. അവിടെ കണ്ടത് ഞങ്ങളെ നടുക്കി കളഞ്ഞു. അവരുടെയും ഞങ്ങളുടെയും പൊന്നോമനയായ അവരുടെ കുഞ്ഞ് തളര്‍വാതം പിടിപെട്ട് നടക്കാനാകാതെ കിടക്കുന്നു....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Wednesday, September 22, 2010

ബന്ധങ്ങള്‍ ....!!!

ബന്ധങ്ങള്‍ ....!!!

വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അവിടെ വീണ്ടും ചെല്ലുന്നത്. ഒരു സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നിട്ടു കൂടി ഇപ്പോള്‍ ഞാന്‍ മനസ്സ് വെച്ചാലും അവിടെ വല്ലപ്പോഴുമേ പോകാന്‍ കഴിയാറുള്ളൂ എന്നതാണ് പ്രശ്നം. വലുതാകുമ്പോള്‍ പഴയതൊക്കെ മറക്കുന്നത് കൊണ്ടല്ല. അവരോ ഞാനോ പലപ്പോഴും ഉണ്ടാകാറില്ല എന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അപ്പ്രാവശ്യം പോകുന്നതിനു മുന്‍പേ അവിടുത്തെ ചേട്ടനെ വിളിച്ച്, അവരവിടെ ഉണ്ടെന്നു ഉറപ്പുവരുത്തിയിരുന്നു.

എപ്പോഴും ഞാനവിടെ പോകാറൂണ്ടെന്ന് പറഞ്ഞത് വെറുതേ അല്ല. അവിടെ പോകാന്‍ എപ്പോഴും ഒരു പ്രത്യേക താത്പര്യം തന്നെയായിരുന്നു. വളരെ ചെറിയ, അത്യാവശ്യ സൌകര്യങ്ങള്‍ പോലും ശരിക്കില്ലാത്ത ഒരു വീടായിരുന്നു അത്. എങ്കിലും അത് മനസ്സുകൊണ്ട് വളരെ വലുതായിരുന്നു. എപ്പോഴും കളിയും ചിരിയും സന്തോഷവും മാത്രമുള്ള ഒരു വീട്. നിറഞ്ഞ സ്നേഹം മാത്രമുള്ള ഒരു വീട്. കരുണയും വാത്സല്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു വീട്. വീടും വീട്ടുകാരും ഒരുപോലെ എനിക്കെന്ന പോലെ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടതായതും അതുകൊണ്ടൊക്കെ തന്നെ. മനസ്സ് വിഷമിച്ചിരിക്കുന്ന ഏതൊരു സമയത്തും അവിടെ ചെന്ന് തിരിച്ചു പോന്നിരുന്നത് വളരെ സന്തോഷതോടെയായിരുന്നു. അതുപോലെ തന്നെ ഞാന്‍ ചെല്ലുന്നത് അവിടുതി ചേട്ടനും ചേച്ചിക്കും ആശ്വാസവുമായിരുന്നു. ആരുമില്ലതിരുന്നിരുന്ന അവര്‍ക്ക് ഞാന്‍ ഒരു അനിയനായി. സ്വന്തക്കാരനായി.

അവിടെ ഒരു ചേട്ടനും ചേച്ചിയും രണ്ടു പെണ്മക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ചേട്ടന് ചെറിയൊരു പലചരക്ക് കടയും ചേച്ചിക്ക് വീട്ടുപണിയും. മക്കള്‍ രണ്ടുപേരും ചെറിയ കുട്ടികളാണ്. അവര്‍ പഠിക്കുകയും ചെയ്യുന്നു. ചേട്ടന്റെ കടയിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും ഉണ്ടാക്കി കൊണ്ടിരുന്നത് ചേച്ചിയായിരുന്നു . വീട്ടിലെ ചെറിയ തൊടിയില്‍ കൃഷി ചെയ്തും അവര്‍ നല്ലൊരു തുക ഉണ്ടാക്കാറുണ്ട്. മറ്റാരും ഒരു വിധത്തിലും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും അവര്‍ നന്നായി തന്നെ ജീവിച്ചിരുന്നതും അതുകൊണ്ട് തന്നെ. അങ്ങിനെ അവരുടെ ജീവിതം മറ്റു പലര്‍ക്കും മാതൃകയും ആയിരുന്നു.

പിന്നീട് ഞാന്‍ നാട്ടില്‍ നിന്ന് പോയി. വല്ലപ്പോഴും വരുമ്പോള്‍ അവര്‍ എന്നെ കാണാന്‍ അങ്ങോട്ട്‌ വരികയായി പതിവ്. പക്ഷെ ആ വരവുകളില്‍ യാന്ത്രികത നിഴലിക്കുന്നത് എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. ഞാനെന്നല്ല ആരും അതറിഞ്ഞില്ല. ഒടുവില്‍ അപ്പോള്‍ ഞാന്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിയുകയും ചെയ്തിരുന്നു. അവിടുത്തെ ചേച്ചി ചേട്ടനെയും കുട്ടികളെയും ഉപേക്ഷിച്ച് , കുറച്ചുകാലമായി അടുപ്പത്തിലായിരുന്ന അടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ കൂടെ ഒളിച്ചോടി. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com


Friday, September 17, 2010

സമരത്തിനിടയിലെ യാത്ര ......!!!

സമരത്തിനിടയിലെ യാത്ര ......!!!

വളരെ പെട്ടെന്നാണ് നഗരത്തില്‍ ബസ്സുകള്‍ പണിമുടക്കിയത്. കുട്ടികളും ബസ്സ്‌ ജീവനക്കാരും തമ്മിലുള്ള തര്‍ക്കം അടിപിടിയിലും ബസ്സ്‌ കത്തിക്കലിലും എത്തിയതും അതുപിന്നെ ജില്ല മുഴുവനും സമരമായതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ദിവസത്തിന്റെ പകുതിയിലായതിനാല്‍ എല്ലാവരും ശരിക്കും വഴിയില്‍ കുടുങ്ങിപ്പോയി. പെണ്‍കുട്ടികളെയും സ്ത്രീകളെയുമായിരുന്നു ഇത് ഏറെ ബാധിച്ചത്. എങ്ങിനെയും വീടെത്താനുള്ള അവരുടെ വെപ്രാളം, പലരിലും കരച്ചിലിന്റെ വക്കിലും എത്തിച്ചു . അവസരം മുതലാക്കാന്‍ വഴികണ്ണുമായി കാത്തിരിക്കുന്ന മാംസകച്ചവടക്കാരില്‍ നിന്ന് സ്വന്തം ശരീരം മറച്ചു പിടിക്കാന്‍ അവര്‍ നന്നേ പാടുപെട്ടിരുന്നു.

ആ തിരക്കുകള്‍ക്കിടയില്‍ ഞാനും എന്റെ വഴിതേടി അലഞ്ഞു. അത്ര തിരക്കൊന്നും ഇല്ലെങ്കിലും ഇറങ്ങിയേടത് എത്താനാകാതെ ഞാനും വലഞ്ഞു. പോകേണ്ടത് അത്യാമായിരുന്നു എങ്കിലും ഇങ്ങിനെ പോയാല്‍ പോകുന്ന കാര്യം നടുക്കകയും ഇല്ല എന്നുള്ളതിനാല്‍ ഇനി വീട്ടിലേക്കു തിരിച്ചു പോകാം എന്ന് കരുതി ഏതെങ്കിലും പരിചയമുള്ള വണ്ടിക്കായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഒരു അടുത്ത കൂട്ടുകാരന്റെ തന്നെ വാഹനം കിട്ടിയതും ഞാനും അതില്‍ കയറിപ്പറ്റി. പട്ടണത്തിലേക്ക് ചരക്കുകയറ്റാന്‍ വന്ന ഒരു ടെമ്പോ ആയിരുന്നു അത്. അവന് പട്ടണത്തില്‍ കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാനും അവനെ സഹായിക്കാന്‍ കൂടി.

നഗരത്തിലൂടെ അപ്പോഴേക്കും ബസ്സ്‌ ജീവനക്കാരുടെ പ്രകടനവും അതിനു മറുപടിയായി വിദ്യാര്‍ഥികളുടെ പ്രകടനവും കടന്നു പോകുന്നുണ്ടായിരുന്നു. അപ്പോഴും കിട്ടുന്ന വാഹനങ്ങളില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ നെട്ടോട്ടം വല്ലാത്തൊരു കാഴ്ചയായിരുന്നു. ഉള്ള വാഹനങ്ങളൊക്കെ യാത്രക്കാരെ ശരിക്കും പിഴിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ പണിയൊക്കെ പെട്ടെന്ന് തീര്‍ത്ത് നഗരത്തിനു പുറത്തു കടക്കാന്‍ തുടങ്ങി. ഇടയില്‍ ഔ ഗതാഗത കുരുക്കില്‍ പെട്ടതും രണ്ടുപേര്‍ ഞങ്ങളുടെ വണ്ടിയില്‍ പിന്നില്‍ കയറിയിരുന്നു. കണ്ടിട്ട് അല്‍പ്പം വശപിശകുള്ളവരെ പോലെ തോന്നിയെങ്കിലും അവര്‍ ഞങ്ങളുടെ വണ്ടിയില്‍ കയറിയിട്ടാണ്‌ ഞങ്ങള്‍ അറിയുന്നതും അവര്‍ ഞങ്ങളോടെ പറയുന്നതും. ആ സാഹചര്യത്തില്‍ എങ്ങിനെ അവരോടു ഇറങ്ങാന്‍ പറയും. അതുകൊണ്ടുതന്നെ അവനോ ഞാനോ ഒന്നും പറഞ്ഞുമില്ല.

നഗരത്തിനു പുറത്തു കടന്ന്‌ കുറച്ചു ദൂരം പോന്നതും അവര്‍ ഒരു കവലയില്‍ ഇറങ്ങണം എന്ന് പറഞ്ഞു. പൈസ നീട്ടിയെങ്കിലും അത് വാങ്ങാതെ ഞങ്ങള്‍ അവരെ ഇറക്കി. അവര്‍ തിരക്കിലേക്ക് പെട്ടെന്ന് തന്നെ ഊളിയിട്ടു മറഞ്ഞു. അവരെ ശ്രദ്ധിക്കാതെ ഞങ്ങള്‍ യാത്ര തുടരുകയും ചെയ്തു. വഴിയില്‍ അപ്പോഴും വാഹങ്ങള്‍ കിട്ടാത്തവരുടെ കാത്തിരിപ്പ്‌ തുടരുകയായിരുന്നു. ഞങ്ങള്‍ സാവധാനത്തില്‍ വഴിയില്‍നിന്ന് ഒരു ചായയൊക്കെ കുടിച്ച്‌ കുറച്ചു ദൂരം കൂടി പോന്നതും ഞങ്ങളെ ഒരു പോലീസ് വാഹനം പിന്തുടര്‍ന്ന് വന്ന്‌ മുന്നില്‍ കയറ്റി നിര്‍ത്തി ഞങ്ങളോട് പുറത്തിറങ്ങാന്‍ പറഞ്ഞു. ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ പുറത്തിറങ്ങിയതും അവര്‍ വണ്ടി മുഴുവനും പരിശോദിക്കാന്‍ തുടങ്ങി. ഒന്നും കാണാതെ വന്നതും ദേഷ്യത്തോടെ അവര്‍ ചോദിച്ചു നിങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ആ രണ്ടു പേര്‍ എവിടെയെന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ഞങ്ങളെ പോലീസ് വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതിനിടയിലാണ് അറിയുന്നത്, ഒരു പ്രശസ്ത വ്യക്തിയെ കൊന്നിട്ട് വരികയായിരുന്ന ഗുണ്ടകള്‍ ആയിരുന്നുവത്രേ ഞങ്ങളുടെ വണ്ടിയില്‍ കയറിയ അവര്‍ രണ്ടു പേരും .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, September 14, 2010

കാത്തിരിപ്പിന്റെ ജീവന്‍ ...!!!

കാത്തിരിപ്പിന്റെ ജീവന്‍ ...!!!

വിറച്ച് ഇരുന്നിരുന്ന നഗരം അപ്പോള്‍ വിറങ്ങലിക്കുക കൂടി ചെയ്തിരുന്നു. ആകാശത്തില്‍ നിന്ന് ചുവപ്പ് ചോരയായി ഭൂമിയില്‍ പരന്നൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . മനുഷ്യരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള കരച്ചിലുകള്‍ ആരാച്ചാര്‍മാരുടെ അലര്‍ച്ചകളില്‍ മുങ്ങിപ്പോയിരുന്നു. കാവല്‍ക്കാര്‍ കാഴ്ചക്കാര്‍ മാത്രമാകുമ്പോള്‍ സ്വത്ത് അന്ന്യര്‍ക്കു സ്വന്തം. അധികാരികള്‍ അവരവരുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെ നെട്ടോട്ടമോടുമ്പോള്‍ അവരാല്‍ സംരക്ഷിക്കപ്പെടേണ്ടവരുടെ കടമകള്‍ ആര് നോക്കാന്‍ .

ഞാന്‍ ആ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. എന്നെക്കൂടാതെ അവിടെ കുറച്ചുപേര്‍ ഉണ്ടായിരുന്നു. അതില്‍ എന്റെ തൊട്ടടുത്തായി ഇരുന്നിരുന്ന ഒരു വലിയ കുടുംബം എന്നെ വല്ലാതെ നൊമ്പരപ്പെടുതിയിരുന്നു. വയസ്സായ അച്ഛനും അമ്മയും ഭാര്യയും മൂന്നു കുട്ടികളും പിന്നെ അവരുടെ മകളോ അനിയത്തിയോ ആയ വേറെ രണ്ടു പെണ്‍കുട്ടികളും. അവര്‍ എല്ലാവരും വ്യാകുലതകളോടെ അയാളെ മാത്രം കാത്തു കാത്തിരിക്കുകയാണ്. അവരെല്ലാവരും കൂടി അയാളുടെ പുതിയ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയതാണ്. ഓഫീസില്‍ നിന്ന് അയാള്‍ നേരെ ഇങ്ങോട്ട് വരാമെന്നും അപ്പോഴേക്കും അവരോടു റെയില്‍വേ സ്ടഷനില്‍ വരാനുമായിരുന്നു പറഞ്ഞിരുന്നത്.

അങ്ങിനെയാണ് അവരെല്ലാവരും നേരത്തെ തന്നെ ഇവിടെ എത്തിയത്. അയാള്‍ വരാന്‍ പിന്നെയും സമയമുണ്ടായിരുന്നതുകൊണ്ട് അവര്‍ കാത്തിരിക്കുകയായിരുന്നു. കയ്യില്‍ കരുതിയതെല്ലാം നേരത്തെ കഴിച്ചു കഴിഞ്ഞിരുന്നതിനാല്‍ അപ്പോഴേക്കും കുട്ടികള്‍ വിശന്നു കരയാന്‍ തുടങ്ങിയിട്ടും അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനും പറ്റിയിരുന്നില്ല. അവരുടെ കയ്യില്‍ പൈസ ഉണ്ടോ എന്നറിയില്ല. ഒരുപക്ഷെ ഉണ്ടായിരുന്നെങ്കില്‍ കുട്ടികള്‍ അത്രമാത്രം കരഞ്ഞു പറഞ്ഞിട്ടും അവര്‍ വാങ്ങി കൊടുക്കാതിരിക്കുമോ. എങ്ങിനെയാണ് ഞാന്‍ ഇടപെടുക എന്ന് കരുതി ഞാന്‍ വിഷമത്തോടെ ഇരുന്നു.

കലാപം അവിടെയൊന്നും അല്ലാതിരുന്നിട്ടും മനസ്സ് വ്യാകുലമായിരുന്നു. ആര് വന്നാലും പോയാലും സംശയത്തിന്റെ ഒരു നിഴല്‍ അവരെ പിന്തുടര്‍ന്നിരുന്നു. എല്ലാവരിലും വല്ലാത്തൊരു പേടി നിറഞ്ഞു നിന്നിരുന്നു. ഇനി വണ്ടികള്‍ ഏതെങ്കിലും വരുമെന്നോ പോകുമെന്നോ ആരും പ്രതീക്ഷിക്കുന്നു പോലുമില്ലായിരുന്നു. എന്നിട്ടും ആരും പുറതുപോയില്ല. ഒരുപക്ഷെ ആ രാത്രിയില്‍ അവിടമാണ് കൂടുതല്‍ സുരക്ഷിതമെന്ന് ഒരു തോന്നല്‍ എല്ലാവരിലും ഉണ്ടായിരുന്നു. അല്ലെങ്കിലും അപ്പോള്‍ പുറതുപോയാലും മറ്റൊരു വാഹനം കിട്ടാനും സാധ്യതയില്ലായിരുന്നു. ടെലിവിഷനില്‍ ഭീകരമായ നരഹത്യയുടെ ദ്രിശ്യങ്ങള്‍ അപ്പോഴേക്കും പേടിപ്പെടുത്തും വിധം വരാന്‍ തുടങ്ങിയിരുന്നു. അതോടെ എല്ലാവരിലും ഒരു തേങ്ങല്‍ തൊണ്ടയില്‍ നിന്ന് മെല്ലെ പുറത്തുവരാനും തുടങ്ങി.

കുട്ടികളുടെ കരച്ചില്‍ ശക്തമായപ്പോള്‍ ഞാന്‍ അവരുടെ അനുവാതതോടെ കുട്ടികളെയും കൂട്ടി കടയില്‍ ചെന്നു. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് ഞാനും അവരോടൊപ്പം കുറച്ച് ഭക്ഷണം കഴിച്ചു. കുട്ടികള്‍ ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള്‍ തന്നെ എന്റെ വയറു നിറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടത് വാങ്ങിക്കൊണ്ടുവന്ന്‍ അവര്‍ക്ക് കൊടുത്തപ്പോള്‍ നന്ദിയോടെ വാങ്ങി അവരത് വാരിത്തിന്നുകയായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടി ടെലിവിഷനിലേക്ക് നോക്കി അമ്മെ അച്ഛനെന്നു അലറിയത്. എല്ലാവരും നോക്കുമ്പോഴേക്കും ആ ദൃശ്യം മാറിയിരുന്നു. പകുതി കഴിച്ച കയ്യുമായി എല്ലാവരും ടിവിയിലേക്ക് നോക്കിയിരിക്കെ ആ ദൃശ്യം പിന്നെയും വന്നു. ഭീകരമായ കലാപത്തില്‍ തകര്‍ന്നടിഞ്ഞ നഗരത്തിലെ റോഡില്‍ ചിതറിക്കിടക്കുന്ന ശവങ്ങള്‍ക്കിടയില്‍ , അവരുടെ അച്ഛനും .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

ശരീരമുള്ള തല ....!!!

ശരീരമുള്ള തല ....!!!

തിരക്കില്‍ അലിയാതെ സ്വകാര്യതയില്‍ മുഴുകി മെല്ലെ ഒരു യാത്ര. നീണ്ടതെങ്കിലും, ട്രെയിന്‍ കിട്ടാതിരുന്നത് ഒരുകണക്കിന് നന്നായി എന്ന് തോന്നി. അരുകിലെ സീറ്റാണ് ഇഷ്ട്ടമെങ്കിലും അപ്പോള്‍ അത് കിട്ടാത്തതില്‍ നിരാശയും തോന്നിയില്ല. കയ്യില്‍ പുസ്തകം ഉണ്ടായിരുന്നെങ്കിലും വായിക്കാന്‍ എടുത്തില്ല. പാട്ട് കേള്‍ക്കാനും തോന്നിയില്ല. ഒരു വിധം എല്ലാ സീറ്റുകളും ഫുള്ളായിരുന്ന ആ സര്‍ക്കാര്‍ ബസ്സില്‍ പക്ഷെ അതിന്റെ ഒരുതിരക്കും അനുഭവപ്പെട്ടിരുന്നില്ല. മൂന്നുപേര്‍ക്കിരിക്കാവുന്ന എന്റെ സീറ്റില്‍ തന്നെ രണ്ടുപേരെ ഉണ്ടായിരുന്നുമുള്ളൂ. അങ്ങിനെ എന്റെ യാത്രയും തുടര്‍ന്നു.

തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. ചെറുപ്പക്കാരന്‍ എന്നാല്‍ ഒരു ഇരുപത് ഇരുപത്തിയഞ്ച് വയസ്സുള്ള ഒരാള്‍ . അയാളിലെ പ്രത്യേകത തന്നെയാണ് എന്നെ അയാളിലേക്ക് ആകര്‍ഷിച്ചതും. സീറ്റില്‍ ഉറച്ചിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, തിരിഞ്ഞും മറിഞ്ഞും ഇരുന്നും, കാല് നീട്ടില്‍ മുന്നിലെ സീറ്റില്‍ എടുതുവെച്ചും തലയും കയ്യും പുറത്തേക്കിട്ട് ചുറ്റുപാടുകള്‍ നോക്കിയും, ഞങ്ങളുടെ സീറ്റിന്റെ മുക്കാലും അയാള്‍ തന്നെ കയ്യടക്കിയിരുന്നു.

പെട്ടെന്നാണ് ഞങ്ങളുടെ യാത്രയില്‍ ചെറിയ കല്ലുകടികള്‍ ഉണ്ടായത്. ദേശീയ പാതയില്‍ ഒരു വലിയ അപകടം നടന്നിരിക്കുന്നതിനാല്‍ വലിയ വാഹങ്ങലെല്ലാം ചില ചെറിയ വഴികളിലൂടെ തിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ ഒന്നും സ്ഥിരമായി പോകാത്ത ആ വഴി ഞങ്ങളുടെ ഡ്രൈവര്‍ക്കും അപരിചിതമായിരുന്നു. അതുകൊണ്ട് തന്നെ കുഴികളില്‍ ചാടിയും, അപ്രതീക്ഷിതമായി ബ്രെയ്ക്ക് ചവിട്ടിയും യാത്രയുടെ രസവും നഷ്ട്ടപ്പെട്ടു. ചിലയിടങ്ങളില്‍ റോഡിനു തീരെ വീതിയും ഉണ്ടായിരുന്നില്ല. അരികുകളിലെല്ലാം മരങ്ങളും ഇലക്ട്രിക്‌ പോസ്റ്റുകളും കൊണ്ട് റോഡു അപകടം പിടിച്ചതുമായി.

എന്റെ അടുത്തിരുന്ന കക്ഷിക്ക് ഇതുപക്ഷേ കൂടുതല്‍ രസകരമായി, പുതിയ വഴികള്‍ അയാളെ ആവേശം കൊള്ളിച്ചു. ബസ്സ് ഞെങ്ങി ഞെരുങ്ങി പോകുമ്പോള്‍ അയാള്‍ ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുതും മറ്റു വാഹനങ്ങള്‍ക്ക് വഴി പറഞ്ഞു കൊടുത്തും ഒക്കെ സജീവമായി. ഇങ്ങനെ യാത്ര തുടര്‍ന്നത് എന്നെ വല്ലാതെ ബോറടിപ്പിച്ചു. ഞാന്‍ മെല്ലെ ഒരു മയക്കതിലെക്കും വഴുതി.

മുഖത്തേക്ക് എന്തോ വെള്ളം ചീറ്റി തെറിച്ചു വീണപ്പോഴാണ് പിന്നെ ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ഒപ്പം കനമുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് തെറിച്ചു വീഴുകയും അത് കിടന്ന് പിടക്കുകയും ചെയ്യാന്‍ തുടങ്ങി. ഒന്നും മനസ്സിലാകാതെ ഞാന്‍ ഞെട്ടി എഴുന്നേറ്റതും ചുറ്റുനിന്നും കൂട്ടക്കരച്ചിലും ഉയര്‍ന്നു. നോക്കുമ്പോള്‍ , വഴിയരുകിലെ പോസ്റ്റില്‍ തട്ടി തലയറ്റു പോയി, അടുത്തിരുന്ന ആ യുവാവിന്റെ ശരീരം എന്റെ മടിയില്‍ കിടന്ന് പിടക്കുകയാണ് ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .
sureshpunjhayil@gmail.com

Wednesday, September 8, 2010

മറന്നുവെച്ച കുട്ടി ......!!!

മറന്നുവെച്ച കുട്ടി ......!!!

ഞാന്‍ കയറുമ്പോള്‍ ആ ബസ്സില്‍ തിരക്കൊട്ടും ഇല്ലാതിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല തിരക്കായി. നില്‍ക്കാന്‍ തന്നെ ഇടമില്ലാത്ത വിധം നല്ല തിരക്ക്. സാധാരണയില്‍ ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഞാന്‍ തീവണ്ടിയെ ആണ് ആശ്രയിക്കാറ് എങ്കിലും അന്നത്തേത് പെട്ടെന്ന് ഉള്ളതായതിനാല്‍ തീവണ്ടി കിട്ടിയില്ല. നടുവിലെ സീറ്റാണ് എനിക്ക് കിട്ടിയത് എന്നതിനാല്‍ പുറത്തെ കാഴ്ചകളും അന്ന്യമായി. അങ്ങിനെ ഞാന്‍ മെല്ലെ ചെറിയൊരു മയക്കത്തിലെക്കും വഴുതി.

ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. ബസ്സിലെ വലിയ തിരക്കില്‍ ബുദ്ധിമുട്ടുന്ന ആ കുഞ്ഞിനെ അതിന്റെ അച്ഛന്‍ തന്നെയാണ് എടുത്തിരുന്നത്. അതിന്റെ അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ മറ്റെവിടെയോ ആയിരുന്നു നിന്നിരുന്നത്. കുഞ്ഞിനേയും കൊണ്ടുള്ള അയാളുടെ നില്‍പ്പ് കണ്ടപ്പോള്‍ എനിക്ക് ഇരിക്കാനും വയ്യ എന്നാല്‍ ഒരുപാട് ദൂരം പോകാനുണ്ടായിരുന്നതിനാല്‍ എഴുന്നേല്‍ക്കാനും വയ്യ എന്നാ അവസ്ഥയിലായി.

ഞാന്‍ അങ്ങിനെയിരിക്കെ, അയാള്‍ തന്നെ പോംവഴിയും കണ്ടു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അയാള്‍ . അതോടെ ഞാന്‍ കുഞ്ഞിനെ അയാളുടെ കയ്യില്‍നിന്നും എന്റെ മടിയില്‍ വാങ്ങിയിരുത്തി. കുഞ്ഞാകട്ടെ എന്റെ മടിയില്‍ സ്വസ്ഥമായതോടെ നന്നായി കളിക്കാനും തുടങ്ങി. എന്റെ മോളെക്കാള്‍ ചെറിയതായതിനാല്‍ ഞാന്‍ അവളെ മെല്ലെ കൊഞ്ചികാനും കളിപ്പിക്കാനും തുടങ്ങി.

ഏകദേശം രണ്ടു വയസ്സോളം പ്രായമുള്ള ആ കുഞ്ഞ് പെട്ടെന്ന് തന്നെ എന്നോട് ഇണങ്ങി. എന്റെ പോക്കറ്റിലെ സാധനങ്ങള്‍ വാരിയെടുതും എന്നോട് തുരുതുരാ കൊഞ്ചികൊഞ്ചി വര്‍ത്തമാനം പറഞ്ഞും അവള്‍ എന്നെയും എന്റെ അടുത്തിരുന്നിരുന്ന ആളെയും കയ്യിലെടുത്തു. ഞങ്ങള്‍ അവളുടെ ലോകത്തിലേക്ക്‌ മാത്രമായി ഒതുങ്ങവേ അവളുടെ അച്ഛനെയും അമ്മയെയും മറന്നുപോയി.

കുറച്ചധികം സമയം കഴിഞ്ഞപ്പോഴെക്കും മെല്ലെ കുഞ്ഞും അതിനു പിന്നാലെ ഞാനും പിന്നെയും മയങ്ങിപോയി. ഒരുപാട് സമയം കഴി ഞ്ഞിരിക്കണം. കണ്ടെക്ടര്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് എന്നെ തൊട്ടു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ഉറക്കത്തിലായിരുന്ന കുഞ്ഞിനേയും മെല്ലെ വിളിച്ചുണര്‍ത്തി, ഞാന്‍ മെല്ലെ എഴുന്നേറ്റു അവളുടെ അച്ഛനെയും അമ്മയെയും നോക്കവേ, അവര്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നെയില്ല. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .

Tuesday, September 7, 2010

അമ്മ ...!

അമ്മ ...!

മഴ തകര്‍ത്തു പെയ്യുകയായിരുന്നു. തുള്ളിക്കൊരു കുടം എന്നൊക്കെ പോലെ. ആരോടോ ഉള്ള ഒരുതരം വാശിയായിരുന്നു ആ മഴയ്ക്ക് എന്നാണു എനിക്കപ്പോള്‍ തോന്നിയത്. അല്ലെങ്കില്‍ ഒരുതരം അഹങ്കാരം തന്നെ. എന്നിട്ടും മുന്‍ നിശ്ചയപ്രകാരം ഞങ്ങള്‍ അമ്പലത്തില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. അച്ഛന്റെ കുടയുമെടുത്ത് ഞാനും അവളും കൂടി പുറത്തിറങ്ങിയപ്പോഴും മഴ ഞങ്ങള്‍ക്ക് മുകളില്‍ നൃത്തം ചെയ്യുകയായിരുന്നു.

മഴയായതു കൊണ്ടുതന്നെയാകണം ക്ഷേത്രത്തില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ചുരുക്കം ചില ക്ഷേത്ര ജീവനക്കാര്‍ ഒഴികെ ഒന്നോ രണ്ടോ പേര്‍മാത്രം. ചില വിശേഷാല്‍ പൂജകളുടെ തിരക്കിലായിരുന്ന പൂജാരി ഞങ്ങള്‍ക്ക് വളരെ പരിചയം ഉള്ളയാളുമാണ് . അദ്ധേഹത്തെ കാത്തു നിന്ന് ഞങ്ങള്‍ക്കുള്ള പൂജകള്‍ ഏല്‍പ്പിച്ച് ഞങ്ങള്‍ പിന്നെയും പ്രദക്ഷിണം വെക്കാന്‍ തുടങ്ങി.

ഒരു പ്രദക്ഷിണം വെച്ച് നടയ്ക്കലെത്തി , പൂജാരിയെ കാത്തുനില്‍ക്കെ, ഞങ്ങള്‍ക്കരികില്‍ കുളിച്ച് ഈറനുടുത്ത് ഒരു അമ്മ വന്നു നിന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കുലീനയായ ആ മദ്ധ്യവയസ്കയെ ഞങ്ങള്‍ക്ക് നല്ല പരിചയം ഉണ്ടായിരുന്നിട്ടും പ്രാര്‍ഥിക്കുന്നതിനിടയില്‍ ശല്ല്യ പ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള്‍ മിണ്ടാതിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്ന അവര്‍ക്ക് നാലുമക്കള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ച അവരുടെ മൂത്തമകന്‍ എന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. ഞങ്ങളുടെ വിവാഹവും ഏകദേശം അടുത്തടുത്ത്‌ തന്നെയായിരുന്നു. അവനായിരുന്നു അവരുടെ കുടുംബം ഏറ്റവും നന്നായി തന്നെ നോക്കിയിരുന്നത്.

ആ അമ്മയാകട്ടെ ആരെയും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്ത് മാത്രമായിരുന്നു. കണ്ണടച്ച് ആത്മാര്‍ഥമായി പ്രാര്‍ത്ഥനയില്‍ മുഴുകിയായിരുന്നു അവര്‍ . അവരുടെ പ്രാര്‍ത്ഥന കുറേശ്ശേയായി ഞങ്ങള്‍ക്കും പിന്നെ കുറച്ചു മാറി നിന്നിരുന്ന വരസ്സ്യാര്‍ അടക്കമുള്ള ക്ഷേത്രം ജീവനക്കാര്‍ക്കും കേള്‍ക്കുമാറായി തുടങ്ങി. അത്രയും ആത്മാര്‍ഥമായി കരഞ്ഞുകൊണ്ട്‌ നെഞ്ചത്ത്‌ കൈവെച്ചു അവര്‍ പ്രാര്‍ഥിക്കുന്നത് മുഴുവന്‍ അവരുടെ മൂത്ത മകനെ കുറിച്ചായിരുന്നു. അവരെ പൊന്നുപോലെ നോക്കുന്ന അവരുടെ മൂത്ത മകനും മരുമകളും ഒരിക്കലും നേരെയാകരുതേ എന്നും അവരുടെ മറ്റു മൂന്നുമക്കളും നേരെയകണേ എന്നും....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .