Monday, December 21, 2009

കാത്തിരിക്കുന്ന കുട്ടി...!!!

കാത്തിരിക്കുന്ന കുട്ടി...!!!

തിരക്കുള്ള ആ സര്‍ക്കാര്‍ ആപ്പീസിന്റെ വരാന്തയില്‍ തിരക്കില്‍ നിന്നൊഴിവാകാന്‍ പരമാവധി ശ്രമിച്ചുകൊണ്ടായിരുന്നു ആ കുഞ്ഞ് അവിടെ പതുങ്ങി നിന്നിരുന്നത്. ഏകദേശം അഞ്ചു വയസ്സുമാത്രം പ്രായമുള്ള ആ ഓമനയുടെ മുഖത്തിന്‌ തീക്ഷ്ണമായ ഒരു പ്രകാശമുണ്ടായിരുന്നു. ഏകദേശം അഞ്ചു വയസ്സെങ്കിലും ഉള്ള അവനു പക്ഷെ ഒരു അന്പതുകാരന്റെ പക്വതയും ഉണ്ടായിരുന്നു. നിശ്ചയ ദാര്ട്യതോടെയുള്ള അവന്റെ നില്‍പ്പില്‍ ഞാന്‍ പോലും ഒന്ന് പരുങ്ങിപോയി. എനിക്ക് കാണേണ്ട ഓഫീസര്‍ കുറച്ചു കഴിഞ്ഞേ എത്തൂ എന്നറിഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു ഞാന്‍ അവിടെ. അപ്പോഴാണ് ആ ഒമാനക്കുഞ്ഞു എന്റെകണ്ണിലുടക്കിയത്.

ആ ഓമന കുറച്ചധികം നേരമായി അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എന്ന് തോന്നുന്നു. അവന്റെ കാലുകള്‍ വേദനിക്കുകയും അവന്റെ ചുണ്ടുകള്‍ വരണ്ടുതുടങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും അതൊന്നും കൂസാതെ അവന്‍ അവിടെത്തന്നെ കാത്തു നില്‍ക്കുകയാണ്. കടന്നു പോകുന്ന ഓരോരുത്തരും അവനെ ഒന്ന് നോക്കിയിട്ടേ കടന്നു പോകുന്നുണ്ടായിരുന്നുള്ളൂ. ചിലരൊക്കെ അവന്റെ ഓമന കവിളില്‍ ഒന്ന് നുള്ളാനും ശ്രമിച്ചിരുന്നു. തിരക്കില്‍ ആളുകള്‍ അവനെ തട്ടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അവന്‍ വല്ലാതെ ബുദ്ധിമുട്ടുന്നുമുണ്ടായിരുന്നു.

ആരെയും കൂസാതെ അവന്‍ അവന്റെ മാത്രം കാര്യത്തില്‍ ശ്രദ്ധിച്ചാണ് അവിടെ നില്‍ക്കുന്നത്. മറ്റുകുട്ടികളെ പോലെ ഒരിക്കല്‍ പോലും കളികാണോ മറ്റു എന്തിലെങ്കിലും ശ്രദ്ധിക്കാനോ അവന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ തീര്‍ത്തും ഗൌരവത്തില്‍ ആയിരുന്നു അവന്‍. ആ മുഖഭാവം അവനു പക്ഷെ ഒട്ടും ചേരുന്നതല്ല എങ്കിലും അവന്‍ അങ്ങിനെയാകാന്‍ കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു. പഴയതെങ്കിലും വൃത്തിയുള്ള വസ്ത്രം വളരെ കുലീനമായി തന്നെയാണ് അവന്‍ ഉടുത്തിരിക്കുന്നത്. വളരെ മാന്യവും പക്വതയോടെയും ആണ് അവന്‍ പെരുമാറുന്നതും.

കുറച്ചധികം നേരം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും ആ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്ന ഒരാള്‍ ആരോ പറഞ്ഞതുകേട്ട്‌ എന്നപോലെ ആരെയോ തിരഞ്ഞു കൊണ്ട് തിരക്കിട്ട് പുറത്തെത്തി ചുറ്റും നോക്കവേ ആ കുട്ടിയെ കണ്ടു അങ്ങോട്ട്‌ കടന്നു ചെന്നു. ചുവന്നു തുടുത്ത കണ്ണുകളും ക്രൂരമായ മുഖഭാവങ്ങളും ഉള്ള അയാള്‍ ഒട്ടും ദയയില്ലാതെ അവന്റെ മുഖത്തിന്‌ തന്നെ ഒറ്റ അടിയങ്ങു വെച്ച് കൊടുത്തു. എല്ലാവരും സ്തബ്ധരായി നില്‍ക്കെ ആ കുട്ടി പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ നിശ്ചലനായി അതെ നില്‍പ്പ് നില്‍ക്കുകയായിരുന്നു അപ്പോഴും. അവന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നിട്ടുണ്ടാകും എന്ന് നൂറു തരം. പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും പുറത്തു വന്നിരുന്നില്ല. എല്ലാവരും ദൈന്യതയോടെ നോക്കി നില്‍ക്കെ പിന്നെ അയാള്‍ ആ കുട്ടിയെ വലിച്ചു കൊണ്ട് എന്നപോലെ പുറത്തേക്കു പോയി മേലില്‍ ഇവിടെ കണ്ടുപോകരുത് എന്ന് അലറിക്കൊണ്ട്‌ റോഡിലേക്ക് തൂകിയെറിഞ്ഞു. ഒട്ടും ദയ അര്‍ഹിക്കാത്ത ആ മനുഷ്യന്‍ അവന്റെ സ്വന്തം അച്ഛനായിരുന്നു.....!!!

Sunday, December 20, 2009

ഒരു സിനിമ കാണല്‍ ...!!!

ഒരു സിനിമ കാണല്‍ ...!!!

സിനിമ എനിക്കൊരു ഹരം തന്നെയാണ്. പറ്റുന്ന ഓരോ സമയത്തും നല്ല സിനിമകള്‍ കാണാന്‍ കഴിയാവുന്നതും ശ്രമിക്കാരും ഉണ്ട്. പക്ഷെ എന്റെ ഭാര്യക്ക് സിനിമ അത്ര ഇഷ്ട്ടമൊന്നുമല്ല. ഇഷ്ട്ടമൊന്നുമല്ല എന്ന് പറയാന്‍ പറ്റില്ല. തമാശ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ഒക്കെ കാണാറുണ്ട്. എങ്കിലും തിയറ്ററില്‍ പോയി കാണാന്‍ താത്പര്യമില്ല.ഞങ്ങള്‍ക്ക് ചെറിയ കുട്ടികള്‍ ആയതുകൊണ്ട് അവര്‍ കാ പീ എന്ന് പറയുമ്പോള്‍ സിനിമ ശരിയായി ആസ്വദിക്കാന്‍ പറ്റില്ല എന്നാണു അവളുടെ ഭാഷ്യം. അത് ശരിയാണ് താനും. എങ്കിലും ഞാന്‍ അവള്‍ അറിഞ്ഞും അറിയാതെയും പറ്റാവുന്ന സിനിമകള്‍ക്കൊക്കെ പോകും. അതിനു പറ്റിയ ഒരു സുഹൃത്തിനെ കിട്ടണം എന്നുമാത്രം.

അങ്ങിനെ ഒരിക്കല്‍ വീട്ടില്‍ നിന്ന് ഒരു അത്യാവശ്യത്തിനു പുറത്തിറങ്ങിയതാണ്. വഴിയില്‍ വെച്ചാണ് ഒരു സുഹൃത്തിനെ കണ്ടത്. അയാളാകട്ടെ തിരക്കിട്ട് ഒരു നല്ല സിനിമക്ക് പോവുകയും ആണ്. ആ സിനിമയാകട്ടെ കുറെ കാലമായി ഞാന്‍ കാണണം എന്ന് കരുതിയിരുന്നതും. പോകേണ്ട കാര്യം അത്യാവശ്യം ഉള്ളതാണെങ്കിലും എന്തായാലും ഇനി സിനിമ കഴിഞ്ഞാകാം പോക്ക് എന്ന് വെച്ചു സിനിമ തുടങ്ങാന്‍ ഏതാനും മിനുട്ടുകളെ ഉള്ളു എന്ന് പറഞ്ഞാണ് ഞാനും സുഹൃത്തും ഓടി എത്തിയത്. അവിടെ എത്തിയപ്പോളാണ് അറിയുന്നത് സിനിമ തുടങ്ങാന്‍ ഇനിയും ഒരു മണിക്കൂറുണ്ട്‌ എന്ന്. അങ്ങിനെ ഞങ്ങള്‍ ഒരു ചായയൊക്കെ കുടിച്ചു സിനിമയെ കുറിച്ച് ഒരുപാട് സംസാരിച്ചു ഞങ്ങള്‍ അവിടെ ഇരുന്നു.

സിനിമയെ കുറിച്ച് സംസാരിക്കുമ്പോള്‍ സമയം എപ്പോഴും തീരില്ല. കേരളത്തില്‍ നിന്ന് തുടങ്ങി ഭാരതം മുഴുവന്‍ സഞ്ചരിച്ചു എഷ്യയിലൂടെ ലോകം മുഴുവന്‍ കറങ്ങി ഞങ്ങള്‍ തിരിച്ചെത്തി . ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശരിക്കും മനസ്സിലാക്കുന്ന ഒരുനല്ല ചര്‍ച്ചക്ക് അങ്ങിനെ ഒരുപാട് നാളുകള്‍ക്കു ശേഷം അവസരവും കിട്ടി . അതിന്റെ ഒരു സുഖം മനസ്സില്‍ നിറയുകയും ചെയ്തു. അടുത്തുതന്നെ എന്റെ മറ്റൊരു സുഹൃത്ത്‌ ചെയ്യാന്‍ പോകുന്ന നോല്ലൊരു വര്‍കിനെ കുറിച്ച് ഇയാളില്‍ നിന്ന് അറിയാനായതും ഗുണമായി. അവനെ വിളിക്കുകയും ചെയ്തു അതിനിടയില്‍. അങ്ങിനെ നല്ല കുറച്ചു സമയം ചിലവഴിച്ചു അപ്പോള്‍ അവിടെ.

സിനിമക്ക് സമയമായപ്പോള്‍ ഞങ്ങള്‍ ടിക്കറ്റെടുത്ത് അകത്തുകയറി, നല്ലൊരു സീറ്റ് നോക്കി ഇരിക്കുകയും ചെയ്തു. അതികം തിരക്കില്ലാത്തതിനാല്‍ ഞങ്ങള്‍ സിനിമ നന്നായി ആസ്വദിക്കാം എന്ന് സന്തോഷിച്ചു. തിരക്കുള്ളപ്പോള്‍ സിനിമ ആസ്വദിക്കാന്‍ പറ്റില്ല എന്നല്ല. എങ്കിലും തിരക്കില്ലാത്തത്‌ മനസ്സിന് ഒരു ആശ്വാസം തന്നെയാണ്. അങ്ങിനെ നീണ്ടു നിവര്‍ന്നു ഇരിക്കവേ പുറകില്‍ നിന്നും എന്നെ ആരോ വിളിക്കുന്നു. ആദ്യം ഞാന്‍ കരുതി വെറുതേ തോന്നുന്നതാകും എന്ന്. അതുകൊണ്ട് തിരിഞ്ഞു നോക്കിയില്ല. പിന്നെയും എന്നെ പെരെടുതുതന്നെ പതുക്കെ വിളിക്കുന്നത്‌ കേട്ടപ്പോള്‍ ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി. ഒന്നേ നോക്കിയുള്ളു. പിന്നെ തല പോക്കാന്‍ കഴിഞ്ഞില്ല. അവിടെ അതാ എന്റെ ഭാര്യയും മക്കളും അവളുടെ അനിയത്തിയും ഭര്‍ത്താവും കുട്ടികളും എല്ലാം സിനിമ കാണാന്‍ ഇരിക്കുന്നു....!!!!


Saturday, December 5, 2009

ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!

ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!

ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ ഞങ്ങളുടെ സുഹൃത്തിന്റെ ഓഫീസില്‍ എത്തിയതാണ് ഞാനും ഞങ്ങളുടെ മറ്റൊരു സുഹൃത്തും. അവനെയും കൊണ്ട് ഞങ്ങള്‍ക്ക് ഒരിടം വരെ പോകണമായിരുന്നു. അവനു പക്ഷെ ജോലി തിരക്കായതിനാല്‍ ഞങ്ങള്‍ അവനു വേണ്ടി കാത്തിരിക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിലാണ് അവന്റെ ഓഫീസ്. രാത്രി ഒരുപാടു വൈകിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരക്കും വളരെ കുറവായിരുന്നു. ഇരുട്ടുമൂടിയ ആ ഭാഗത്ത്‌ പക്ഷെ ആളുകള്‍ ഒട്ടും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ ഞാനും എന്റെ സുഹൃത്തും സ്വസ്ഥമായി അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അവന്റെ കുറച്ചു സ്വകാര്യങ്ങള്‍... എന്റെ കുറച്ചു നൊമ്പരങ്ങള്‍.. പരസ്പരം പങ്കുവെക്കുമ്പോള്‍ മനസ്സിന്റെ ഭാരം തീര്‍ത്തും കുറയുക തന്നെ ചെയ്യുമല്ലോ. അങ്ങിനെ മനസ്സ് തുറക്കാന്‍ അപൂര്‍വ്വമായേ അവസരങ്ങള്‍ കിട്ടാറുള്ളൂ. അങ്ങിനെ കിട്ടിയ ആ അവസരം ഞങ്ങള്‍ മുതലാക്കുകയും ചെയ്തു.

വല്ലപ്പോഴും കടന്നു പോകുന്ന ചില വണ്ടികള്‍. അപൂര്‍വ്വം കാല്‍നടക്കാര്‍. ഇവരൊക്കെ ഞങ്ങളെ കടന്നു പോവുകന്നുണ്ടായിരുന്നു. കുറെയേറെ ഇരിക്കുന്നതിനിടയില്‍ ഞങ്ങളുടെ കൂട്ടുകാരന്‍ അവന്റെ ഓഫീസില്‍ നിന്ന് ചായയും കടിയും സ്റ്റാഫ് വഴി കൊടുത്തയച്ചിരുന്നു. അതും കഴിച്ചു മെല്ലെ അവിടെത്തന്നെ നടക്കാന്‍ തുടങ്ങി ഞങ്ങള്‍. അതിനിടയില്‍ ഒരാള്‍ കള്ളുകുടിച്ച് ഫിറ്റായി കയ്യിലെ പൈസയും എണ്ണി ഇനി ഒരു പെഗ്ഗിനുള്ള പണമുണ്ടോ എന്ന് തിരിച്ചും മറിച്ചും എണ്ണിനോക്കിക്കൊണ്ട്‌ വേച്ചു വേച്ചു പോകുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ തൊഴുതുകൊണ്ട് കുറച്ചുനേരം നിന്നിട്ട് പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് ഒറ്റ പോക്ക്. ഞങ്ങള്‍ ചിരിച്ചു പോയി. കുറച്ചുനേരം അയാളെ നോക്കി നിന്ന് ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി.

കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും എന്തോ പൊതിഞ്ഞു പിടിച്ചു അതിലൂടെ പതുങ്ങി നടക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടതും ഒന്ന് പരിഹ്ബ്ബ്രമിച്ച അവര്‍ വേഗം ഞങ്ങളെ കടന്നു പോവുകയും ചെയ്തു. അതില്‍ എന്തോ പന്തികേട്‌ ഞങ്ങള്‍ക്ക് തോന്നി. എങ്കിലും അവരെ അത്ര ഭീകരരായോന്നും ഞങ്ങള്‍ക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവര്‍ വേഗം കടന്നു പോയതും ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. സംസാരിക്കുന്ന വിഷയം കുറച്ചു ഗൌരവം ഉള്ളതായതിനാല്‍ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കാര്യത്തിലേക്ക് കടന്നു. വീണ്ടും മുന്നോട്ടു പോവുകയും ചെയ്തു.

അപ്പോഴേക്കും ഞങ്ങളുടെ സുഹൃത്ത്‌ ജോലി കഴിഞ്ഞു എത്തി. അതോടെ ഞങ്ങള്‍ ഞങ്ങളുടെ അത്യാവശ്യ സ്ഥലത്തേക്ക് യാത്രയാകാന്‍ ഒരുങ്ങി അവന്റെ വണ്ടിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ വണ്ടി ഒതുക്കിയിടാന്‍ വണ്ടി ഇട്ടിടതെക്ക് പോയി. അവിടെ ചെന്ന് വണ്ടി ഒതുക്കിയിടവെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ നേരത്തെ ഞങ്ങളെ കടന്നു പോയ ആ അച്ഛനെയും അമ്മയെയും കണ്ടു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ആ പൊതി ഒരിടത്ത് സുരക്ഷിതമായി വെച്ച് വീണ്ടും വീണ്ടും അവര്‍ അതിലേക്കു നോക്കി ശ്രദ്ധയോടെ തിരിച്ചു പോരുന്നു. അവര്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി കൊണ്ടാണ് വരുന്നത്. അതില്‍ എന്തോ പന്തികേട്‌ തോന്നിയ ഞാന്‍ എന്റെ സുഹൃത്തുക്കളെ വേഗം വിളിച്ചു. അവര്‍ ഓടിവന്ന് ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു. ഒരല്പം പേടിയോടെയാണ് ഞങ്ങള്‍ ചെന്നത് തന്നെ.

ഇപ്പോഴത്തെ കാലം സ്പോടനങ്ങളുടെതല്ലേ. അങ്ങിനെ ഒക്കെ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ചെന്നത്. അടുത്ത് ചെന്നു നോക്കുമ്പോള്‍ അവര്‍ ഭദ്രമായി വെച്ച ആ തുണിയുടെ പൊതിക്കെട്ടു കണ്ടെത്തി. അതിനു അനക്കമൊന്നും ഇല്ലായിരുന്നു. അങ്ങിനെ ഞാനും സുഹൃത്തും ഒന്ന് പേടിച്ചു നില്‍ക്കെ സുരക്ഷാ ഉദ്യോഘസ്തനായ മറ്റേ സുഹൃത്ത്‌ ആ പൊതിക്കെട്ടു അടുത്ത് കണ്ട ഒരു വടികൊണ്ട് മെല്ലെ ഇളക്കി നോക്കി. അപ്പോഴും അതിനു ഇളക്കമില്ല. അതിനിടയില്‍ അവന്‍ ഓഫീസില്‍ നിന്ന് മറ്റുള്ളവരെയും വിളിച്ചു വരുത്തി. അവര്‍ വെളിച്ചവുമായി വന്നു എല്ലാവരും കൂടി ആ പൊതിക്കെട്ടു തുറന്നു നോക്കിയപ്പോള്‍ അതൊരു ചോരക്കുഞ്ഞായിരുന്നു.... പ്രസവിച്ചു ഏതാനും ദിവസം മാത്രം പ്രായമായ അത് അപ്പോഴും ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുകയായിരുന്നു .... !!!