Sunday, October 18, 2009

തിരക്കഥയുമായി ....!!!

തിരക്കഥയുമായി ....!!!

എഴുതിക്കഴിഞ്ഞ ആ തിരക്കഥ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ കടന്നു വന്നത്. പിന്നെ അവനും അത് വായിക്കണം എന്നായി. എന്റെ നല്ലൊരു സുഹൃത്തും പത്രപ്രവര്‍ത്തകനുമായ അവന്‍ അത് അങ്ങിനെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തതോടെ അവനു പിന്നെ നില്‍പ്പും ഇരിപ്പും ഇല്ലാതായി. അത് എങ്ങിനെയും അവന്റെ ബന്ധുവായ പ്രശസ്ത സംവിധായകനെ കാണിച്ചേ അടങ്ങു എന്നായി അവന്‍. തലസ്ഥാന നഗരിയിലാണ് അദ്ദേഹം ഉള്ളത്. അദ്ധേഹത്തിനു ഇതിഷ്ട്ടമാകുമെന്നും, പുതിയ ചിത്രത്തിന്റെ പണിയിലായ അദ്ദേഹം ഇത് തീര്‍ച്ചയായും സ്വീകരിക്കും എന്നും എന്റെ നല്ലൊരു കൂട്ടുകാരനായ അവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എന്നിലും ആശയുദിച്ചു. മോഹമുദിച്ചു. അങ്ങിനെ അങ്ങോട്ട്‌ പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ അവന്‍ പുറത്തു പോയി അദ്ധേഹത്തെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ വരുന്നു എന്ന്.

അങ്ങിനെ അദ്ധേഹത്തിനു ഒഴിവുള്ള ഒരു ദിവസം നോക്കി ഞങ്ങള്‍ അവിടെയെത്തി. അവന്റെ ബന്ധു ആയതിനാല്‍ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. വീട്ടുകാര്‍ക്കൊക്കെ എന്നെ കാര്യമായി തന്നെ പരിചയപ്പെടുത്തിയ അവന്‍ എന്നെയും കൊണ്ട് അദ്ധേഹത്തിന്റെ സ്വകാര്യ മുറിയിലെത്തി. ഒരു വിസ്മയ ലോകത്തിലായിരുന്നു ഞാന്‍ അപ്പോള്‍. മുന്‍പും പല സംവിധയകരോടോപ്പവും ഇടപഴ്കിയിട്ടുണ്ടെങ്കിലും ഇത്രയും സ്വകാര്യമായി ഒരു വലിയ സംവിധായകന്റെ കൂടെ ഞാന്‍ കഴിയുന്നത്‌ അപ്പോള്‍ ആദ്യമായിട്ടായിരുന്നു. അദ്ദേഹം എല്ലാ ആവേശത്തോടെയും തന്നെ എന്റെ തിരക്കഥ വായിച്ചു കേട്ടു.

കുറച്ചു സമയം മിണ്ടാതിരുന്ന അദ്ധേഹത്തെ നെഞ്ഞിടിപ്പോടെയാണ് ഞാന്‍ നോക്കിയിരുന്നിരുന്നത്. ആകാംക്ഷയുടെ മുള്‍മുനയില്‍ എന്നൊക്കെ പറയുന്നത് അനുഭവത്തില്‍ തന്നെ. എന്ത് പറയും അദ്ദേഹം എന്നതിലായിരുന്നു എന്റെ ഉത്കണ്ട മുഴുവന്‍. നല്ലതാകുമോ, ചീതയകുമോ. അത് അദ്ദേഹം സ്വീകരിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എങ്കിലും ഒരു നല്ല അഭിപ്രയാം.. അത് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചിരുന്നു.

ഒടുവില്‍, കുറെ നേരത്തെ മൌനത്തിനു ശേഷം അദ്ദേഹം പറഞ്ഞു, കലാപത്തെ കുറിച്ചുള്ള ഈ കഥ കേരളത്തില്‍ സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ല. അത് കൊണ്ട് തന്നെ നമുക്കിത് മലയാളത്തില്‍ എടുക്കാന്‍ വിഷമമാണ്. വേറെ ഏതെങ്കിലും കഥയുണ്ടെങ്കില്‍ അതുമായി വരൂ. നമുക്ക് ഇരിക്കാം. ഒരു നിമിഷം ഞാന്‍ അങ്ങിനെതന്നെയിരുന്നു. നിരാശയും വിഷമവും ഉണ്ടായി എന്നത് സത്യം. കുറച്ചു വിഷമവും. പിന്നെ അധികം അവിടെ നില്‍ക്കാതെ ഞാന്‍ കൂട്ടുകാരനെയും കൂട്ടി പുറത്തിറങ്ങി. അവനോടു പക്ഷെ ഞാന്‍ പറഞ്ഞത്, അദ്ദേഹം നിര്‍മ്മാതാവുമായി സംസാരിച്ച ശേഷം പിന്നീട് അറിയിക്കാം എന്നാണു പറഞ്ഞത് എന്നാണു. അവനു അതത്ര വിശ്വാസമായില്ലെങ്കിലും ഒന്നും പറയാതെ വീട്ടുകാരോട് യാത്രയും പറഞ്ഞ് എന്നോടൊപ്പം പോന്നു.

പുറത്തിറങ്ങിയ ഞങ്ങള്‍, ബസ്‌ സ്റ്റാന്റ് വരെ നടന്നു പോകാം എന്ന് തീരുമാനിച്ചു. വൈകുന്നേരമായിരുന്നു അപ്പോള്‍. കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ അങ്ങോട്ട്‌. ആ നല്ല സന്ധ്യയില്‍ കുറച്ചു ദൂരം വല്ലതുമൊക്കെ പറഞ്ഞുകൊണ്ട് നടക്കാം എന്ന് കരുതിയാണ് ഞങ്ങള്‍ അങ്ങിനെ തീരുമാനിച്ചത്. ഗേറ്റ് കടന്നതും പുറത്തൊക്കെ വലിയ ബഹളവും പോലീസ് വാഹനങ്ങളുടെ ഇരമ്പി പാച്ചിലും. മറ്റു വാഹനങ്ങളോ ആളുകളോ എങ്ങുമില്ല. എന്താണെന്നറിയാന്‍ ചുറ്റും തിരയവേ, എല്ലാവരും വീട്ടില്‍ പൊയ്ക്കോ, എങ്ങും കലാപമാണ്‌ പുറത്തിറങ്ങരുത് ആരും എന്ന് അലറി വിളിച്ചുകൊണ്ട് പരിക്കേറ്റ മുറിവില്‍ നിന്നൊലിക്കുന്ന ചോരയുമായി ഒരാള്‍ ഓടിപോകുന്നു. .......!!!

7 comments:

  1. I read it when you send it by email. So cute yaar.

    ReplyDelete
  2. കഥ സംഭവമായി മാറുന്നു.

    ReplyDelete
  3. ആകാംക്ഷയോടെ വായിച്ചു. ക്ലൈമാക്സിൽ ഞാൻ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. എങ്കിലും നന്നായി.
    അവസാനിപ്പിക്കാൻ അല്പം ദൃതികാണിച്ചപോലെ തോന്നി.

    ReplyDelete
  4. കേരളത്തില്‍ നടക്കാത്ത സംഭവമാണ് കലാപമെന്ന് പെട്ടെന്ന് തന്നെ മനസ്സിലായല്ലോ. നല്ല അവതരണം.
    palakkattettan.

    ReplyDelete