Wednesday, October 7, 2009

ഒളിച്ചോട്ടം ...!!!

ഒളിച്ചോട്ടം ...!!!

കൂട്ടുകാര്‍ക്ക് വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറായിരുന്ന ആ കാലത്ത്, ഒരു സുഹൃത്തിന്റെ ദീര്‍ഘനാളത്തെ പ്രണയം സഫലമാക്കി കൊടുക്കാന്‍ ഞങ്ങളെല്ലാവരും തീരുമാനിച്ചു. അവള്‍ക്കു അവനെയും അവനു അവളെയും ജീവനായിരുന്നു. ഒരേ ജാതിയും ഒരേ മതവും. അടുത്തടുത്ത വീട്ടുകാരും. പക്ഷെ വീട്ടുകാര്‍ തമ്മിലുള്ള ശത്രുത അവരുടെ പ്രണയത്തെയും ബാതിച്ചു . ഒടുവില്‍ കഥകളിലെ പോലെ അവര്‍ ഒളിചോടുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചു. അവന്‍ നല്ലൊരു പെയിന്റ് പണിക്കാരനാണ്. നല്ല വരുമാനവും. അതുകൊണ്ട് മറ്റൊരു വീടെടുത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ വീട്ടുകാര്‍ അറിയാതെ കല്യാണം കഴിച്ചു കുറച്ചു നാള്‍ താമസിച്ചു തിരിച്ചുവരണം. അതിനുള്ള വഴികളായി പിന്നത്തെ ആലോചന.

ദിവസങ്ങളുടെ ആലോചനക്കു ശേഷം പദ്ധതികളെല്ലാം ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു. നാട്ടിലെ ഉത്സവത്തിന്റെ അന്ന് എല്ലാവരും തിരക്കയിരിക്കുന്ന ആ ദിവസം, ഒളിച്ചോടാം. ഒളിച്ചു താമസിക്കാന്‍ ദൂരെയുള്ള എന്റെ ഒരു കൂട്ടുകാരന്റെ വീട് ശരിയാക്കി. അവിടെ അപ്പോള്‍ അവന്‍ മാത്രമേ ഉള്ളു. അവന്റെ അമ്മയും അച്ഛനും അവന്റെ പെങ്ങളുടെ പ്രസവത്തിനു അവളുടെ വീട്ടിലാണ് അപ്പോള്‍. അതുകൊണ്ട് അവിടെ താമസിക്കാം. യാത്രക്ക് കൂട്ടിനായി അവിടെ വരെ ഞാന്‍ അനുഗമിക്കും. അവരെ അവിടെയാക്കി ഒന്നുമറിയാത്ത പോലെ ഞാന്‍ തിരിച്ചു വരും. അവള്‍ക്കു തയ്യലാണ് ജോലി. അവളുടെ കയ്യിലും കുറച്ചൊക്കെ പൈസയുണ്ട്. അവന്റെ കയ്യിലും ആവശ്യത്തിനു പണമുണ്ട്. അതുകൊണ്ട് അതും കുഴപ്പമില്ല. അവിടെയെത്തി കല്ല്യാണം രജിസ്ടര്‍ ചെയ്യാന്‍ എന്റെ കൂട്ടുകാരന്‍ സഹായിക്കും. അങ്ങിനെ ഞങ്ങള്‍ യാത്രക്കുള്ള മുഹൂര്‍ത്തം കാത്തിരുന്നു.

എല്ലാവരും ഉത്സവ ലഹരിയിലായിരിക്കെ ഞങ്ങള്‍ വെവ്വേറെയായി പിരിഞ്ഞുപോയി ദൂരെയുള്ള ഒരു സ്റ്റോപ്പില്‍ നിന്നും ബസ്സുകയറി. യാത്ര തുടങ്ങി. ആരും കാണരുതേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു ബസ്സില്‍ ഇരുന്നു. അവന്റെ ഹൃദയം മിടിക്കുന്നത്‌ അങ്ങേ അറ്റത്തിരിക്കുന്ന അവള്‍ക്കു പോലും കേള്‍ക്കാമായിരുന്നു. അതുപോലെ അവളുടെയും. ഇടയ്ക്കിടെ അവള്‍ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ പട്ടണത്തിലെത്തി. അവിടുന്ന് വേറെ വണ്ടിയില്‍ കയറി വേണം പോകാന്‍. അവിടെ പട്ടണത്തില്‍ അങ്ങിനെ ഞങ്ങളെ അറിയുന്ന ആരും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഞങ്ങള്‍ കുറച്ചൊക്കെ ആശ്വാസത്തോടെയായിരുന്നു.

വണ്ടി വരാന്‍ ഇനിയും സമയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ അടുത്തുള്ള ഒരു ചായക്കടയില്‍ കയറി ഒരു ചായ കസിക്കാംഎന്നു തീരുമാനിച്ചു. അവിടെകയറി മൂന്നുപേരും ചായ കുടിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ മൂന്നുപേരും വയറു നിറയെ കഴിച്ചു. എന്നിട്ട് പുറത്തിറങ്ങി. ബസ്സ് വരുന്നിടത്ത് കാത്തു നില്‍പ്പായി. അങ്ങിനെ നില്‍ക്കെ പരിചയമില്ലാത്ത ഒരു ജീപ്പ് ഞങ്ങള്‍ക്ക് മുന്‍പില്‍ കുറച്ചു മാറി നിര്‍ത്തിയിട്ട്‌ പുറകിലേക്ക് തിരിച്ചു വന്നു. ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കെ എന്റെ അച്ഛന്‍ അതില്‍ നിന്നും പുറത്തിറങ്ങി, ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. ....!!!


2 comments: