Sunday, February 21, 2010

ജീവിതത്തിനു മുന്നില്‍ ...!

ജീവിതത്തിനു മുന്നില്‍ ...!

ജീവിതം ചിലപ്പോള്‍ നമുക്ക് മുന്നില്‍ തീര്‍ത്തും അന്ന്യമായിതീരും. അങ്ങിനെയൊരു നിമിഷത്തില്‍ നമുക്ക് നാം തന്നെ അന്ന്യരുമാകും. എന്ത്, എങ്ങിനെ എല്ലാം ചോദ്യങ്ങള്‍ മാത്രവുമായി എന്നേക്കും അവശേഷിക്കും. വാക്കുകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും അര്‍ഥം തന്നെ ഇല്ലാതാകും. നാം നമുക്ക് തന്നെ അപ്രിയരാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് നാം എങ്ങിനെയെന്ന് പറയേണ്ടല്ലോ. ആര്‍ക്കും ഒരിക്കലും ന്യായീകരിക്കാന്‍ പോലും അവസരമില്ലാതെ മുന്നിലേക്കോ, പിന്നിലേക്കോ എന്നുപോലും നിശ്ചയമില്ലാതെ ...!


അന്നൊരു ഞായറാഴ്ച ആയിരുന്നു . വീട്ടിലെ എല്ലാവരും ഒരു ബന്ധുവീട്ടില്‍ പോയതിനാല്‍ ഞാന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ മുറ്റത്തെ ചെടികളെയും തൊടിയിലെ മരങ്ങളെയും കഴിയും വിധം പരിപാലിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. അങ്ങിനെയിരിക്കെ, അപ്രതീക്ഷിതമായാണ്, വീടിനു മുന്നിലെ ചെറിയ റോഡിലൂടെ അങ്ങിനെയൊരു പെണ്‍കുട്ടി പലപ്രാവശ്യം കടന്നുപോകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടതും. കുറെയൊക്കെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി സ്ഥിര ഭോധമില്ലാതെയുള്ള അവളുടെ നടത്തം എന്നിലാണ് സത്യത്തില്‍ അസ്വസ്ഥത പടര്തിയത്.


അവളുടെ നടത്തം പലകുറിയായപ്പോള്‍ എനിക്കുമുന്നേ അവളെ ശ്രദ്ധിക്കുകയായിരുന്ന പലരും അവളെ പിന്തുടരാന്‍ തുടങ്ങി. യൌവ്വനം മുറ്റിനില്ക്കുന്ന അവളിലേക്ക്‌ ചിലരുടെയെങ്കിലും കഴുകന്‍ കണ്ണുകളെങ്കിലും തറച്ച് ഇറങ്ങുന്നുമുണ്ടായിരുന്നു. അതുതന്നെയാണ് എന്നെ വല്ലാതെ അസ്വസ്തനാക്കിയതും. എന്നെക്കാള്‍ മുന്നേ പക്ഷെ അപ്പുറത്തെ ഒരു അമ്മ അതുകാണുകയും അവര്‍ വേഗം എന്റെ അടുത്തെത്തി ആ കുട്ടിയെ കൂട്ടിവരാന്‍ കൂടെചെല്ലാന്‍ പറയുകയും ചെയ്തപ്പോള്‍ ഞാന്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല.


ആ അമ്മയ്ക്കൊപ്പം ഞാനും ചെന്ന് വിളിച്ചപ്പോള്‍ ആ പെണ്‍കുട്ടി പകപ്പോടെ ആ അമ്മയെ നോക്കി വളരെ പെട്ടെന്ന് എന്റെ പുറകില്‍ ഒളിച്ചുനിന്നു. അതെന്നെ ശരിക്കും അത്ഭുതപ്പെടുതിയെങ്കിലും എന്നില്‍ എന്റെ കുഞ്ഞനുജതിയായി അവള്‍ നിറഞ്ഞിരുന്നു. ഞാനും ആ അമ്മയും കൂടി അവളെ മെല്ലെ എന്റെ വീട്ടിലേക്കു കൊണ്ട് വന്നു, അകത്തു കടത്തിയിരുതിയപ്പോള്‍, കൂട്ടിനു അപ്പുറത്തെ വീടുകളിലെ മറ്റു ചേച്ചിമാരും എത്തിയിരുന്നു. അപ്പോഴും കുറച്ചൊക്കെ സംശയത്തോടെ മറ്റുള്ളവര്‍ ഞങ്ങളെ നോക്കിക്കൊണ്ട്‌ മാറി നിന്നു.


വീട്ടിലെ ശാന്തമായ ആ അന്തരീക്ഷത്തിലും ആ പെണ്‍കുട്ടി പക്ഷെ നന്നായി വിയര്‍ക്കാന്‍ തുടങ്ങി. അവള്‍ അപ്പോഴും എന്നെ പിടിച്ച് എന്റെ അടുത്ത് തന്നെയാണ് ഇരുന്നിരുന്നത്. ചില ചേച്ചിമാര്‍ക്കു അതത്ര രസിചില്ലെങ്കിലും എന്തോ ആരും ഒന്നും മോശമായി പറഞ്ഞില്ല. കുറച്ചു സമയം അങ്ങിനെ കഴിഞ്ഞപ്പോള്‍ അപ്പുറത്തെ അമ്മ മുന്‍കയ്യെടുത്തു അവളെ അകത്തേക്ക് കൊണ്ടുപോയി അവളുടെ വസ്ത്രങ്ങള്‍ ശരിയാക്കാനും അവള്‍ക്കു എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാനും തുടങ്ങി. അകത്തെ മുറിയില്‍ നിന്നു ആളില്ലാത്തതിനാല്‍ വെളിച്ചം ഇല്ലാതിരുന്ന ഒരു മുറിയിലേക്ക് അവര്‍ അവളെ വസ്ത്രം ശരിയ്യാക്കാന്‍ കൊണ്ടുപോയതും, എന്തോ കണ്ടു പേടിച്ചപോലെ അലറിക്കരഞ്ഞുകൊണ്ട് അവള്‍ പുറത്തേക്കോടി.


തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അതെങ്കിലും ഞാന്‍ പെട്ടെന്നുതന്നെ അവളെ പിടിച്ചു നിര്‍ത്തിയപ്പോള്‍ അവള്‍ എന്നെ ചുറ്റിപ്പിടിച്ച് ഉറക്കെ കരയാന്‍ തുടങ്ങി. പെണ്‍കുട്ടികള്‍ക്ക് സാധാരണ സ്ത്രീകളില്‍ കാണുന്ന സുരക്ഷിതത്വം ഇവിടെ എങ്ങിനെ ഇല്ലാതാകുന്നു എന്ന് ഞങ്ങളെ എല്ലാം വല്ലാതെ അത്ഭുതപ്പെടുത്തി. എന്നാല്‍ ആണായ എന്നെ അവള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അതിലെ വിരോധാഭാസം ആശ്ചര്യ ചിന്നഹ്മായി നില്‍ക്കെ, ഞാന്‍ അവളെ മെല്ലെ അകത്തേക്ക് കൊണ്ട് പോയി.


അടുത്ത വീട്ടിലെ ആ അമ്മയ്ക്കും മറ്റു ചില ചേച്ചി മാര്‍ക്കും ഒപ്പം അവളെ കുറച്ചു സമയം വിട്ട് ഞാന്‍ മാറിയിരുന്നു. അവരുടെ സ്നേഹപൂര്‍വ്വമുള്ള പെരുമാറ്റം അവളില്‍ ശരിക്കും ഒരു സമാധാനം ഉണ്ടാക്കി. അവര്‍ കൊടുത്ത ഭക്ഷണം കഴിക്കാനും അടുത്തവീട്ടിലെ അവളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയുടുപ്പിക്കുകയും ചെയ്തപ്പോള്‍ അവള്‍ ഐശ്വര്യമുള്ള നല്ലൊരു പെണ്‍കുട്ടിയായി. ആ പ്രായത്തിലുള്ള ആ പെണ്‍കുട്ടിയെ എന്തായാലും അവിടെ എങ്ങും താമസിപ്പിക്കുന്നത് ശരിയാകില്ല എന്ന എല്ലാവരുടെയും അഭിപ്രായം മാനിച്ചു ഞങ്ങള്‍ അവളെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ എത്തിച്ചു.


അവിടുത്തെ പോലീസുകാരുടെ സഹായത്തോടെ അവളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു പിന്നീട്. അവിടുത്തെ ഡോക്ടറുടെ സഹായത്തോടെ കുട്ടിയുടെ വീട്ടുകാരെയും മറ്റും കണ്ടുപിടിക്കാനുള്ള ശ്രമം വിജയിക്കാന്‍ തുടങ്ങി. പക്ഷെ അവളുടെ വെളിപ്പെടുത്തലുകള്‍ ഞങ്ങളെ ശരിക്കും വേദനിപ്പിക്കുക മാത്രമല്ല, വികാര പരവശരാക്കുകയും ചെയ്തു. വയ്യാതെ കിടക്കുന്ന അച്ഛനും, ഗുണ്ടയായ ചേട്ടനും, ആരുടെയോ ഒപ്പം ഒളിച്ചോടിയ ഒരു ചേച്ചിയുമുള്ള അവളെ വില്‍ക്കാനുള്ള അവളുടെ സ്വന്തം അമ്മയുടെ ശ്രമമാണ് ഇന്നത്തെ അവസ്ഥയില്‍ അവളെ കൊണ്ടെത്തിച്ചത് ....!!!

4 comments:

  1. ഇതാണ് ’കലികാലം’ എന്നു പറയുന്നത്...

    ReplyDelete
  2. ഇതെല്ലാം കാണുമ്പോഴാണ് നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലൊ എന്ന് ഓർത്തു പോകുന്നത്,,,

    ReplyDelete
  3. എന്താ പറയുക? വീ കേ പറഞ്ഞപോലെ "’കലികാലം’"

    ReplyDelete
  4. sheriya ,, kalikaalam allathe entha parayuga.....

    ReplyDelete