Friday, July 27, 2012

ജീവിതത്തില്‍ നിന്നു ...!!!

ജീവിതത്തില്‍ നിന്നു ...!!!.
.
ചിലപ്പോള്‍ ശൂന്യതയില്‍ നിന്നാകും ജീവിതം ഉണ്ടാവുകയെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു . ഒന്നുമില്ലായ്മയും ചിലപ്പോള്‍ എല്ലാം ഉള്ളതിനേക്കാള്‍ വലുതായി തോന്നാം . അല്ലെങ്കില്‍ നേരെ തിരിച്ചും ..
.
എല്ലാം നഷ്ടപ്പെട്ട് ഇനി മുന്നോട്ട് ഒരു വഴിയും കാണാതെ ആണ് ഞാന്‍ അന്ന് ആ തീവണ്ടിയില്‍ തിരിച്ചുള്ള യാത്രക്കായി കയറിയത് . എന്നും നില്ക്കാന്‍ കൂടി ഇടം കിട്ടാത്ത ആ തീവണ്ടിയില്‍ അന്ന് മാത്രം തീരെ തിരക്കില്ലാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു . എന്നെ പോലെ ആ തീവണ്ടിയും അനന്തത യിലേക്ക് തന്നെയാണോ യാത്ര ചെയ്യുന്നത് എന്ന് എനിക്ക് തോന്നി പോയി …!.
.
ഇരിക്കാന്‍ പല ഇടങ്ങള്‍ ഉണ്ടായപ്പോള്‍ എവിടെ ഇരിക്കണമെന്ന് അറിയാതെ ഞാന്‍ രണ്ടു മൂന്നിടങ്ങള്‍ മാറി മാറി ഇരിക്കവെയാണ് പെട്ടെന്ന് ഒരു യുവാവ് വാതിലിനടുത്തേക്ക് നടന്നു നീങ്ങുന്നത്‌ കണ്ടത്. അയാളുടെ പോക്കില്‍ ഒരു പന്തികേട്‌ പെട്ടെന്ന് തന്നെ മനസ്സിലാക്കാം. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി പതുങ്ങി പതുങ്ങിയുള്ള ആ പോക്ക് കണ്ടത് തന്നെ എനിക്ക് സംശയമായി. ഞാന്‍ ഉടനെ പിന്നാലെ ചെന്നു ...!.
.
വാതിലിനടുത്തേക്ക് നീങ്ങി നിന്ന ആ യുവാവ് ഒഴിഞ്ഞ ഒരിടം എത്തിയതും പുറത്തേക്കു ചാടാന്‍ ആഞ്ഞതും ഒന്നിച്ചായിരുന്നു. അയാളുടെ ജീവിത ദുരിതങ്ങള്‍ ഓടുങ്ങാത്തത് കൊണ്ടാകാം, അയാളെ എനിക്കെന്‍റെ കയ്യില്‍ ഒതുക്കിയെടുക്കാന്‍ വളരെ എളുപ്പം സാധിച്ചത്. മരണത്തില്‍ നിന്ന് രക്ഷപ്പെടുതിയതിന്റെ അല്ല, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിന്റെ ദേഷ്യം അയാള്‍ എന്നോട് ശരിക്കും പ്രകടിപ്പിക്കുക തന്നെ ചെയ്തു..
.
എങ്ങും വിടാതെ കുറച്ചു സമയം അയാളെ ഞാന്‍ അടക്കി പിടിക്കുക തന്നെ ചെയ്തു. ആദ്യമെല്ലാം വളരെയധികം കുതറി മാറാന്‍ കഠിന പ്രയത്നം ചെയ്തെങ്കിലും ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് സമയമായിട്ടില്ലാതതിനാല്‍ എനിക്കയാളെ ഒതിക്കി നിര്‍ത്താന്‍ കഴിഞ്ഞു. പിന്നെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞാകണം അയാള്‍ എന്റെ മാറില്‍ വീണു പൊട്ടിക്കരയാന്‍ തുടങ്ങി..
.
അയാളുടെ ഒരു പ്രതികരണവും അപ്പോള്‍ എന്നെ സ്പര്‍ശിക്കുന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അയാളെക്കാള്‍ കഠിനമായ അവസ്ഥയില്‍ നില്‍ക്കുന്ന എനിക്ക് അയാളുടെ കാര്യങ്ങളില്‍ എന്ത് തോന്നാന്‍. . . പക്ഷെ ഇയാള്‍ എന്നെ കൂടുതല്‍ കൂടുതല്‍ മുറുകെ പിടിച്ചു പൊട്ടി പൊട്ടി കരയാന്‍ തുടങ്ങിയതും ഞാന്‍ മെല്ലെ അഴയാന്‍ തുടങ്ങി..
.
അയാളെ ചേര്‍ത്ത് പിടിച്ചു കുറച്ചു സമയം ഇരിക്കുന്നതില്‍ നിന്നും, അപ്പോള്‍ കടന്നു വന്ന കാപ്പി വില്‍പ്പനക്കാരന്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി. ഞാന്‍ രണ്ടു പേര്‍ക്കും കാപ്പ് വാങ്ങി ഒന്ന് അയാള്‍ക്ക് കൊടുക്കവേ അയാളത് ആര്‍ത്തി യോടെയാണ് വലിച്ചു കുടിച്ചത്. ജീവിതത്തോട് അയാള്‍ക്ക് ഇത്രയും ആര്‍ത്തിയോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു അപ്പോള്‍. . എന്നിട്ടും അയാള്‍ എന്തിനു മരിക്കാന്‍ തുടങ്ങി എന്നത് എന്നെ വിഷമിപ്പിച്ചു കുറെ ഏറെ നേരത്തെ നിശബ്ദതക്കു ശേഷമാണ് പിന്നെ ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയത് തന്നെ. അയാള്‍ മെല്ലെ പറയാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധയോടെ കേട്ട്കൊണ്ടിരുന്നു. .
.
തമിഴു നാട്ടിലെ ഒരു ഗ്രാമത്തിലാണ് അയാളുടെ വീട്. ഗ്രാമം എന്നാല്‍ ശരിക്കും ഒരു ഉള്‍നാടന്‍ ഗ്രാമം തന്നെ. പുറത്തുള്ള ജീവിതം വെറും സ്വപ്നങ്ങളില്‍ മാത്രമുള്ള അവിടുതുകാര്‍ക്ക് ജീവിതം സത്യമായിരുന്നു എപ്പോഴും. അയാളുടെ വീട്ടില്‍ നിന്നും പട്ടണത്തിലേക്കുള്ള ബസ്‌ കയറാന്‍ കുറച്ചധികം നടക്കണമായിരുന്നു. ആ നടവഴിയിലാണ് അയാള്‍ അവളെ ആദ്യമായി കാണുന്നത്. ഒരിക്കല്‍ മാത്രം എന്നപോലെ വിരുന്നെതുമായിരുന്ന ഒരു കുഞ്ഞു മഴയില്‍ അവള്‍ നനഞ്ഞ് ഒലിച്ചു ഓടിവരികയായിരുന്നു അപ്പോള്‍. . നനയാതിരിക്കാനായി അവളുടെ മാറോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരു ആട്ടിന്‍ കുട്ടിയുമായി അവള്‍ ഓടിക്കയറിയത് അയാളുടെ ഹൃദയത്തിലെക്കായിരുന്നു. .
.
അയാളെയും കടന്നു അവള്‍ ഓടി മറയുന്നത് ആ മഴയില്‍ തന്നെ അയാള്‍ നോക്കി നിന്നു. പിന്നെ അവളെയും ഹൃദയത്തിലേറ്റി അയാള്‍ യാത്രയും തുടങ്ങി. പിന്നീടെന്നും അവളെ കാത്തുള്ളതായിരുന്നു അയാളുടെ ദിനങ്ങള്‍. അവളുടെ വഴിയില്‍ അവളെയും കാത്തു നിന്നിരുന്ന അയാള്‍ അവളുടെ വീടും വീട്ടുകാര്യങ്ങളും ഓരോന്നായ് കൌതുക പൂര്‍വ്വം കണ്ടെത്താന്‍ തുടങ്ങി..
.
അനുഭവിക്കും തോറും ഏറി വരുന്ന ആനന്തം പോലെ അറിയും തോറും അവളോടുള്ള ഇഷ്ടം പ്രണയമായി വളരുകയായിരുന്നു അയാളുടെ ഉള്ളില്‍ . അവളുടെ വീടും, വീട്ടു കാര്യങ്ങളും അയാള്‍ മെല്ലെ മെല്ലെ മനപ്പാടമാക്കി. എന്നാല്‍ ഒരിക്കല്‍ പോലും അവള്‍ അയാളെ കണ്ടെന്നു നടിച്ചതുപോലും ഇല്ലായിരുന്നു. അയാള്‍ പക്ഷെ ഒരിക്കലുംതന്റെ പ്രണയം അവളോട്‌ തുറന്നു പറഞ്ഞുമില്ല. എങ്കിലും പക്ഷെ വികൃതി കാട്ടാന്‍ കാലത്തോളം മിടുക്കന്‍ വേറെ ആരുണ്ട്‌ ..
.
പറഞ്ഞില്ലെങ്കിലും കേട്ടില്ലെങ്കിലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അടുക്കുന്നത് കാലത്തിന്റെ കൈകളിലൂടെയായിരുന്നു. ഒടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം കാലം തന്നെ കരുതി വെച്ച ഒരു നിമിഷത്തില്‍ അയാള്‍ അവളോട്‌ അയാളുടെ പ്രണയം തുറന്നു പറഞ്ഞു. ഒരു നിമിഷം അവള്‍ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്ന് പിന്നെ ചോദിച്ചത് നിങ്ങള്‍ക്ക് ജീവിക്കാന്‍ ജോലിയൊന്നും ഇല്ലല്ലോ, ആദ്യം ഒരു തൊഴില്‍ കണ്ടെത് എന്നായിരുന്നു. ഒന്ന് പിടഞ്ഞ അയാള്‍ മുഖത്ത് നോക്കാതെയാണ്‌ തനിക്കു തൊഴില്‍ ഒന്നും അറിയില്ലെന്ന് പറഞ്ഞു ഒപ്പിച്ചത് പെട്ടെന്ന് തന്നെ വളരെ ജീവിത പരിചയമുള്ള ഒരാളെ പോലെ ആ പെണ്‍കുട്ടിയുടെ മറുപടി വാന്നു . അറിയാത്തത് പഠിക്കണം. ഇനി തൊഴില്‍ അറിയില്ലെങ്കില്‍ എന്തെങ്കിലും കച്ചവടവും ആകാമല്ലോ എന്ന്..
.
ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്നതെല്ലാം നാശത്തില്‍ മാത്രം കലാശിക്കുമെങ്കിലും ഒന്നും ചെയ്യാതിരിക്കാന്‍ ജീവിതം നമ്മെ അനുവതിക്കില്ല . അങ്ങിനെ കൂട്ടുകാരോടൊക്കെ കടം വാങ്ങി അയാള്‍ ഒരു ചെറിയ കച്ചവടം തുടങ്ങി. അവളുടെ വീട് പൊതു പാതയോരത്ത് തന്നെ ആയിരുന്നത് കൊണ്ട് അവിടെ അങ്ങിനെ ഒരു സ്ഥാപനം തുടങ്ങിയതില്‍ അവളെ എപ്പോഴും കാണാമല്ലോ എന്ന ദുരാഗ്രഹവും അയാളില്‍ ഉണ്ടായിരുന്നു . കച്ചവടത്തില്‍ മുന്‍പരിചയം ഒന്നും അയാള്‍ക്കുണ്ടായിരുന്നില്ലെങ്കിലും ആവേശം കൊണ്ട് മാത്രം അയാള്‍ നന്നായി തന്നെ പണിയെടുക്കാന്‍ തുടങ്ങി..
.
എത്ര അടുത്ത് കണ്ടാലും ഇതിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ അയാളോട് സംസാരിക്കാനോ അയാളെ ശ്രദ്ധിക്കുന്നു എന്ന് വരുത്താനോ ശ്രമിചിരുന്നെ ഇല്ലായിരുന്നു. അവളെ നോക്കി നില്‍ക്കാറുള്ളതല്ലാതെ അയാളും അവളോട്‌ ഒരിക്കലും ഒന്നും സംസാരിക്കാന്‍ ശ്രമിചിരുന്നുമില്ല. എങ്കിലും അവരുടെ ഹൃദയങ്ങളും മനസ്സും ഏറെ അടുത്തിരുന്നത് അവര്‍ക്ക് തന്നെ അനുഭവിക്കാനും സാധിക്കുമായിരുന്നു. .
.
എത്ര നന്നായി അധ്വാനിച്ചാലും ചില സമയങ്ങളില്‍ നമുക്ക് കിട്ടുന്നത് നഷ്ട്ടങ്ങള്‍ മാത്രമായിരിക്കും. അയാള്‍ക്കും ജീവിതം കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നില്ല . അപരിചിതത്വം നല്‍കുന്ന പ്രശ്നങ്ങളോടൊപ്പം കാലത്തിന്റെ കുസൃതികളുമായപ്പോള്‍ കച്ചവടം എട്ടു നിലയില്‍ പൊട്ടി. അന്ന് സ്ഥാപനം അടച്ചു പൂട്ടി താക്കോല്‍ ഉടമക്ക് കൊടുത്തു തിരിച്ചു വരുമ്പോള്‍ അവള്‍ വഴിയരുകില്‍ അയാള്‍ക്കായി കാത്തു നിന്നിരുന്നു. ഒന്നില്‍ തോറ്റെന്നു കരുതി ജീവിതം അവസാനിക്കുന്നില്ലെന്നും ഇനിയും തളരാതെ അടുത്ത കാര്യം നോക്കാനും അവള്‍ പറഞ്ഞപ്പോള്‍ അയാളുടെ നഷ്ട്ടങ്ങള്‍ ഇരട്ടി ലാഭമായി തിരിച്ചെത്തിയ പോലെ ആയി അയാള്‍ക്ക്‌.. ഒന്നും കഴിയില്ലെങ്കില്‍ ഒരു ജോലിക്ക് ശ്രമിക്കാനും പറഞ്ഞു അവള്‍..
.
കൂട്ടുകാരോടൊത് അയാള്‍ വീണ്ടും ആലോചനകളില്‍ മുഴുകിയപ്പോഴൊക്കെ അവളുടെ മുഖവും വാക്കുകളും മാത്രമായിരുന്നു അയാളുടെ മനസ്സില്‍. പല വഴികള്‍ ആലോചിച്ചെങ്കിലും പല കാര്യങ്ങള്‍ ശ്രമിച്ചു എങ്കിലും ഒന്നും നടക്കാതെ അയാള്‍ എല്ലാവരുടെയും ഉപദേശം മാനിച്ചു ഒടുവില്‍ ഗള്‍ഫിലേക്ക് പോകാന്‍ കിട്ടിയ ഒരു അവസരം മുതലാക്കാന്‍ തീരുമാനിച്ചു. അങ്ങിനെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി അയാള്‍...
.
പോകാന്‍ വേണ്ട തുകയ്ക്കുള്ള ഓട്ടതിലായി പിന്നെ. അതൊക്കെ ഒരുവിധം ഒപ്പിക്കാം എന്നായപ്പോള്‍ അതിനുള്ള ആവശ്യങ്ങള്‍ക്കായി പട്ടണത്തിലേക്ക് പോകാന്‍ അയാള്‍ ഒരുങ്ങി. പക്ഷെ അതിനുള്ള പണം അപ്പോള്‍ കയ്യിലുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ അതിനു മുന്‍പ് അവളോട്‌ യാത്രപറയാന്‍ അവളുടെ അടുത്തേക്ക് ചെന്നു. കുറെ സമയം പല ദിവസങ്ങളില്‍ കാത്തു നിന്നെകിലും അവളെ കാണാതെ അയാള്‍ ഒടുവില്‍ അവളുടെ വീട്ടിലേക്കു തന്നെ പോകാന്‍ തീരുമാനിച്ചു. അവളുടെ വീട്ടിലേക്കു ആദ്യമായാണ്‌ അയാള്‍ കടന്നു ചെല്ലുന്നത് തന്നെ. അവിടെയെത്തി അവളെ പുറത്തേക്കു വിളിച്ചപ്പോള്‍ കടന്നു വന്നത് അവളുടെ അച്ഛനും രണ്ടാനമ്മയും ആയിരുന്നു. അവളെ കാണണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അമര്‍ത്തിയൊന്നു മൂളി അവളെ വിളിച്ചു. അവരുടെ മുന്നില്‍ വെച്ച് തന്നെ അയാള്‍ അവളോട്‌ കാര്യം മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു. .
.
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ആരോ തന്നെ പുറകിലേക്ക് വലിക്കുന്നതായി തോന്നി തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ ഓടിക്കിതച്ചു പുറകില്‍ എത്തി നില്‍ക്കുന്നു. യാത്രക്ക് കയ്യില്‍ പണമുണ്ടാകില്ല എന്നറിയാം അതുകൊണ്ട് ഇതെടുതോളാന്‍ പറഞ്ഞു അവളുടെ മോട്ടുപോലെ അത്രയും ചെറുതായ കമ്മല്‍ ഊരി അവന്‍റെ കയ്യില്‍ കൊടുത്തു അതെ വേഗത്തില്‍ തിരിച്ചു ഓടിപോയി. അവളുടെ വരവും പോക്കും സ്വപ്നതിലെന്നോണം മാത്രം കണ്ടു നിന്ന അയാള്‍ പിന്നെ സന്തോഷം മോണ്ട് മതിമറന്നു അവിടെ തന്നെ ഇരുന്നു കരഞ്ഞുപോയി..
.
അതുവരെയും അവരുടെ ബന്ധം ആരോടും പറയാതിരുന്ന അയാള്‍ അന്ന് സന്തോഷം അടക്കാനാകാതെ അവളെ ഇഷ്ട്ടമാനെന്നും അവള്‍ അയാള്‍ക്ക്‌ യാത്രക്കായി അവളുടെ കമ്മല്‍ ഊരി നല്‍കിയെന്നും അടുത്ത കൂട്ടുകാരോട് പറഞ്ഞു. അവരോടൊത് അവളുടെ ഗുണങ്ങള്‍ വിവരിക്കാന്‍ അയാളന്നു ആദ്യമായി വാക്കുകള്‍ക്കു വേണ്ടി തപ്പി തടഞ്ഞു. പിന്നെ എത്രയും വേഗം അയാള്‍ പട്ടണത്തിലേക്ക് പുറപ്പെട്ടു . പട്ടണത്തിലെത്തി, അയാളുടെ യാത്രക്കാവശ്യമായ ഒരുക്കങ്ങളൊക്കെ ചെയ്തു തിരിച്ചു പോകാന്‍ തീവണ്ടിയില്‍ കയറും മുന്‍പ് നാട്ടിലുള്ള അടുത്ത ഒരു കൂട്ടുകാരനെ വിളിച്ചപ്പോഴാണ് ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ വിവരം അയാള്‍ അറിഞ്ഞത്. .
.
അയാള്‍ക്ക്‌ തന്റെ കമ്മല്‍ ഊരിക്കൊടുത്തു തിരിച്ചു ചെന്ന അവളെ അവളുടെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അടിക്കുകയും വഴക്ക് പറയുകയും നാട്ടുകാരുടെ മുന്നിലിട്ട് അവളെ അപമാനിക്കുകയും ചെയ്തെന്നും, അതില്‍ മനസ്സ് വിഷമിച്ച അവള്‍ നേരെ അകത്തു കയറി തൂങ്ങി മരിചെന്നുമായിരുന്നു ആ വാര്‍ത്ത. അതോടെ ജീവിതം തന്നെ നഷ്ട്ടപ്പെട്ട പോലെ ആയ അയാളും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു....!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

1 comment: