Thursday, September 3, 2009

ഫോണ്‍ ബെല്‍ ...!!!

ഫോണ്‍ ബെല്‍ ...!!!

യാത്ര എനിക്കെപ്പോഴും ഒരു ഹരമാണ്. പറ്റാവുന്നിടത്തോളം ഞാന്‍ യാത്ര ചെയ്യാറുമുണ്ട് .
യാത്രയുടെ എല്ലാ നിമിഷവും ആഘോഷമാക്കുക എന്നതാണ് എന്റെ രീതി. ഞങ്ങള്‍
മിക്കവാറും കുടുംബ സമേതമാകും എല്ലാ യാത്രകളും. ഒഫീഷ്യല്‍ യാത്രകള്‍
ആണെങ്കില്‍ പോലും ഞാന്‍ തനിച്ചാണ് പോകുന്നതെങ്കില്‍, കുടുംബത്തെയും
കൂടെ കൂട്ടാറുണ്ട്. തനിച്ചുള്ള യാത്രകള്‍ വളരെ വിരസമാണ് എന്നത് തന്നെ
പ്രധാന കാരണം. അങ്ങിനെയുള്ള യാത്രകളാണ് എന്നില്‍ പല ചിന്തകളും
ഉണ്ടാക്കാറുള്ളത്, അതുപോലെ പല പ്രചോദനങ്ങളും നല്‍കാറുള്ളത്. യാത്രകള്‍
മനോഹരമായ അനുഭവങ്ങളാണ് എപ്പോഴും. ചിലപ്പോള്‍ വേദനാ ജനകം,
മറ്റുചിലപ്പോള്‍ പേടിപ്പെടുതുന്നവ ഇനിയും ചിലപ്പോള്‍ ആഹ്ലാദകരവും.

കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്‌ കവിത വായിച്ചപ്പോഴാണ് എന്റെ യാത്രയിലെ ഒരനുഭവം
ഓര്‍മ്മവന്നത്‌. രണ്ടു മൂന്നിടത്ത് പോകേണ്ടതിനാല്‍ അന്ന് ഞാന്‍
തനിച്ചായിരുന്നു. ഒരു ഫോണ്‍ കാള്‍ വന്നു അതെടുത്ത് നോക്കാന്‍
തുടങ്ങുമ്പോഴാണ് മുന്നില്‍ കുറച്ചു ദൂരെ ഒരു അപകടം കാണുന്നത്. ട്രാഫിക്‌
നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ തന്നെ വണ്ടിയോടിക്കണം എന്ന് ആഗ്രഹമുള്ള
ഒരാളാണ് ഞാന്‍. പറ്റാവുന്നിടത്തോളം അങ്ങിനെ ചെയ്യാറുമുണ്ട് .
എന്നാലും പോലീസ് വാഹങ്ങളുടെ ലൈറ്റ് കാണുമ്പൊള്‍ തന്നെ ഞാന്‍ കുറച്ചു
ശ്രദ്ധിച്ചേ വണ്ടി ഓടിക്കാറുള്ളൂ. പേടിയുണ്ട് എന്നത് തന്നെ ഒന്നാമത്തെ
കാരണം, പിന്നെ അനാവശ്യമായി ഫൈന്‍ കൊടുക്കാന്‍ എന്റെ കയ്യില്‍
പൈസയുമില്ല.

അന്നും പതിവുപോലെ സ്പീഡ് കുറച്ചു നോക്കുമ്പോള്‍ രണ്ടു
വാഹനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു കിടക്കുന്നു. തകര്‍ന്നു എന്നൊക്കെ
പറഞ്ഞാല്‍ അത് രണ്ടു കാറുകള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും
പറയാന്‍ പറ്റാത്ത അത്രയും തകര്‍ന്നു തന്നെ. മുന്നോട്ടു പോകാന്‍ പറ്റാത്ത
വിധം റോഡ്‌ തടസ്സമായിരിക്കുന്നതിനാല്‍ ഞാന്‍ മെല്ലെ ഒരു സൈഡില്‍
വണ്ടിയൊതുക്കി പുറത്തിറങ്ങി. ആരും പൊതുവേ അങ്ങിനെ അപകട സ്ഥലത്ത്
അടുത്തൊന്നും ചെല്ലാറില്ല.

ഞാനും മാറിനിന്നു നോക്കവേ അതിലെ ഒരു
പോലീസുകാരന്‍ എന്റെ പരിച്ചയക്കരനാനെന്നു കണ്ടു ഞാന്‍ മെല്ലെ അടുത്ത്
ചെന്നു. അയാള്‍ എന്നെ കണ്ടു ചിരിച്ച് അയാളുടെ ജോലിയില്‍ മുഴുകവേ ഞാനും
മെല്ലെ അടുത്ത് ചെന്നു. കാണരുതെന്ന് ജീവിതത്തില്‍ ആഗ്രഹിച്ചു പോകുന്ന
കാഴ്ചകളാണ് അവിടെയെല്ലാം നമ്മളെ തേടിയെത്തുക എന്നത് സ്വാഭാവികമല്ലേ.
രണ്ടു വണ്ടികളിലുമായി മൂന്നുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേരും
സ്ഥലത്ത് തന്നെ മരിച്ചുപോയി എന്നതിനേക്കാള്‍ അവരുടെ ശരീര ഭാഗങ്ങള്‍
ഏതൊക്കെയെന്നു അവരുടെ അച്ഛനുമമ്മക്കും പോലും തിരിച്ചറിയാന്‍ ഒരു
വഴിയുമില്ല. പോലീസുകാര്‍ വളരെ പണിപ്പെട്ടാണ് ഓരോ ഭാഗങ്ങളായി
എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നത് . ഞാന്‍ ഒന്നേ നോക്കിയുള്ളൂ.

തിരിച്ചുപോരാന് തുടങ്ങുമ്പോഴാണ് ഒരു ഫോണ്‍ റിംഗ് ചെയ്യുന്നത്
കേള്‍ക്കുന്നത്. നോക്കുമ്പോള്‍, അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതോ
ശരീര ഭാഗങ്ങള്‍ക്കിടയില്‍നിന്നു നിന്ന് അപ്പോഴും നിരതാതെ അടിച്ചുകൊണ്ടിരിക്കുന്ന ആ
ഫോണിനായി പോലീസുകാര്‍ തിരയുകയാണ്. നേരത്തെ വായിച്ച കവിതയില്‍ കവി പറഞ്ഞ
പോലെ അയാളുടെ അമ്മയോ ഭാര്യയോ മക്കളോ.. ആരെങ്കിലുമായിരിക്കാം അത് ...!
ഞാന്‍ വേഗം തന്നെ ഓടി കാറിലെത്തി എന്റെ വീട്ടിലേക്കു ഡയല്‍ ചയ്തു.

4 comments: