Monday, September 28, 2009

ശുപാര്‍ശക്കത്ത് .....!!!

ശുപാര്‍ശക്കത്ത് .....!!!

മദിരാശിയില്‍ വല്യമ്മ ഉണ്ടായിരുന്നതുകൊണ്ട് സിനിമയില്‍ അവസരം തേടിയുള്ള ആ യാത്ര അത്ര ദുഷ്കരമായി തോന്നിയില്ല എനിക്ക്. അല്ലെങ്കിലും പലപ്പോഴും വല്ല്യമ്മയുടെ അടുത്ത് പോയിട്ടുള്ളതിനാല്‍ പരിചയക്കുറവും ഇല്ല. കഴിഞ്ഞ പ്രാവശ്യം ചെറിയച്ചന്റെ കൂടെയാണ് പോയത്. ഒരു ചേച്ചിയുടെ കല്ല്യാണത്തിന്. അതാകട്ടെ നാല് കൊല്ലം മുന്‍പായിരുന്നു എന്ന് മാത്രം. അന്ന് അപ്പോഴത്തെ പോലെ സിനിമാ ജ്വരം തലയ്ക്കു പിടിച്ചിട്ടുണ്ടായിരുന്നില്ല താനും.

എങ്കിലും ഒരു സുഹൃത്തിന്റെ ചെറിയച്ചന്റെ ശുപാര്‍ശക്കത്ത് കൈക്കലാക്കിയിരുന്നു പോകുന്നതിനു മുന്‍പുതന്നെ. ആ സുഹൃത്തിന്റെ ചെറിയച്ചന്‍ അറിയപ്പെടുന്ന ഒരു സിനിമാക്കാരനാണ്. അദ്ധേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ ഒരു ചിത്രം അപ്പോള്‍ നടക്കാന്‍ പോകുന്നുണ്ട്. അതില്‍ ഒരു സഹ സംവിധായകന്‍ എന്നതാണ് എന്റെ സ്വപ്നം.

സ്വപ്നം കണ്ടുകൊണ്ടുതന്നെ യാത്ര ചെയ്തതിനാല്‍ അവിടെ എത്തിയത് അറിഞ്ഞതേയില്ല. എന്റെ അച്ഛന്‍ മദിരാശിയിലെ വല്ല്യമ്മയുടെ മകന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാല്‍ ആ ഏട്ടന്‍ തീവണ്ടിയാപ്പീസില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ കൂടെ അവരുടെ വീട്ടിലെത്തി. അപ്രാവശ്യത്തെ വരവിന്റെ വിവരം പറഞ്ഞപ്പോള്‍ ഏട്ടനും ചേച്ചിമാരും എന്നെ കുറെ ചീത്തപറഞ്ഞു, പിന്നെ കളിയാക്കുകയും ചെയ്തു. വല്യമ്മ യാകട്ടെ ചീത്തപറഞ്ഞു കന്നുപോട്ടിക്കുക മാത്രമല്ല അടിക്കാന്‍ വരെ വന്നു. എന്റെ അച്ഛന് ബ്രന്താണ് അതിനാലാണ് എന്റെ തോന്ന്യാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് എന്നുവരെ പറഞ്ഞു അവര്‍.

ഞാന്‍ ഒന്നും പറയാതെ എല്ലാം കെട്ടു നിന്നു. ഉറക്ക ക്ഷീണ മുണ്ടായിരുന്നതിനാല്‍ അന്ന് മുഴുവന്‍ കിടന്നുറങ്ങി. അന്ന് രാത്രി അവിടുത്തെ ഒരു ചേച്ചിയും ഭര്‍ത്താവും കൂടി എന്നെ കാണാന്‍ വന്നു. ആ ഏട്ടന്‍ പക്ഷെ എന്നെ അനുകൂലിച്ചു സംസാരിച്ചു എന്ന് മാത്രമല്ല എന്നെ എല്ലായിടത്തും കൊണ്ട് പോകാമെന്നും , ഏട്ടന് വളരെ പരിചയമുള്ള ഒന്ന് രണ്ടു വലിയ ആള്‍ക്കാരെ പരിചയപ്പെടുത്തി തരാമെന്നു ഏല്‍ക്കുകയും ചെയ്തപ്പോള്‍ ദൈവത്തെപോലെ ഞാന്‍ അദ്ധേഹത്തെ തൊഴുത്‌ നിന്നു. വല്യമ്മ ആ ഏട്ടനേയും കണക്കിന് ചീത്ത പറഞ്ഞെങ്കിലും മൂപ്പര്‍ അതൊന്നും കാര്യമാക്കിയില്ല.

പിറ്റേന്ന് കാലത്തുതന്നെ ഞാന്‍ അവരോടോപ്പോം അവരുടെ വീട്ടിലേക്കു പോയി, അന്ന് തന്നെ വൈകീട്ട് ഏട്ടനേയും കൂട്ടി ഏട്ടന്റെ പരിചയക്കാരുടെ അടുത്തേക്കും യാത്രയായി. അവര്‍ A V M സ്റ്റുഡിയോയില്‍ ഉണ്ടെന്നു പറഞ്ഞു ഞങ്ങള്‍ അങ്ങോട്ടാണ് പോയത്. സ്വപ്നങ്ങളില്‍ മാത്രം, കണ്ടിട്ടുള്ള വിശാലമായ A V M സ്റ്റുഡിയോ എന്നെ നോക്കി പുഞ്ചിരിയോടെ സ്വാഗതം പറഞ്ഞതായി ഞാന്‍ മനസ്സില്‍ കണ്ടു. ഏട്ടന്റെ ബൈകിലായിരുന്നു യാത്രയൊക്കെ. ബൈക്ക് പുറത്തുവെച്ചു ഞങ്ങള്‍ അകത്തു കടന്നു.

പടി കടക്കും മുന്‍പ് നിലം തൊട്ടു വണങ്ങിയായിരുന്നു ഞാന്‍ അകത്തു കടന്നത്. എല്ലാ ദൈവങ്ങളെയും കണക്കിന് വിളിച്ചു. ഏട്ടന് അവിടെയൊക്കെ നല്ല പരിചയമായിരുന്നു. എന്നെ അടുത്തുള്ള ഒരു ബെഞ്ചില്‍ ഇരുത്തി ഏട്ടന്‍ ഒരു ഓഫീസിലേക്ക് കയറിപോയി. അവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു അവര്‍ പുറത്തുള്ള ഒരു ഹോട്ടലില്‍ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ അങ്ങോട്ട്‌ പോയി. സ്വപ്നങ്ങളില്‍ മാത്രം കാണുന്ന കോടമ്പാക്കം നഗരം. നഗരത്തിലെ ഒരു വലിയ ഹോടലിനു മുന്നിലെത്തി. ഞാന്‍ പുറതുനില്ക്കാം എന്ന് പറഞ്ഞപ്പോള്‍ ഏട്ടന്‍ എന്നെ അവിടെ നിര്‍ത്തി അകത്തു പോയി. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞത് അവിടെ ആരെയെങ്കിലും ഒക്കെ കണ്ടാലോ എന്ന് വെച്ച് തന്നെയായിരുന്നു.

പെട്ടെന്നാണ്‌ ഒരുകൂട്ടം ആളുകള്‍ ഓടിവരുന്നത്‌ കണ്ടത്. അറിയാവുന്ന തമിഴില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞു സൂപര്‍സടാര്‍ രജനി വരുന്നു എന്ന്. അദ്ധേഹത്തെ കാണാനുള്ള തിരക്കായിരുന്നു പിന്നെ അവിടെ. തിരക്കില്‍ നിന്നൊഴിവാകാന്‍ ഞാന്‍ അല്‍പ്പം മാറിനിന്നു. ഒരുപാട് കാറുകളുടെ അകമ്പടിയോടെ അതാ വീര നായകന്‍ രജനി വന്നിറങ്ങുന്നു. അത് സ്വപ്നം തന്നെയോ എന്നറിയാന്‍ ഞാന്‍ ശരിക്കും എന്നെ നുള്ളി നോക്കി.

പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്കും നല്ല ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ വല്ല്യമ്മയുടെ മുഖമാണ് കണ്ടത്. ഞാന്‍ കണ്ണ് തുറന്നതും വല്യമ്മ ചീത്ത പറയാനും തുടങ്ങി. ചേച്ചിമാര്‍ വല്ല്യമ്മയെ മാറ്റി നിര്‍ത്തിയപ്പോഴാണ് ഞാന്‍ അറിയുന്നത് ഞാന്‍ ഒരു ആശുപത്രിയില്‍ ആണെന്ന്. രജനി വന്നതും എല്ലാം മറന്നു ഞാനും അദ്ധേഹത്തിന്റെ അടുത്തേക്ക് പോയെന്നും, ജനങളെ നിയന്ത്രിക്കാനാകാതെ പോലീസ് ലാത്തിവീശിയെന്നും അങ്ങിനെ പരിക്കുപറ്റി കിടന്ന എന്നെ അപ്പോഴേക്കും പുറത്തെ ബഹളം കെട്ടു വന്ന ഏട്ടന്‍ കണ്ടെത്തി ഇവിടെ എത്തിക്കുകയായിരുന്നു എന്നും പിന്നീട് ഏട്ടന്‍ പറഞ്ഞു.

രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നു പുറത്തുവന്ന എന്റെ ബാഗ് അപ്പോഴേക്കും വല്യമ്മ ശരിയാക്കി വെച്ചിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റും. വേദനയോടെ, നിരാശയോടെ നിറഞ്ഞ സങ്കടത്തോടെ തിരിച്ചു വരുമ്പോഴും ആ ശുപാര്‍ശക്കത്ത് എന്റെ പോക്കറ്റില്‍ നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു.

3 comments:

  1. മനോഹരമായ കഥകളാണല്ലോ... ആരും കാണുന്നില്ലേ?

    ReplyDelete
  2. Hahahaha ... Suretta, Kodambakkam vilikkunnu ...

    ReplyDelete