Thursday, September 3, 2009

ഒരു മുഖം ...!!!

ഒരു മുഖം ...!!!

ഉറക്കെയുള്ള അവളുടെ കരച്ചില്‍ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു പൊട്ടി പൊട്ടി കരയുന്നു. ചോദിച്ചിട്ടാണെങ്കില്‍ ഒന്നും പറയുന്നുമില്ല. ഞാന്‍ വല്ലാത്ത അവസ്ഥയിലായി. സ്വപ്നം കണ്ടതായിരിക്കും എന്നുതന്നെയാണ് ഞാന്‍ കരുതിയത്‌. പുറത്തൊക്കെ ഒന്ന് ഉഴിഞ്ഞുകൊടുത്ത് , കുറച്ചു വെള്ളം കുടിപ്പിച്ച്, മാറോടു ചേര്‍ത്ത് കുറച്ചു സമയം ഇരുതിയപ്പോള്‍ അവള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. ഞാന്‍ മെല്ലെ ചോദിക്കനായും മുന്‍പേ അവള്‍ എന്നെ ദയനീയമായി നോക്കി. അപ്പോഴും അവള്‍ക്കു കരച്ചിലടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷമിപ്പിക്കേണ്ട എന്നുകരുതി ഞാന്‍ അങ്ങിനെത്തന്നെ കുറച്ചുസമയം കൂടി ഇരുന്നു.

എന്റെ മാറില്‍ കിടക്കുമ്പോഴും അവള്‍ വല്ലാതെ കിതക്കുകയും അണക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവളെ വിയര്‍ക്കാന്‍ തുടങ്ങി. എനിക്ക് കുറേശ്ശേയായി പരിഭ്രമവും തുടങ്ങി. ഇനി വല്ല അസുഖവും.... പൊതുവേ അവള്‍ക്കങ്ങിനെ അസുഖങ്ങളൊന്നും വരാത്തതാണ്. എന്നാലും പറയാന്‍ പറ്റില്ലല്ലോ. അങ്ങിനെ ഇരുത്തിതന്നെ ഞാന്‍ കുറച്ചു ബാം എടുത്തു അവളുടെ നെറ്റിയില്‍ പുരട്ടിക്കൊടുത്തു. പിന്നെ മുഖവും പുറവും എല്ലാ തടവിക്കൊടുക്കുകയും ചെയ്തു.

കുറച്ചു സമയം അങ്ങിനെ ഇരുന്നപ്പോഴെക്കും അവള്‍ മെല്ലെ സാധാരണ നിലയിലേക്ക് വരുന്നതായി തോന്നി. ഞാന്‍ അവളെ പിടിചെഴുന്നെല്‍പ്പിച്ചു ബാത്‌ റൂമില്‍ കൊണ്ട് പോയി മുഖമെല്ലാം കഴുകിപ്പിച്ചു കൊണ്ട് വന്ന് തുടച്ചു കൊടുത്ത് അരികിലിരുത്തി. എന്നിട്ട് എന്താണ് കാര്യമെന്ന ഭാവത്തില്‍ മുഖത്തേയ്ക്ക് നോക്കി. അവള്‍ക്കു അതോര്‍ക്കാന്‍ തന്നെ വിഷമമായ പോലെ. എങ്കിലും മെല്ലെ പറയാന്‍ തുടങ്ങി. ഏട്ടന് ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു... അതിപ്പോ ആരുമില്ലാതെ എവിടെയാകും... ആശുപത്രിയില്‍ ....അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ....! നമുക്ക് നോക്കാമായിരുന്നു ....!

അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. അന്ന് ഞാന്‍ എന്റെ സുഹൃത്തിനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരും വഴി കണ്ട ഒരു അപകടം ഞാനവളോട് പറഞ്ഞിരുന്നു. വഴിയുടെ അപ്പുറത്ത്, റോഡില്‍ നിന്ന് തെറിച്ചുപോയി മരങ്ങള്‍ക്കിടയില്‍ തകര്‍ന്നു വീണ ഒരു വാഹനത്തില്‍ നിന്ന് മരിച്ചുപോയ അമ്മയോടും അച്ഛനോടുമോപ്പം കരഞ്ഞുകൊണ്ട് പോലീസുകാരുടെ കൈയില്‍ ഒരു കൊച്ചു പെണ്‍കുട്ടി. അപ്പോഴും ഉണ്ടായ അപകടത്തിന്റെ നടുക്കത്തില്‍ വാവിട്ടുകരയുന്ന ആ മൂന്നുവയസ്സുകരുടെ മുഖം എന്നെ തന്നെ വല്ലാതെ വേട്ടയാടിയിരുന്നു.

ഞാനവളെ അടക്കിപ്പിടിച്ചു അങ്ങിനെയിരുന്നു .....!

4 comments: