Monday, September 28, 2009

നാടകം ....!!!

നാടകം ....!!!

ആ കൊല്ലത്തെ നാടകത്തിനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആദ്യമായി വലിയ സ്ഥലങ്ങളില്‍ കളിക്കാനുള്ള അവസരങ്ങള്‍. നല്ല ജന പിന്തുണ. ഒരുപാട് സമ്മാനങ്ങളും. അതിന്റെ ചെറിയ അഹങ്കാരവും കൂട്ടിനുണ്ടായിരുന്നു അപ്പോള്‍.

വിപ്ലവം തലയ്ക്കു പിടിച്ചിരുന്ന ആ അവസരത്തില്‍ അക്കുറി അവതരിപ്പിച്ചിരുന്നത് ചെക്കോ സ്ലോവാക്യന്‍ വീര സമര നായകന്‍ ഫ്യൂച്ചിക്കിന്റെ തടവറയില്‍ കിടക്കുമ്പോഴുള്ള കഥയാണ്. ആ നാടകം എഴുതിയത് ആരാണെന്ന് ഓര്‍ക്കുന്നില്ല ഇപ്പോള്‍. എങ്കിലും അത് അന്ന് വലിയൊരു ആവേശമായിരുന്നു. അവതരണത്തിലെ പുതുമയും, ഉറഞ്ഞ വിപ്ലവ വീര്യവും അതിനെ മനോഹരവും ആക്കിയിരുന്നു. നായകനെയും പട്ടാള ക്യാമ്പിലെ വില്ലന്മാരായ പട്ടാളക്കാരെയും മറ്റും അവതരിപ്പിക്കാന്‍ ഉശിരുള്ള ചെക്കന്‍മാരെതന്നെ എപ്പോഴും തിരഞ്ഞെടുത്തു.

പൊതുവായി അവതരിപ്പിക്കാന്‍ എപ്പോഴും ഒരു സ്ഥിരം ടീമിനെ ഉണ്ടാക്കാറുണ്ട് . അത് നാട്ടില്‍ തന്നെയുള്ളവരായിരിക്കും മിക്കവാറും. അല്ലെങ്കില്‍ നന്നായി ചെയ്യുന്ന മറ്റേതെങ്കിലും ഒരു ടീം. ഇവരെയാണ് അവസരം കിട്ടുന്ന പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ കൊണ്ടുപോകാറള്ളത് . പൊതു വേദികള്‍ എന്ന് പറഞ്ഞാല്‍, സംഘടനകളുടെ വാര്‍ഷികങ്ങള്‍, ഉത്സവപ്പറമ്പുകള്‍, കലാ സമിതികള്‍ അങ്ങിനെ അങ്ങിനെ.

അങ്ങിനെയിരിക്കെയാണ്‌ അന്ന് എന്റെ അടുത്ത ഒരു സുഹൃത്ത്‌ പ്രസിടന്റ്റ്‌ ആയ ക്ഷേത്ര സമിതിയുടെ വകയായി ഉത്സവത്തിനു കളിക്കാന്‍ ക്ഷണം കിട്ടിയത്. വെറുതേ ക്ഷണിക്കുക മാത്രമല്ല ഒരു ചെറിയ പ്രതിഫലവും അവര്‍ തരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉഷാറായി. കളിയ്ക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തു പോകാന്‍ തുടങ്ങുമ്പോഴാണ് നായകനായി കളിക്കേണ്ട കുട്ടിക്ക് വരാന്‍ പറ്റാതായത്. അവന്റെ അമ്മുമ്മ മരിച്ചു. അമ്മ മരിച്ചു കിടന്നാലും നാടകം നടക്കണം എന്നൊക്കെ ആവേശത്തിന് പറയാമെങ്കിലും അവനെ വിട്ടുകിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഒടുവില്‍ പകരക്കാരനില്ലതായത്തോടെ അന്ന് ആദ്യമായി അരങ്ങത്തു കയറേണ്ട ചുമതല എന്നിലായി.

അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ തൊട്ടതിനും പിടിച്ചതിനും കുട്ടികളുടെ മെക്കിട്ടു കയറാന്‍ നല്ല എളുപ്പമാണെങ്കിലും അരങ്ങത്തു കയറേണ്ട ഘട്ടമെത്തിയപ്പോള്‍ എന്നില്‍ വിറയല്‍ തുടങ്ങി. വിറയല്‍ എന്നുപറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് പോലും കാണാവുന്ന അത്രയും വിറയല്‍. കുട്ടികളൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ അത് പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചു.

വലിയ നാടകത്തിനു മുന്‍പുള്ള കുറച്ചു സമയമാണ് ഞങ്ങള്‍ക്കുള്ളത്. പതിവുപോലെ ഞങ്ങള്‍ അരങ്ങത്തു വേണ്ട എല്ലാം ഒരുക്കി. നാടകം തുടങ്ങി. ഞാന്‍ തന്നെയാണ് രംഗത്ത് ആദ്യം ഉള്ളത്. തുടങ്ങി കുറച്ചുനേരം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടു പോയി. രംഗം ആവേശ ഭരിതമായത്തോടെ പരിസരം മറന്നു ഞാന്‍ എല്ലാവരെയും ഒന്ന് അഹങ്കാരത്തോടെ നോക്കി. എങ്ങിനെയുണ്ട്‌ എന്റെ കളി എന്നമട്ടില്‍. ആളുകള്‍ ശരിക്കും ആസ്വദിച്ച് കാണുന്നുണ്ടായിരുന്നു എങ്കിലും, ചുറ്റും നോക്കിയതും, ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതും, എന്നിലെ ധൈര്യം എങ്ങോ ഓടിയൊളിച്ചു. പിന്നെ ചങ്കില്‍ കയ്യിട്ടു കുത്തിയിട്ടും ഒരക്ഷരം പുറത്തുവരുന്നില്ല. ഒന്നും മിണ്ടാനാവാതെ ഞാന്‍ മിഴിചുനില്ക്കെ കാണികളുടെ കൂവലിനിടയില്‍ എങ്ങിനെയോ കര്‍ട്ടനിട്ടു ഒപ്പമുള്ളവര്‍ എന്നെയും വലിച്ചു പുറത്തെത്തിച്ചു.

2 comments:

  1. I forgot to tell you. We are going to play your Script on 01st Nov. again. Pray for us.

    ReplyDelete