Tuesday, September 15, 2009

ഓടുന്ന അമ്മമാര്‍ ....!

ഓടുന്ന അമ്മമാര്‍ ....!

മോന്‍റെ സ്കൂളിലെ ഒരു കുട്ടി സ്കൂള്‍ ബസ്സില്‍ വെച്ച് മരിച്ചതിനു ശേഷം എന്റെ ഭാര്യക്ക് എപ്പോഴും ആധിയാണ്. അതിനു മുന്‍പും ഞാന്‍ തന്നെയാണ് കാലത്ത് അവനെ സ്കൂളില്‍ കൊണ്ടുപോയി ആക്കാറുള്ളത്. എങ്കിലും ഇറങ്ങും മുന്‍പ് അവളുടെ വക നൂറു ഉപദേശങ്ങളുണ്ടാകും . എന്നും ഒരേ ഉപദേശങ്ങള്‍. മോന് മാത്രമല്ല, എനിക്കും, പിന്നെ ഉച്ചക്ക് ശേഷം തിരിച്ചു മോനെ കൊണ്ടു വരുന്ന സ്കൂള്‍ ബസ്സിലെ ഡ്രൈവറോട് പറയാനുള്ളതും.

അന്നും പതിവ് ഉപദേശങ്ങള്‍ക്ക് ശേഷം ഞാന്‍ മോനെയും കൊണ്ടിറങ്ങി. എനിക്കന്നു ഓഫീസില്‍ പോകേണ്ടാതതിനാല്‍ തിരക്കില്ലാതെയാണ്‌ ഞാന്‍ പോയത്. അല്ലെങ്കില്‍ എഴരക്ക്‌ മോനെ ഇറക്കി എട്ടുമണിക്ക് മുന്‍പ് എനിക്ക് ഓഫീസില്‍ എത്തണം. അതുകൊണ്ട് കുറച്ചു തിരക്കിലായിരിക്കും പോകാറുള്ളത്.

പതിവുപോലെ, സ്കൂളിനടുത്ത് വണ്ടി നിര്‍ത്തി ഇറങ്ങി, പിന്നെ മോന്‍റെ ബാഗും എടുത്തു അവനെ സ്കൂള്‍ മതില്‍ കടത്തി വിട്ടാണ് ഞാന്‍ തിരിച്ചു വണ്ടിയില്‍ കയറി. മിക്കവാറും അങ്ങിനെതന്നെയാണ് ചെയ്യാറുള്ളതും. കുട്ടികളെ കൊണ്ടുവരുന്നവരുടെ നല്ല തിരക്കായിരിക്കും അവിടെ എപ്പോഴും ആ സമയത്ത്. ഓഫീസില്‍ പോകെണ്ടപ്പോള്‍ ഞാനും തിരക്കിലൂടെ വേഗം പോരാറുണ്ട്. അന്ന് പക്ഷെ തിരക്കുള്ളവരെ വിട്ട്, ഞാന്‍ പതിയെയാണ് വണ്ടി എടുക്കാന്‍ തുടങ്ങിയത്.

അപ്പോഴാണ് ഒരു അമ്മ അവരുടെ കുട്ടിയുമായി വണ്ടിയില്‍ അവിടെയെത്തി എനിക്ക് മുന്‍പില്‍ നിര്‍ത്തിയത്. വണ്ടി നിര്‍ത്തി ആ അമ്മ സീറ്റില്‍ തന്നെയിരിക്കെ കുട്ടി തനിയെ ഇറങ്ങാന്‍ തുടങ്ങി. വലിയ ആ വണ്ടിയില്‍ നിന്ന് നാലുവയസ്സുള്ള ആ കുട്ടിക്ക് തനിച്ച് ഇറങ്ങാന്‍ നന്നേ വിഷമമായിരുന്നു. എന്നിട്ടും കുട്ടി തനിയെ തന്നെ ഇറങ്ങുന്നത് ആ അമ്മ വെറുതേ നോക്കിയിരുന്നു. എന്നിട്ട് കുട്ടി സ്കൂളിലേക്ക് കയറിപോയി. സ്കൂള്‍ വാതിലിനടുത്ത് രണ്ടു സ്കൂള്‍ ജോലിക്കാര്‍ എപ്പോഴും ഉണ്ടാകും. കുട്ടികളെ ഇറക്കാനും കയറ്റിവിടാനും ഒക്കെ സഹായിക്കാന്‍. അവര്‍ പക്ഷെ മറ്റുകുട്ടികളെ കൊണ്ടുപോവുകയായിരുന്നു അപ്പോള്‍.

ഈ കുട്ടി അകത്തേക്ക് കയറിപോകുന്നതിനു മുന്‍പുതന്നെ അമ്മ വണ്ടി എടുത്തു മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു. പക്ഷെ അവിടെ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നതിനാല്‍ അവര്‍ക്ക് പോകാനായില്ല. എങ്കിലും മെല്ലെ മെല്ലെ അവരും തിരക്കിലൂടെ മോന്നോട്ടു നീങ്ങവേ പെട്ടെന്ന് അകത്തേക്ക് പോയ കുട്ടി ഓടി വരുന്നു. അമ്മെ എന്ന് വിളിച്ചു കൊണ്ട് ഈ വാഹനങ്ങള്‍ക്കിടയിലൂടെ. പുറകിലായി സ്കൂള്‍ ജീവനക്കാരും. അവര്‍ക്ക് എത്തിപ്പിടിക്കാന്‍ വയ്യാത്ത അത്ര തിരക്കിലാണ് കുട്ടി ഓടുന്നത്. വളരെ വെപ്രാളത്തോടെ ഓടിവരുന്ന കുട്ടി പക്ഷെ ഒന്നും നോക്കാതെ അമ്മ പോകും മുന്‍പ് അമ്മയുടെ അടുത്തെതാനുള്ള വെപ്രാളത്തിലായിരുന്നു. അമ്മയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടി എങ്ങിനെ മുന്നോട്ടെടുത്തു പോകാം എന്ന തിരക്കിലും.

വളരെ പെട്ടെന്നാണ്‌ ഒരു വണ്ടിക്കു മുന്‍പില്‍ കുട്ടി അകപ്പെട്ടത്. ആര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് കുട്ടി അവിടെ എത്തിപ്പെട്ടിരുന്നു. മറ്റു വാഹനങ്ങളില്‍ ഉള്ളവരും ഞാനും പുറത്തിറങ്ങി അങ്ങോട്ട്‌ ഓടവേ, കുട്ടിയെ എടുത്തുകൊണ്ടു രണ്ടുമൂന്നുപേര്‍ തിരിച്ചു വരുന്നുണ്ടായിരുന്നു. ആ വണ്ടിക്കാരന്റെ ഭാഗ്യമോ, സ്കൂലുകാരുടെ ഭാഗ്യമോ, കണ്ടുകൊണ്ടിരുന്ന ഞങ്ങളുടെ ഭാഗ്യമോ. കുട്ടിക്ക് ഒന്നും പറ്റിയില്ല. ഇതൊന്നുമറിയാതെ ആ അമ്മ അപ്പോഴേക്കും തിരക്കിലേക്ക് പോയ്‌ മറഞ്ഞിരുന്നു.

11 comments:

  1. കുട്ടിയെ ഇറക്കിവിട്ടത് സ്വന്തം അമ്മയായിരിക്കില്ല...
    അല്ലാതെ........

    ReplyDelete
  2. പേടിപ്പിക്കാതെ മാഷേ...

    ReplyDelete
  3. ആർക്കു വേണം കുട്ടിയെ? അന്നേരം അവർ ചിന്റിച്ചുകൊണ്ടിരുന്നത്‌ officeലെ കാര്യമായിരിക്കും.. ആരുടെയും കുറ്റമല്ല മാഷേ..ഇപ്പൊ, ഇങ്ങനെയൊക്കെയാ..

    ReplyDelete
  4. സത്യങ്ങള്‍ തന്നെ....

    ഇനിയും എഴുതുക
    ആശംസകള്‍

    ReplyDelete
  5. ചില അമ്മമാര്‍‌ വേണ്ടതിലധികം ആകാംഷാഭരിതര്‍
    മറ്റുചിലരാണെങ്കിലോ തികച്ചും അലക്ഷ്യര്‍
    ആ കുട്ടിയെ അങ്ങിനെ വിട്ട് അവര്‍ തിടുക്കത്തില്‍ പോയി
    കുട്ടിക്ക് വല്ലതും സംഭവിചു എങ്കില്‍
    ശിഷ്ടം കാലം മുഴുവന്‍ തേങ്ങിയാലും മതിയാവുമോ?

    ശ്വാസം അടക്കിയാ വായിച്ചു നിര്‍‌‍ത്തിയത് ......

    ReplyDelete
  6. ദൈവമേ! ‍ ഇങ്ങനെയും ചില അമ്മമാര്‍. എല്ലാം ഈശ്വരന്റെ കൈകളില്‍.
    ചിലപ്പോള്‍ ഇവരുടെ മക്കളാവും കൂടുതല്‍ കരുത്താര്‍ന്നു വളരുന്നത്. എല്ലാ കാര്യത്തിനും അമ്മയുടെ തണല്‍ ലഭിക്കുന്ന മക്കള്‍ കാര്യപ്രാപ്തിയില്ലാതേയും ആയേയ്ക്കും.

    ReplyDelete
  7. തിരക്കുപിടിച്ച ഈ ജീവിതത്തില്‍ ഇതൊക്കെ ഒരു പതിവു കാഴ്ച്ചയായി തീര്‍ന്നതോടെ നമ്മള്‍ക്ക്‌ ഇതൊന്നു ഒരു ചലനവും ഉണ്ടാക്കുന്നില്ല...ആരെ പഴിക്കാന്‍ .... ???

    ReplyDelete
  8. സുരേഷ്‌,
    വായിച്ചു കഴിഞ്ഞപ്പോഴാണ്‌ ശ്വാസം നേരെ വീണത്.

    ReplyDelete