Wednesday, September 9, 2009

സ്വയം വില്‍പ്പന ….!!!

സ്വയം വില്‍പ്പന ….!!!

മറ്റൊരു തീവണ്ടിയാത്രക്കായി ഞാനും കുടുംബവും കൂടി റെയില്‍വേ
സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു. എന്റെ കുടുംബത്തോടൊപ്പം ചില
ബന്ധുക്കളും അന്ന് കൂടെയുണ്ടായിരുന്നു. വലിയ യാത്രകള്‍ക്ക്
തീവണ്ടിയാണ് ഞങ്ങള്‍ക്ക് ഇഷ്ട്ടം . നേരത്തെ ടിക്കറ്റ്‌ എല്ലാം റിസര്‍വ്‌
ചെയ്തിരുന്നതിനാല്‍ , യാത്ര ആയാസ രഹിതമായിരുന്നു . വണ്ടി വരാന്‍
കുറച്ചു സമയം കൂടി ഉണ്ടായിരുന്നു . മറ്റുള്ളവരെ അവിടെ
നല്ലോരിടതിരുത്തി , ഞാന്‍ പതിവുപോലെ മോനെയുംകൂട്ടി വെറുതേ നടക്കാന്‍
ഇറങ്ങി . ഒരു കടയുടെ അടുത്തെത്തിയപ്പോള്‍ പതിവുപോലെ അവനു എന്തെങ്കിലും
വാങ്ങണം . എന്തെങ്കിലും എന്ന് പറയുന്നത് ശരിയല്ല , അവനു വണ്ടികള്‍
മാത്രമേ വേണ്ടു .

ആ കടയില്‍ വണ്ടിയില്ലാതിരുന്നതിനാല്‍ , വേറെ എവിടുന്നെങ്കിലും വാങ്ങി
തരാം എന്ന് പറഞ്ഞപ്പോള്‍ അവന്‍ അടങ്ങി . അവനു ഒരു മിഠായി വാങ്ങിക്കൊടുത്തു
ഞാന്‍ രണ്ടു മൂന്നു പുസ്തകങ്ങള്‍ നോക്കി വാങ്ങി , തിരിച്ചു നടന്നു . മോന്‍
അവന്റെ അച്ചാച്ചന്റെ അടുത്ത് പോയപ്പോള്‍ , ഞാന്‍ അടുത്തുതന്നെ മാറിയിരുന്നു ,
വാങ്ങിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാന്‍ തുടങ്ങി . എന്റെ ഭാര്യക്ക്
അവളുടെ അനുജത്തിയെ കിട്ടിയാല്‍ പിന്നെ പരിസരം പോലും മറന്നു ഒരുപാട്
കാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും .

കുറച്ചുമാറി ഒരു ബഹളം കേട്ടപ്പോള്‍ അച്ചാച്ചനും മോനും അനുജത്തിയുടെ
ഭര്‍ത്താവും കൂടി അങ്ങോട്ട്‌ പോയി . അവര്‍ വലിയ സാമൂഹിക
പ്രതിബദ്ധതയുള്ളവരാണ് . എല്ലാറ്റിലും ഇടപെടാനും കാര്യങ്ങള്‍
അറിയാനും ഒക്കെ അതീവ താത്പര്യമുള്ളവരും . എല്ലാവരും മാറിയപ്പോള്‍
ഞാന്‍ പുസ്തകത്തിലേക്ക് ആഴ്ന്നു .

വായന തുടരുന്നതിനിടയിലാണ് അവര്‍ എന്റെ അടുത്ത് വന്നിരുന്നത് . ഒരു
അച്ഛനും രണ്ടു കുട്ടികളും . അച്ഛന്‍ വളരെ ക്ഷീണിതനും ഒരു കാല്‍
ഇല്ലാത്തവനും ആയിരുന്നു . കുട്ടികള്‍ എട്ടു വയസ്സും ആറ് വയസ്സും ഉള്ള
രണ്ടു ആണ്‍കുട്ടികള്‍ . അവര്‍ പക്ഷെ മറ്റു കുട്ടികളെ പോലെയേ ആയിരുന്നില്ല .
വളരെ ഒതുങ്ങി , വലിയവരുടെ പക്വതയോടെ അടങ്ങിയൊതുങ്ങി , മിണ്ടാതെ
ഒരു ഭാഗത്ത് ഇരിക്കുന്നു . അവരുടെ കയ്യില്‍ ചിപ്സ്ന്റെ ഓരോ പാക്കറ്റുകള്‍
ഉണ്ടായിരുന്നു . അതും തിന്നുകൊണ്ടാണ്‌ അവര്‍ ഇരിക്കുന്നത് .

എന്റെ കയ്യിലെ പുസ്തകം കണ്ടു അവര്‍ രണ്ടുപേരും അതിലേക്കു എത്തിനോക്കാന്‍
തുടങ്ങിയപ്പോള്‍ , എന്റെ കയ്യിലുണ്ടായിരുന്ന മറ്റു രണ്ടു പുസ്തകങ്ങള്‍ ഞാന്‍
അവര്കായി കൊടുത്തു . ആര്‍ത്തിയോടെ അവരതു വാങ്ങി എന്നെ നന്ദിയോടെ നോക്കി
വേഗം വായിക്കാന്‍ തുടങ്ങി . അവരുടെ നിഷ്കളങ്കമായ മുഖം എന്നില്‍
വല്ലാത്ത നൊമ്പരമുണര്‍ത്തി . ഞാന്‍ അവരെത്തന്നെ നോക്കിയിരുന്നു പോയി
കുറച്ചുസമയം . ഞാന്‍ തിരിച്ചുവാങ്ങും മുന്‍പ് വായിച്ചുതീര്കാനെന്ന
വണ്ണം അവര്‍ മറ്റൊന്നും ശ്രദ്ധിക്കാതെ ആ പുസ്തകങ്ങള്‍
വായിക്കുകയായിരുന്നു അപ്പോള്‍ .

പെട്ടെന്നാണ്‌ നന്നായി വസ്ത്രം ധരിച്ച ഒരു സ്ത്രീ അവരുടെ
അടുത്തെത്തിയത് . ആ കുട്ടികളുടെ അമ്മയായിരുന്നു അത് . അവരുടെ മുഖം
വല്ലാതെ ചുവന്നു തുടുത്തിരുന്നു . മുടിയിഴകള്‍ പാറി പറന്നിരുന്നു .
വസ്ത്രം , വാരി ചുറ്റിയ പോലെയായിരുന്നു . വിയര്തിരുന്ന അവര്‍
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു , കുപ്പായത്തിനുള്ളില്‍ കയ്യിട്ടു കുറച്ച്
നോട്ടുകള്‍ എടുത്തു അയാളുടെ കയ്യില്‍ വെച്ചുകൊടുക്കവേ അയാളുടെ മുഖം
കറുത്തിരുന്നു . കണ്ണുകള്‍ നിറഞ്ഞിരുന്നു . അത് നോക്കാതെ കുട്ടികളുടെ
മുടിയില്‍ തഴുകി , അവര്‍ അവര്‍ക്കിടയില്‍ തിക്കിതിരുകി ഇരുന്നു , അയാളുടെ
തോളിലുണ്ടായിരുന്ന ബാഗില്‍ നിന്നു കുടിക്കാന്‍ കരുതിയ വെള്ളമെടുത്ത് കുടിച്ചു
കുട്ടികളെ തഴുകി കേട്ടിപ്പിടിച്ചിരുന്നു . അവരുടെ തലയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് .
കുട്ടികള്‍ ആ നിറഞ്ഞ സ്നേഹതിലലിഞ്ഞു അവരോടു കൂടുതല്‍ ഒട്ടിയിരുന്നു .
അപ്പോഴേക്കും ഒരാള്‍ അവിടെയെത്തി അവളെ വിളിച്ചു കൊണ്ടുപോകാന്‍ . അങ്ങോട്ട്‌ നോക്കാതെ മുഖം പൂഴ്തിയിരിക്കുന്ന, അവളുടെ ഭര്‍ത്താവിനെ നോക്കാതെ അപ്പോഴും വായനയില്‍ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളുടെ തലയില്‍ ഒന്ന് തഴുകി , വലിയൊരു നെടുവീര്‍പ്പോടെ അവള്‍ അയാള്‍ക്കൊപ്പം നടന്നു മറഞ്ഞു …!!!

5 comments:

  1. Suretta, nee ithokke ezuthi thudangiyal evide ethum.

    ReplyDelete
  2. കഥയുടെ അവസ്സാനം തരിച്ചിരുന്നു പോയ്‌..ആശംസകൾ

    ReplyDelete