Tuesday, September 8, 2009

ചാക്കുകെട്ട് ....!

ചാക്കുകെട്ട് ....!

അതൊരു വലിയ സ്റ്റേഷന്‍ ആയിരുന്നു. അപ്പോള്‍ രാത്രിയും, പിന്നെ നല്ല മഴയും പെയ്യുന്നുണ്ടായിരുന്നതിനാല്‍ ആകണം , അന്ന് തീരെ തിരക്കുണ്ടായിരുന്നില്ല. സുഹൃത്തിന്റെ സിനിമ ഷൂട്ടിംഗ് ലോകേഷനില്‍ നിന്ന് തിരിച്ചു പോരുകയായിരുന്നു ഞങ്ങള്‍. ഞങ്ങളെ തീവണ്ടിയാപ്പീസില്‍ ഇറക്കി അവര്‍ തിരിച്ചു പോയശേഷം, ഞങ്ങള്‍ ഉള്ളില്‍ കയറി. വണ്ടി വരാന്‍ ഇനി അര മണിക്കൂര്‍ കൂടിയേ ഉള്ളു. ടിക്കറ്റ്‌ അവര്‍ നേരത്തെ എടുപ്പിചിരുന്നതിനാല്‍, ഞങ്ങള്‍ നേരെ ഒരു ചായ കുടിക്കാന്‍ കയറി.

ചായ കുടിച്ച്‌ ഇറങ്ങി, ഞങ്ങള്‍ വെറുതേ സ്റ്റേനിലൂടെ നടക്കാന്‍ തുടങ്ങി. അധികം പേരൊന്നും അന്ന് ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികള്‍ ഓടിക്കളിക്കുന്നതും നോക്കി അവര്‍ക്കടുതുമാറി കുറച്ചു സമയം നിന്ന്, ഞങ്ങള്‍ പിന്നെയും മുന്നോട്ടു നടന്നു. കുറച്ചു മാറി രണ്ടു യാചകര്‍ തല്ലുകൂടുന്നത് കാണാമായിരുന്നു. പെട്ടെന്ന് അതിലൂടെ കടന്നു പോയിരുന്ന ഒരു പോലീസുകാരന്‍ അവരോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഈ മഴയില്‍ ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ അടങ്ങിയിരുന്നു.

റെയില്‍ പാളങ്ങളില്‍ വീണ്ചിതറാന്‍ പോകുന്ന മഴത്തുള്ളികള്‍ കയ്യിലെടുത്തു കളിച്ച്, ഞങ്ങള്‍ നടത്തം തുടര്‍ന്നു. ഇനി പത്തു മിനിട്ടു കൂടിയേ ഉണ്ടാകു വണ്ടി വരാന്‍. ഭാഗ്യത്തിന് അന്ന് ട്രെയിന്‍ സമയത്തിന് തന്നെ എത്തുമെന്ന് പറഞ്ഞിരുന്നു. ബെഞ്ചുകളില്‍ അവിടെയവിടെയായി ഇരിക്കുന്ന പലരും ഞങ്ങളെ ഒളികണോടെ നോക്കുന്നത് ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. കല്യാണം കഴിഞ്ഞു അധികമായിരുന്നില്ലാതതിനാല്‍ മധുവിധുവിന്റെ ഒരു മൂടിലുമായിരുന്നു ഞങ്ങള്‍. അതും ആദ്യത്തെ അവധിക്കാലവും.

പിന്നെയും മുന്നോട്ടു നടക്കവേ, നേരത്തെ കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഒരാള്‍ ഞങ്ങളുടെ മുന്നിലൂടെ ഓടുന്നതിനിടയില്‍ പെട്ടെന്ന് തട്ടിവീണു . അവര്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. ഞങ്ങള്‍ക്ക് പെണ്‍കുട്ടികളെ വലിയ ഇഷ്ട്ടവുമാണ്. ഞാന്‍ വേഗം ചെന്ന് അവളെ എടുത്തു ഉയര്‍ത്തി നോക്കവേ ഒന്നും പറ്റിയില്ലെന്നു പറഞ്ഞു അവള്‍ എന്റെ കയ്യിനിന്നു കുതറി സഹോദരിയോടൊപ്പം ഓടിക്കളഞ്ഞു. ഞാനും ഭാര്യയും അത് നോക്കി ചിരിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങി.

ഇനി വണ്ടി വരാന്‍ രണ്ടോ മൂന്നോ മിനുട്ടുമാത്രം. ഞങ്ങള്‍ക്ക് കയറേണ്ട കമ്പാര്ടുമെന്റ്റ് എവിടെയായിരിക്കും ഏകദേശം ഉണ്ടാവുക എന്ന് എന്റെ സുഹൃത്ത്‌ പറഞ്ഞു തന്നിട്ടുണ്ടായിരുന്നതിനാല്‍, അങ്ങോട്ടേക്ക് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ്‌ ഞങ്ങളെ തട്ടിമാറ്റിക്കൊണ്ട് ഒരു മദ്ധ്യ വയ്സ്കനും ഭാര്യയും എടുത്താല്‍ പൊന്താത്ത ഒരു ചാക്കുകെട്ടുമായി ഞങ്ങളെ കടന്നു പോയത്. അവര്‍ വല്ലാതെ പരിഭ്രമിക്കുകയും, കിതക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അടുത്തായി അല്പം ഇരുട്ടുപറ്റി അവര്‍ ചാക്ക് കെട്ട് താഴെ വെച്ച് ചുറ്റും പേടിയോടെ നോക്കുന്നുണ്ടായിരുന്നു. വെപ്രാളത്തോടെ അവര്‍ പരസ്പരം എന്തൊക്കെയോ കുശുകുശുക്കുകയും ചെയ്യുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അടുത്തുണ്ടായിരുന്ന പലരും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അവരില്‍ കൂടുതല്‍ അസ്വസ്ഥത പടര്‍ത്തി.

വളരെ പെട്ടെന്നാണ് എന്റെ ഭാര്യ ഉറക്കെ പറഞ്ഞത് അതാ ആ ചാക്കുകെട്ട് ഇളകുന്നു എന്ന് . അവള്‍ പറഞ്ഞത് മറ്റുള്ളവരും കേട്ടിരുന്നു. എല്ലാവരും നോക്കവേ ചാക്കുകെട്ട് വല്ലാതെ ഇളകുന്നു ചെയ്യുന്നുണ്ടായിരുന്നു. ഞാനും മറ്റുള്ളവരും അങ്ങോട്ട്‌ നീങ്ങവേ ആ മദ്ധ്യവയസ്കനും ഭാര്യയും എല്ലാവരെയും തട്ടിമാറ്റി ഓടിപ്പോയി. കുറച്ചുപേര്‍ അവരെ പിടിക്കാന്‍ പിന്നാലെ പോകവേ ഞങ്ങള്‍ ആ ചാക്ക് കേട്ട് തുറന്നു നോക്കി. അതില്‍ പത്തു പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി കയ്കാലുകള്‍ കെട്ടിയിട്ടു വായില്‍ തുണിതിരുകി കിടത്തിയിരിക്കുന്നു . എവിടുന്നോ കട്ടുകൊണ്ടു പോകുന്ന അവള്‍ മാംസ ചന്തയിലെ വില്‍പ്പനക്കുള്ള പുതിയ ഇര.

8 comments: