Saturday, September 5, 2009

രണ്ടു ജീവനുകള്‍ . ...!

രണ്ടു ജീവനുകള്‍ . ...!

ഒരു ചെറിയ ജനക്കൂട്ടത്തിനു നടുവിലേക്കാണ് ഞങ്ങള്‍ ഇറങ്ങിയത്‌ തന്നെ.
ഞാനും ഭാര്യയും. നോക്കുമ്പോള്‍, അപകത്തില്‍ മരിച്ചുപോയ മകന്റെ ശരീരം
വീട്ടിലെത്തിക്കാന്‍ പൈസയില്ലാതെ കരയുന്ന ഒരമ്മയെയാണ് കാണുന്നത്.
നാടോടികള്‍ എന്ന് തോന്നിക്കാവുന്ന ദരിദ്രയായ ഒരമ്മ. ഡോക്ടറെ
ഞങ്ങള്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ടും, മുന്‍കൂട്ടി അപ്പോയിന്മെന്റ്
എടുത്തിട്ടുള്ളതിനാലും, ഞാന്‍ വേഗം അവളെ ഡോക്ടറുടെ റൂമില്‍ എത്തിച്ച് ആ
അമ്മയുടെ അടുത്തെത്തി അവര്‍ക്ക് പോകാനുള്ള കാര്യങ്ങള്‍ ചെയ്തു കൊടുത്തു.
എന്നെക്കാള്‍ നല്ല പലരും അവിടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പക്ഷെ
അധികമൊന്നും ചിലവാകേണ്ടി വന്നില്ല.

തിരിച്ചു ഡോക്ടറുടെ അടുത്ത് കോറിഡോറിലൂടെ നടന്നു പോകുമ്പൊള്‍ രണ്ടു
വശത്തും ഡോക്ടറെ കാത്തിരിക്കുന്ന രോഗികളാണ്. പരിചയക്കാര്‍ ആരെങ്കിലും
എപ്പോഴും ഉണ്ടാകാറുള്ളതിനാല്‍ ‍ ശ്രദ്ധിച്ചാണ് ഞാന്‍ നടന്നിരുന്നത്.
പരിചയമുള്ളവരെ കാണുന്നത് ഒരു സന്തോഷമുള്ള കാര്യമാണല്ലോ. നടന്ന് കുറച്ചു
ദൂരം എത്തിയതും, ഒരു റൂമില്‍ നിന്ന് തെറിച്ച് വീണപോലെ കുറെ നോട്ടുകള്‍
മുന്നില്‍ വന്നു വീണു.

അത്ഭുതത്തോടെ റൂമിലേക്ക്‌ നോക്കുമ്പോള്‍ അവിടെ ഒരച്ഛന്‍ ഡോക്ടറെ
കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്നു. ഉറക്കെ ഉറക്കെ ഹൃദയം പൊട്ടുമാറ്‌
...! വേദനയുടെ ആ കാഴ്ച എനിക്ക് കാണാനാകുമായിരുന്നില്ല. അദ്ധേഹത്തെ
താങ്ങിക്കൊണ്ടു മറ്റു രണ്ടു പുരുഷന്മാരും, നഴ്സും വേറെ ഒരു ഡോക്ടറും
ഉണ്ടായിരുന്നു. ഒപ്പം മേശമേലും താഴെയുമായി ചിതറിക്കിടക്കുന്ന നോട്ടുകള്‍
പെറുക്കിയെടുക്കുന്ന ഒരാളും.

തീര്‍ത്തും അവശനായി പാതി ബോധത്തോടെയുള്ള അദ്ധേഹത്തെ അവര്‍
പുറത്തേക്കു കൊണ്ടുപോകുന്നതിനിടയില്‍ കരച്ചിലിനിടയിലും, ആ അച്ഛന്‍
വേദനയോടെ പറയുന്നത് കേള്‍ക്കാമായിരുന്നു. എനിക്കാകെയുള്ള ഒറ്റ മോളാണ്
ഡോക്ടര്‍. എത്ര പണം വേണമെങ്കിലും ഞാന്‍ ചിലവാക്കാം, എവിടെ വേണമെങ്കിലും
ഞാന്‍ കൊണ്ടുപോകാം.. എങ്ങിനെയെങ്കിലും അവളെ രക്ഷിക്കൂ ഡോകടര്‍.......!

4 comments: