Monday, September 28, 2009

കള്ളന്‍ ...!!!

കള്ളന്‍ ...!!!

ഇത്രയും ധീരന്മാരായ ഞങ്ങള്‍ അവിടെയുണ്ടായിട്ടും തൊട്ടടുത്ത വീട്ടില്‍ കള്ളന്‍ കയറിയത് ഞങ്ങളെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചത്. കൂട്ടുകാരുടെ പരിഹാസം, നാട്ടുകാരുടെ ചോദ്യങ്ങള്‍ ... ഞങ്ങള്‍ ശരിക്കും വശം കെട്ടു എന്നുതന്നെ പറയാം. എന്തായാലും ഇനിയത് വെറുതേ വിടാന്‍ പറ്റിലെന്നു വാശിയായിതന്നെ ഞങ്ങള്‍ എടുത്തു.

നാട്ടിലെ ക്രമസമാധാനം തകര്‍ന്നു എന്ന് പോലും പറഞ്ഞു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും സമരവും പോടിപൂരമാക്കി പോലീസിനെ ശരിക്കും ധര്‍മ സങ്കടത്തിലാക്കി ഞങ്ങള്‍. അങ്ങിനെ പറയാന്‍ മാത്രം ഒന്നുമുണ്ടായിട്ടില്ലെന്കിലും ഇതങ്ങിനെ വെറുതേ വിടുന്നത് ഞങ്ങളുടെ അഭിമാന പ്രശ്നമായി ക്കഴിഞ്ഞിരുന്നു.

രാഷ്ട്രീയവും കൂട്ടിക്കുഴ്ഞ്ഞപ്പോള്‍ പിന്നെ അതിനൊരു അറുതി വരുത്തേണ്ടത് പോലീസിന്റെയും അഭിമാന പ്രശ്നമായി. പെന്‍ഷന്‍ പറ്റാന്‍ ദിവസങ്ങള്‍ മാത്രമുള്ള ഞങ്ങളുടെ നാട്ടുകാരനായ C I അന്വേഷണ ചുമതല സ്വയം ഏറ്റെടുത്ത് നാട്ടിലെ അറിയപ്പെടുന്ന എല്ലാ കള്ളന്മാരെയും തൂക്കി അകത്താക്കി ചോദ്യം ചെയ്തിട്ടും തുമ്പൊന്നും കിട്ടിയില്ല. ഒടുവില്‍ അയല്‍ നാടുകളിലെ കള്ളന്മാരും പിന്നെ കണ്ടാല്‍ അറിയാത്തവരും ഒക്കെ കഴിഞ്ഞിട്ടും കട്ടവനെ മാത്രം കിട്ടിയില്ല.

ഞങ്ങളുടെ പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയതിനാല്‍ പോലീസിന് ഇരിക്കാനും വയ്യ നില്‍ക്കാനും വയ്യാത്ത അവസ്ഥയും. ഇതിനിടയില്‍ ഞങ്ങളുടെ വക പോലീസിന് അന്ത്യശാസനവും കിട്ടി. രണ്ടു നാളിനുള്ളില്‍ കള്ളനെ പിടിച്ചില്ലെങ്കില്‍ കേസ്‌ മുകളിലേക്ക് വിടും. ചിലര്‍ C B I യേവരെ വിളിപ്പിക്കും എന്നും പറഞ്ഞു നിര്‍ത്തി.

ഒരു ആരവം കേട്ടാണ്‌ ഞങ്ങള്‍ പിറ്റേന്ന് ഉണര്‍ന്നത്. നോക്കുമ്പോള്‍ അടുത്ത വീട്ടിലേക്കു പോലീസ് കള്ളനെയും കൊണ്ട് അന്വേഷണത്തിനു വന്നിരിക്കുന്നു. കണ്ടപാതി എണീറ്റ്‌ ഓടിച്ചെന്നു. വിവരമറിഞ്ഞ് അപ്പോഴേക്കും ഒരുപാടുപേര്‍ തടിച്ചുകൂടാന്‍ തുടങ്ങിയിരുന്നു. പോലീസ് നന്നേ പണിപ്പെട്ടു എല്ലാവരെയും ഒതുക്കി അവരുടെ തെളിവെടുപ്പ് തുടങ്ങി. ഇവിടുത്തെ മോഷണം മാത്രമല്ല മറ്റു 12 മോഷങ്ങള്‍ കൂടി കള്ളന്‍ സമ്മതിച്ചുവെന്നും, തൊണ്ടിമുതലില്‍ മുക്കാലും കിട്ടിക്കഴിഞ്ഞു എന്നും പോലീസ് പറഞ്ഞു. കള്ളനെ കാണാന്‍ എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുകയാണ്. ജീപ്പ് മൂടിയിട്ട് പോലീസുകാര്‍ കാവല്‍ നിന്നിരുന്നതിനാല്‍ ആര്‍ക്കും അടുത്ത് ചെല്ലാന്‍ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ ആകാക്ഷക്ക് അറുതി വരുത്തി ഗമയില്‍ C I തന്നെ കള്ളനെ പുറത്തിറക്കി. ഞങ്ങള്‍ ഒന്നേ നോക്കിയുള്ളൂ അങ്ങോട്ട്‌. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു മന്ദബുദ്ധി ചെറുക്കനെയാണ് അവര്‍ കള്ളനെന്നു പറഞ്ഞു കൊണ്ടുവന്നിരിക്കുന്നത്.

2 comments: