Monday, September 28, 2009

മാതൃ സ്നേഹം ....!!!

മാതൃ സ്നേഹം ....!!!

വെയില്‍ വല്ലാതെ പൊള്ളിക്കുന്ന ഒരു പകല്‍. ഞാന്‍ ഒരു കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു അവിടെ. അവന്‍ പറഞ്ഞ സമയത്താണ് ഞാനവിടെ ചെന്നതെങ്കിലും അവനു മറ്റെന്തോ തിരക്കായതിനാല്‍ സമയത്ത് എത്താനായില്ല. മറ്റെന്തെങ്കിലും ചെയ്യാനുള്ള സമയമില്ലാത്തതിനാല്‍ ഞാന്‍ വെറുതെയിരുന്നു അവിടെ ആ വഴിവക്കില്‍. ചുറ്റും നോക്കിയപ്പോള്‍ കുറച്ചപ്പുറത്ത്‌ നല്ലൊരു മരതണല്‍ കണ്ടു ഞാന്‍ മെല്ലെ അങ്ങോട്ട്‌ നീങ്ങി. അവിടെ കുറച്ചുമാറി മറ്റൊരു മരത്തണലില്‍ നല്ല ഇളനീര്‍ വില്‍ക്കുന്നത് കണ്ടു, അവിടെ പോയി ഒരെണ്ണം വാങ്ങിക്കൊണ്ടുവന്നു കുടിക്കാനും തുടങ്ങി.

ഉച്ച കഴിഞ്ഞിട്ടെ ഉള്ളു. നല്ല ചൂടുണ്ടെങ്കിലും കുറച്ചു കാറ്റുണ്ടായിരുന്നതിനാല്‍ നല്ല സുഖം. ഒരു മയക്കം മെല്ലെ കണ്ണുകളെ തഴുകാനും തുടങ്ങി. കാണാന്‍ മാത്രമുള്ള കാഴ്ചകളൊന്നും അവിടെയുണ്ടായിരുന്നില്ല. വഴിവക്കിലെ പകുതി ഉണങ്ങിയ ചില മരങ്ങളും അലഞ്ഞു തിരിയുന്ന ചില കന്നുകാലികളും കരിഞ്ഞുണങ്ങിയ കുറച്ചു ചെടികളും മാത്രമായിരുന്നു ആ പരിസരത്ത് ആകെ ഉണ്ടായിരുന്നത്.

ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങളില്‍ ചിലത് കുറച്ചു പുറകിലേക്ക് മാറിയുള്ള ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കയറാന്‍ അങ്ങിനെ അത്രയധികം ആരും ഉണ്ടായിരുന്നുമില്ല. സാധാരണയായി ഏതെങ്കിലും പുസ്തകം എപ്പോഴും കയ്യിലുണ്ടാകാറുണ്ട്. അന്ന് പക്ഷെ ആ കൂട്ടുകാരനുമായി അവന്റെ ആവശ്യത്തിനു ഒരിടം വരെ പോകേണ്ടതുകൊണ്ട് ഒന്നും കരുതിയില്ല. അതുകൊണ്ട് തന്നെ മെല്ലെ ഒരു മയക്കത്തിന്റെ ആലസ്യത്തില്‍ ഞാന്‍ അലിയാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ആരോ വിളിക്കുന്നതായി തോന്നിയത്. ഉണര്‍ന്നു നോക്കുമ്പോള്‍ വളരെ വയസ്സായ ഒരു അമ്മൂമ്മ മുന്നില്‍. വല്ലതും കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നില്‍ക്കുന്നു. വളരെ കുലീനയായി വസ്ത്രം ധരിച്ച ഒരു നല്ല അമ്മൂമ്മ. കണ്ടപ്പോള്‍ എനിക്കെന്റെ അമ്മൂമ്മയെയാണ് ഓര്‍മ്മ വന്നത്. ഭംഗിയുള്ള മുഖവും മുഴുവനായും നരച്ച മുടിയുമായി ഒരു സുന്ദരി അമ്മൂമ്മ.

കയ്യില്‍ തടഞ്ഞത് അത്രയും ഞാന്‍ ആ അമ്മൂമ്മയ്ക്ക്‌ കൊടുത്തു. അമ്മൂമ്മ വിശ്വാസം വരാതെ എന്നെ ഒന്നുകൂടി നോക്കി സന്തോഷത്തോടെ അടുത്ത് തന്നെ മാറി ഇരിപ്പുറപ്പിച്ചു. പിന്നെ കയ്യിലെ അതുവരെയുള്ള സമ്പാദ്യവും മറ്റു വസ്തുക്കളും കണക്കു കൂട്ടാന്‍ തുടങ്ങി. അന്നത്തെ സമ്പാദ്യം മോശമല്ലാതതിനാല്‍ അമ്മൂമ്മ വളരെ സന്തോഷവതിയായിരുന്നു. പിന്നെ മറ്റു വസ്തുക്കളും. അമ്മൂമ്മ എല്ലാം ഭംഗിയായി ഒതുക്കിവെച്ചു, മടിയിലെ മുറുക്കാന്‍ പൊതിയഴിച്ചു മുറുക്കാന്‍ തുടങ്ങി. ഞാന്‍ അമ്മൂമ്മയെ തന്നെയാണ് നോക്കിയിരിക്കുന്നത് എന്ന് കണ്ട് അമ്മൂമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറുക്കാന്‍ വേണോ എന്ന് ചോദിച്ചു. ശീലമില്ലെന്കിലും, അമ്മൂമ്മയോട് എന്തോ ഒരിഷ്ട്ടം തോന്നി ഞാന്‍ മെല്ലെ അടുത്തെത്തി. അമ്മൂമ്മ തന്നെ എനിക്കുള്ള മുറുക്കാന്‍ ശരിയ്യാക്കി തരുന്നതിനിടയില്‍ ഞാന്‍ മെല്ലെ അമ്മൂമ്മയുടെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ഒരുതരം നിര്‍വ്വികാരതയോടെ അമ്മൂമ്മ പറയാന്‍ തുടങ്ങി. ആകെ ഒരൊറ്റ മകന്‍. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അവര്‍ തന്നെ പണിയെടുതാണ് അവനെ പഠിപ്പിച്ചത്. മകന്‍ പഠിച്ചു നല്ല നിലയിലെത്തി ജോലി കിട്ടി, കല്ല്യാണം കഴിച്ചു കുട്ടികളും ആയപ്പോള്‍ സാധാരണ പോലെ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. അങ്ങിനെ അമ്മൂമ്മയിപ്പോള്‍ ഒരു അഗതി മന്ദിരത്തിലാണ് താമസം. പക്ഷെ എന്നെ അതിശയിപ്പിച്ചത് അതല്ല. ഒരിക്കലും തിരിഞ്ഞു നോക്കാത്ത ആ മകനെയും കുട്ടികളെയും കാണാന്‍ അമ്മൂമ്മ എല്ലാ മാസവും അവരുടെ അടുത്ത് പോകും. ആ ഒരു രാത്രിപോലും അവിടെ നില്‍ക്കാന്‍ പറയാത്ത അവരുടെ കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി. അതിനായാണ് അവര്‍ പിച്ചയെടുക്കുന്നത്. ഞാന്‍ ആ അമ്മൂമ്മയെ പ്രണമിച്ചു പോയി. അവരുടെ നിഷ്കാമമായ മാതൃസ്നേഹതിനുമുന്നിലും.

5 comments:

  1. i had a smilar experience a few months bak

    ReplyDelete
  2. കണ്ണു നനയിപ്പിച്ചു ആ അമ്മയുടെ അവസ്ഥ ഓര്‍ത്തപ്പോള്‍..

    ReplyDelete
  3. I met her last time, when I was there in the Orphanage. Its so sad, but she is happy there.

    ReplyDelete
  4. ........... mizhineer thuli njan thudache kondirikugayayirunnu.....

    ReplyDelete